malappuram local

ന്യൂക്കട്ട് ടൂറിസം പദ്ധതി: സര്‍വേ തുടങ്ങി

തിരൂരങ്ങാടി: പാലത്തിങ്ങല്‍ കീരനല്ലൂര്‍ ന്യൂക്കട്ട് ടൂറിസം പദ്ധതിയുടെ ഭൂമിയില്‍ സര്‍വേ തുടങ്ങി. റവന്യൂ, ഇറിഗേഷന്‍, ടൂറിസം വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ ഇന്നലെ സംയുക്തമായി സര്‍വേ ആരംഭിച്ചു.
പദ്ധതിക്കായി ന്യൂക്കട്ട് പ്രദേശത്ത് ഇറിഗേഷന്‍ വകുപ്പിന്റെ 32.76 സെന്റ് ഭൂമിയാണു വേണ്ടത്. ഇതില്‍ 22 സെന്റ് ഭൂമിയുടെ സര്‍വേയാണ് ഇന്നലെ പൂര്‍ത്തിയാക്കിയത്. ബാക്കി  ഭാഗത്ത് കുറ്റിക്കാടുകളുള്ളതിനാല്‍ ഇവ വെട്ടിമാറ്റിയ ശേഷം സര്‍വേ പൂര്‍ത്തിയാക്കും.
പദ്ധതിക്ക് ആവശ്യമായ ഭൂമി വിട്ട് നല്‍കി കൊണ്ട് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ ഭൂമി കൈമാറ്റവും മറ്റും നടന്നിരുന്നില്ല.  ഇതോടെ പദ്ധതി അവതാളത്തിലായിരുന്നു.  ഈ സാഹചര്യത്തില്‍ പി കെ അബ്ദുറബ്ബ് നടത്തിയ  ഇടപെടലിനെ തുടര്‍ന്നാണ് പദ്ധതിക്ക് പുതുജീവന്‍ വച്ചത്.
പദ്ധതി പ്രകാരം ആദ്യഘട്ടമെന്ന നിലയില്‍ കനാല്‍ ആഴം കൂട്ടല്‍, പാര്‍ശ്വ ഭിത്തി നിര്‍മാണം, സഞ്ചാരികള്‍ക്കായി കനാലിന്റെ ഇരുഭാഗങ്ങളിലുമായി 700 മീറ്ററോളം നീളത്തിലും 10 അടി വീതിയിലുമായി കൈവരിയോട് കൂടിയ പുഴയോര നടപ്പാത, ഇരിപ്പിടം, ബോട്ട് സവാരി, ഗാര്‍ഡനിങ് സൗകര്യങ്ങള്‍, കുട്ടികളുടെ പാര്‍ക്ക്, ടോയ്‌ലറ്റ് എന്നിവയാണ് ഒരുക്കുന്നത്. ഇതിനായി 1.17 കോടി രൂപയുടെ നിര്‍മാണ നടപടികള്‍ പൂര്‍ത്തിയാകുകയും എഫ്‌ഐടിയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പ്രവൃത്തി ഉടന്‍ ആരംഭിക്കാനാകുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.  തിരൂരങ്ങാടി അഡിഷനല്‍ തഹസീല്‍ദാര്‍ പി എ ലത, ഡെപ്യൂട്ടി തലസീല്‍ദാര്‍ പി വി ദീപ, താലൂക്ക് സര്‍വെയര്‍ നാരായണന്‍ കുട്ടി, ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി മോഹനന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ പി അശോഖ് കുമാര്‍, ടൂറിസം വകുപ്പ്  ഉദ്യോഗസ്ഥരായ രാജേഷ്, രാജേഷ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it