നോമ്പ് തുറക്കാന്‍ മലബാര്‍ പലഹാരങ്ങളുടെ രുചിപ്പെരുമയും



ഫൈസല്‍ ചൊറുക്കള

കൊച്ചി: പുണ്യമാസമായ റമദാനില്‍ നോമ്പുതുറ വിഭവങ്ങള്‍ തേടി കടയിലെത്തുന്നവരുടെ എണ്ണം ദിവസംതോറും കൂടുകയാണ്. എണ്ണയില്‍ പൊരിച്ചെടുത്ത കൊതിയൂറും പലഹാരങ്ങള്‍ക്ക് ആവശ്യക്കാര്‍ അധികമായതോടെ നോമ്പുതുറ വിഭവങ്ങള്‍ക്കു മാത്രമായുള്ള കടകള്‍ക്കും ക്ഷാമമില്ല. കൊച്ചിയില്‍ കറുകപ്പള്ളിയിലാണ് നോമ്പുതുറ വിഭവങ്ങള്‍ ഏറെ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ മഗ്‌രിബിനോട് അടുക്കുമ്പോള്‍ കടകളില്‍ പതിവില്‍ കൂടുതല്‍ ആളുകളെത്തുന്നു. ഓരോ ദിവസവും പിന്നിടുമ്പോഴും നോമ്പ് തുറക്കുവാന്‍ വ്യത്യസ്ത വിഭവങ്ങള്‍ വേണമെന്നാണു വിശ്വാസികളുടെ ആഗ്രഹം. പ്രഭാതം മുതല്‍ പ്രദോഷംവരെ ജലപാനമുപേക്ഷിച്ച് കഠിന വ്രതമനുഷ്ഠിക്കുന്ന ഓരോ വിശ്വാസിയും തനിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഒരുക്കി വച്ചിട്ടാവും ബാങ്കുവിളിക്കു കാതോര്‍ക്കുന്നത്. മലബാറില്‍ നിന്നു വിരുന്നെത്തിയ വ്യത്യസ്തമായ പലഹാരങ്ങള്‍ക്കാണ് ആവശ്യക്കാരേറെ. കോഴിക്കാല്‍, ഉന്നക്കായ, സമൂസ, ഈത്തപഴംപൊരി, കായിപോള, ഇറച്ചിപ്പത്തിരി എന്നിങ്ങനെ നീളും അവ. ഇതില്‍ ആവശ്യക്കാര്‍ ഏറിവരുന്നത് കോഴിക്കാലിനാണ്. പേരില്‍ കോഴിയുണ്ടെങ്കിലും സംഭവം വെജിറ്റേറിയനാണ്. കപ്പകൊണ്ട് ഉണ്ടാക്കുന്ന വിഭവത്തിന്റെ രൂപഭംഗിയാലാണു കോഴിക്കാലെന്ന പേര് നല്‍കിയത്. കണ്ണൂരില്‍ നിന്നെത്തിയ ഈ ഐറ്റം കൊച്ചിക്കാര്‍ക്ക് പ്രിയപ്പെട്ടതാണെന്ന് ഹോട്ടല്‍ നടത്തുന്ന തലശ്ശേരി സ്വദേശി കബീര്‍ പറഞ്ഞു. ഒരു പീസിന് 10 രൂപയാണ് വില. ഇറച്ചിപ്പത്തിരിയാണ് നോമ്പുതുറ വിഭവങ്ങളിലെ വിഐപി. 30 രൂപയാണ് ഒരു ഇറച്ചിപ്പത്തിരിയുടെ വില. ഇറച്ചിപ്പത്തിരിക്കു പുറമേ ഇറച്ചി അട, ഉണ്ടപ്പുട്ട്, മീറ്റ് പഫ്‌സ്, മീന്‍ അട, കല്ലുമ്മക്കായ എന്നിവയാണ് ഇഷ്ട മാംസാഹാരങ്ങള്‍. സമൂസ, ഉന്നക്കായ, ബോണ്ട, ഏലാഞ്ചി, പഴംപൊരി അങ്ങനെ പോവുന്നു വെജിറ്റേറിയന്‍ വിഭവങ്ങള്‍. റമദാനില്‍ വീട്ടില്‍ ഉണ്ടാക്കിയിരുന്ന പലഹാരങ്ങളില്‍ നിന്നു മാറി ഇപ്പോള്‍ റെഡിമെയ്ഡ് വിഭവങ്ങള്‍ക്കാണു പ്രിയമേറുന്നത്. ബീഫ് നിരോധനംമൂലം മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ബീഫ് വിഭവങ്ങള്‍ക്കു ക്ഷാമം നേരിടുന്നതു കച്ചവടത്തെ ബാധിക്കുന്നുണ്ടെന്ന്  വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it