Flash News

പകര്‍ച്ചപ്പനി: മന്ത്രിസഭാ യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ്



തിരുവന്തപുരം: പകര്‍ച്ചപ്പനിക്കെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗവും ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗവും അടിയന്തരമായി വിളിക്കണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും മറ്റു മുന്നൊരുക്കങ്ങളും നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ആശുപത്രികളില്‍ മതിയായ ഡോക്ടര്‍മാരോ മരുന്നോ കിടത്തിച്ചികില്‍സിക്കാനുള്ള സൗകര്യങ്ങളുമില്ല. വസ്തുത ഇതാണെങ്കിലും ഇതിനെല്ലാം കടകവിരുദ്ധമായാണ് സര്‍ക്കാരിന്റെയും ആരോഗ്യമന്ത്രിയുടെയും വാദം. പനി ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം അടിയന്തരമായി വിതരണം ചെയ്യണം. പനി ബാധിച്ച് മരണമടഞ്ഞവരില്‍ പലരും വാര്‍ധക്യം ബാധിച്ചാണെന്നു പറഞ്ഞ് ലളിതവല്‍ക്കരിക്കാനുള്ള ആരോഗ്യമന്ത്രിയുടെ ശ്രമം ലജ്ജാകരമാണെന്നും ഹസന്‍ പറഞ്ഞു. സംസ്ഥാനത്ത് പനി വ്യാപകമാകുന്നത് തടയാനുള്ള സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ മുഴുവന്‍ പാര്‍ട്ടി ഘടകങ്ങളും അനുഭാവികളും സജീവമായി രംഗത്തിറങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പനി വ്യാപിക്കുന്നതു തടയാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും ആരോഗ്യപ്രവര്‍ത്തകരെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയും തദ്ദേശ സ്ഥാപനങ്ങളെയും ബന്ധപ്പെട്ട് വ്യാപകമായ ബോധവല്‍ക്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ പാര്‍ട്ടി ഘടകങ്ങളും ബഹുജനസംഘടനകളും തയ്യാറാവണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it