Articles

ന്യൂനപക്ഷങ്ങളും ഇടതു ഭരണവും

പി  ഖാദര്‍കുട്ടി
ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്നത് കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്വാധീനമുള്ളിടത്തു മാത്രമാണെന്നും കമ്മ്യൂണിസ്റ്റുകള്‍ ഉള്ള കാലത്തോളം ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും ആശങ്ക വേണ്ടെന്നും നിരന്തരം പ്രസംഗിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്ഥിരം പരിപാടിയാണ്. ഇത്തരം പ്രചാരണങ്ങളില്‍ പലപ്പോഴും ന്യൂനപക്ഷങ്ങളും ദലിതുകളും കുടുങ്ങാറുമുണ്ട്.
പ്രമുഖ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായ സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന സമ്മേളനങ്ങളോടെ ബ്രാഞ്ച് മുതല്‍ സംസ്ഥാനതലം വരെയുള്ള പുതിയ കമ്മിറ്റികള്‍ നിലവില്‍ വന്നുകഴിഞ്ഞു. ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും കൂടുതല്‍ കേഡര്‍മാരെ സൃഷ്ടിക്കുമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നു. ഇരുപാര്‍ട്ടികളും ന്യൂനപക്ഷങ്ങള്‍ക്ക്- വിശേഷിച്ചും ജനസംഖ്യയില്‍ 26.5 ശതമാനമുള്ള മുസ്‌ലിംകള്‍ക്ക്- ബ്രാഞ്ച്, ലോക്കല്‍, ഏരിയ, ജില്ല, സംസ്ഥാന കമ്മിറ്റികളില്‍ നാമമാത്രമായ പ്രാതിനിധ്യം മാത്രമേ നല്‍കിയിട്ടുള്ളൂ. ജനസംഖ്യയില്‍ 11.5 ശതമാനം മാത്രമുള്ള ഒരു സമുദായത്തിനാണ് 60 ശതമാനത്തിലേറെ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. ഇരു പാര്‍ട്ടികളുടെയും ജില്ലാ കമ്മിറ്റികളില്‍ ദലിത്-മുസ്‌ലിം സമുദായങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം തുച്ഛം.
115 അംഗ സിപിഐയുടെ സംസ്ഥാന കമ്മിറ്റിയില്‍ മുസ്‌ലിംകള്‍ മൂന്നും ദലിതുകള്‍ നാലും പേര്‍ മാത്രം. 119 അംഗ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ മുസ്‌ലിംകള്‍ അഞ്ചു പേരും ദലിതുകള്‍ നാലു പേരും മാത്രം. ജനസംഖ്യയില്‍ 64.5 ശതമാനമുള്ള (ഈഴവര്‍ ഒഴികെ) ന്യൂനപക്ഷ-പിന്നാക്ക-ദലിതുകള്‍ക്ക് (മുസ്‌ലിം 26.5 ശതമാനം, ദലിത് 10.5 ശതമാനം, ക്രിസ്ത്യന്‍ 19.5 ശതമാനം, പിന്നാക്ക ഹിന്ദു 8 ശതമാനം) 119 അംഗ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രാതിനിധ്യം 16 ശതമാനം. ബാക്കി വരുന്ന 84 ശതമാനം പ്രാതിനിധ്യം 35.5 ശതമാനം വരുന്ന നായര്‍-ഈഴവ-മുന്നാക്ക സമുദായങ്ങള്‍ക്കാണ്. 115 അംഗ സിപിഐ സംസ്ഥാന കമ്മിറ്റിയില്‍ ഈ വിഭാഗങ്ങള്‍ക്ക് 13 ശതമാനം പ്രാതിനിധ്യമേ ഉള്ളൂ. ബാക്കി 87 ശതമാനം ഈഴവര്‍ക്കും മറ്റ് മുന്നാക്ക സമുദായങ്ങള്‍ക്കുമാണ്.
ജനസംഖ്യയില്‍ 35.5 ശതമാനം മാത്രമുള്ള വിഭാഗത്തിലെ പാര്‍ട്ടി നേതൃത്വത്തിലെ 87 ശതമാനം വരുന്ന കൂട്ടര്‍ തീരുമാനിക്കുമ്പോഴാണ് സാമുദായിക സംവരണം സാമ്പത്തികമാവുന്നത്. പിന്‍വാതില്‍ നിയമനങ്ങളിലും കരാര്‍ നിയമനങ്ങളിലും ദിനബത്ത ജോലിക്കാരുടെ നിയമനങ്ങളിലും മുസ്‌ലിം-ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ തീര്‍ത്തും ഒഴിവാക്കപ്പെടുന്നതും ഒപ്പം 153 (എ) വകുപ്പു പ്രകാരം കേസെടുത്ത് ന്യൂനപക്ഷങ്ങളെ ജയിലിലടക്കുന്നതും മുസ്‌ലിംകളെയും ദലിതരെയും വന്‍തോതില്‍ യുഎപിഎ ചുമത്തി ജയിലില്‍ തള്ളുകയും ചെയ്യുന്നതും അതുകൊണ്ടുതന്നെ.
ഇതിന്റെ പരിച്ഛേദമാണ് എസ്എഫ്‌ഐ എന്ന രണ്‍വീര്‍ സേനയുടെ പ്രവര്‍ത്തനം. മുന്നാക്ക സമുദായക്കാരുടെ കോളജുകളില്‍ ആരെ പീഡിപ്പിച്ചാലും എസ്എഫ്‌ഐക്ക് പ്രശ്‌നമില്ല. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ കോളജുകളാണെങ്കില്‍, ഇല്ലാത്ത കുറ്റം കണ്ടെത്തിയോ ബോധപൂര്‍വം കുറ്റമുണ്ടാക്കിയോ കോളജ് തകര്‍ക്കും, കത്തിക്കും. എസ്എഫ്‌ഐക്ക് യൂനിറ്റ് ഉണ്ടാക്കാന്‍ അനുവദിക്കാത്ത എന്‍എസ്എസിന്റെ തിരുവനന്തപുരത്തെ എംജി കോളജില്‍ അവര്‍ക്ക് പരാതിയൊന്നുമില്ല. അവിടെ വിദ്യാര്‍ഥികളെ കെട്ടിത്തൂക്കിയിട്ട് എബിവിപിക്കാര്‍ മര്‍ദിക്കുന്നത് പതിവാണ്. എന്നാലും എസ്എഫ്‌ഐക്ക് പരാതിയില്ല. ലക്ഷ്മി നായരുടെ കോളജില്‍ ആരെ പീഡിപ്പിച്ചാലും അവര്‍ കണ്ടതായി നടിക്കില്ല.
മറിച്ച് എസ്എന്‍ കോളജുകള്‍, ചില ക്രിസ്ത്യന്‍ കോളജുകള്‍, മുസ്‌ലിം കോളജുകള്‍ എന്നിവിടങ്ങളില്‍ ചെറിയ പ്രശ്‌നമുണ്ടായാല്‍ പ്രക്ഷോഭം തുടങ്ങാനും സ്ഥാപനം തകര്‍ക്കാനും എസ്എഫ്‌ഐക്ക് വലിയ ഉല്‍സാഹമാണ്. പൊന്നാനി അസ്മാബി കോളജിലും എറണാകുളം മഹാരാജാസ് കോളജിലും എസ്എഫ്‌ഐ ആക്രമണത്തെ ഭയന്ന് ഹൈക്കോടതി ഉത്തരവിന്റെ ബലത്തില്‍ പോലിസ് സെക്യൂരിറ്റിയിലാണ് മുസ്‌ലിം-ദലിത് വിദ്യാര്‍ഥികള്‍ പഠിക്കാനെത്തുന്നത്. എറണാകുളം മഹാരാജാസ് കോളജില്‍ ദലിത് സമുദായത്തില്‍പ്പെട്ട വനിതയായ പ്രിന്‍സിപ്പലിനെ പല പ്രാവശ്യം ദ്രോഹിച്ചു, ആക്രമിക്കാന്‍ ശ്രമിച്ചു. അവരുടെ കസേര കത്തിക്കുകയും ഇരിക്കപ്പിണ്ഡം വയ്ക്കുകയും ചെയ്തു.
അട്ടപ്പാടിക്കാരനായ ആദിവാസി യുവാവിന് ഇംഗ്ലണ്ടില്‍ പഠിക്കാന്‍ ഫെലോഷിപ്പ് തരപ്പെട്ടപ്പോള്‍ ആ വിദ്യാര്‍ഥിയുടെ യാത്ര രണ്ടു പ്രാവശ്യം എസ്എഫ്‌ഐ മുടക്കി. തുടര്‍ന്ന് മൂന്നാം പ്രാവശ്യം എല്ലാം ശരിയായപ്പോള്‍ കൊല്ലാന്‍ ശ്രമിച്ചു. നിരാലംബനായ ആ ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിക്കുകയാണ് എസ്എഫ്‌ഐ ചെയ്തത്. മേത്തന്മാരോട് കൂട്ടുകൂടുന്നുവെന്നു പറഞ്ഞാണ് മര്‍ദിച്ചത്.
വടക്കേ ഇന്ത്യയില്‍ മുസ്‌ലിംകളെ ആരെങ്കിലും ഉപദ്രവിച്ചാല്‍ ഇവിടെ പ്രതിഷേധം സംഘടിപ്പിക്കുന്നവരാണ് സിപിഎമ്മുകാര്‍. ഇറച്ചി സൂക്ഷിച്ചതിന്റെ പേരില്‍ വയോധികനായ മുസ്‌ലിമിനെ യുപിയില്‍ സംഘപരിവാരം തല്ലിക്കൊന്നപ്പോള്‍ അതില്‍ പ്രതിഷേധിച്ച് ബീഫ് ഫെസ്റ്റ് നടത്തിയവരാണിവര്‍. മുസ്‌ലിംകളുടെ കടയില്‍ നിന്നു ബലമായി ഇറച്ചി പിടിച്ചെടുത്ത് മുസ്‌ലിം പള്ളികള്‍ക്കു സമീപം പാചകം ചെയ്ത് കഴിച്ചാണ് ബീഫ് ഫെസ്റ്റ് ആഘോഷിച്ചത്.
തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് എന്ന എസ്എഫ്‌ഐയുടെ കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ വച്ച്, അന്ധനായ മുസ്‌ലിം യുവാവിനെ സഹായിച്ചതിന് ദലിത് യുവാവിനെയും അന്ധനായ മുസ്‌ലിം യുവാവിനെയും മര്‍ദിച്ച് മതേതര പ്രതിബദ്ധത വിളംബരം ചെയ്തവരാണ് ഇക്കൂട്ടര്‍.
കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മതേതര പാര്‍ട്ടികളായ സിപിഎമ്മും സിപിഐയും ആകെയുള്ള 266 സീറ്റുകളില്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചത് 16 സീറ്റുകളിലാണ് (സിപിഎം 14, സിപിഐ 2). ജനസംഖ്യയില്‍ 11.5 ശതമാനമുള്ള ഒരു സമുദായത്തില്‍ നിന്നു 127 സ്ഥാനാര്‍ഥികളെയാണ് ഈ പാര്‍ട്ടികള്‍ മല്‍സരിപ്പിച്ചത്. വികസനമെല്ലാം ചില പ്രത്യേക മേഖലകളില്‍ പരിമിതപ്പെടുത്താനും ചില മേഖലകളെ പ്രാകൃതമായി നിലനിര്‍ത്താനും ഈ പാര്‍ട്ടികള്‍ ബോധപൂര്‍വം ശ്രമിക്കാറുമുണ്ട്. ഇതാണ് ഇവര്‍ ബംഗാളില്‍ പ്രയോഗിച്ച്, ദരിദ്രരെ സൃഷ്ടിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയത്. സിപിഐ ഒരിക്കലും മുസ്‌ലിംകളെ പിഎസ് സി പദവിയിലോ കെ ഇ ഇസ്മയില്‍ ഒഴികെ ആരെയും രാജ്യസഭയിലോ മന്ത്രിസഭയിലോ പരിഗണിക്കാറില്ല. സിപിഎം നാളിതുവരെ കേരളത്തില്‍ മുസ്‌ലിംകളെ രാജ്യസഭയിലേക്ക് പരിഗണിച്ചിട്ടില്ല.
നാദാപുരം, വാണിമേല്‍, കുറ്റിയാടി മേഖലകളില്‍ സിപിഎം അതിക്രമങ്ങള്‍ കാരണം മുസ്‌ലിംകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വാക്കുതര്‍ക്കത്തിനിടയില്‍ വ്യക്തികള്‍ തമ്മില്‍ ഉണ്ടായ കൈയാങ്കളിയില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍, പ്രതികാരമായി 300ല്‍പരം മുസ്‌ലിം വീടുകള്‍ സിപിഎമ്മുകാര്‍ കത്തിച്ചു. വന്‍തോതില്‍ കവര്‍ച്ചയും കൊള്ളയും നടത്തി. 1000ലേറെ വാഹനങ്ങള്‍ തകര്‍ത്തു. മുസ്‌ലിംകളുടെ കൃഷിവിളകള്‍ നശിപ്പിച്ചു. നിരവധി വീടുകള്‍ വാസയോഗ്യമല്ലാതാക്കി.
സംഘപരിവാരക്കാര്‍ പോലും ചെയ്യാന്‍ അറയ്ക്കുന്ന കൊടുംപാതകങ്ങളാണ് സിപിഎം ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. സിപിഎം പതിറ്റാണ്ടുകളായി ചെയ്തുകൂട്ടുന്ന ഈ കൊള്ള പുറംലോകം ചര്‍ച്ച ചെയ്യാതിരിക്കാന്‍ കാരണം കുഞ്ഞാലിക്കുട്ടി-പിണറായി കൂട്ടുകെട്ടാണ്. ഈ ബന്ധങ്ങള്‍ തളിരിട്ടുനില്‍ക്കാന്‍ മുസ്‌ലിംലീഗ് ഒരു സമുദായത്തെത്തന്നെ കുരുതികൊടുക്കുകയാണ്.
ദേവസ്വം ബോര്‍ഡില്‍ 85 ശതമാനം പ്രാതിനിധ്യമുള്ള മുന്നാക്ക സമുദായക്കാര്‍ക്ക് വീണ്ടും 10 ശതമാനം സംവരണം കൂടി അനുവദിക്കാന്‍ തയ്യാറായതും സാമ്പത്തിക സംവരണം കെഎഎസ് വഴി നടപ്പാക്കാന്‍ തീരുമാനിച്ചതും വടയമ്പാടിയില്‍ പൊതുമുതല്‍ എന്‍എസ്എസിന് എഴുതി നല്‍കിയതും ദലിതന് സാമൂഹിക ജീവിതം നിഷേധിച്ചതും സംസ്ഥാനത്താകമാനം ദലിതരെ പീഡിപ്പിക്കുന്നതും സിപിഎം ഈ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമാണ്. ഈഴവ-ദലിത്-പിന്നാക്ക വിഭാഗങ്ങളെ ബിജെപിക്ക് എറിഞ്ഞുകൊടുത്ത് കേരളത്തെ ബിജെപിക്ക് കൈമാറാന്‍ തീരുമാനിച്ച കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.                      ി
Next Story

RELATED STORIES

Share it