Flash News

നോട്ടു നിരോധന വാര്‍ഷിക ദിനം : ആര്‍ബിഐക്ക് മുന്നില്‍ പ്രതിഷേധ കൊടുങ്കാറ്റ്



കൊച്ചി: നോട്ടു നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ എറണാകുളത്തെ റിസര്‍വ് ബാങ്ക് ഓഫിസിനു മുന്നില്‍ വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ കൊടുങ്കാറ്റ്. കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിലെ ഘടകകക്ഷിയായ ശിവസേന പ്രതീകാത്മകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശവമഞ്ചവും വഹിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.കോണ്‍ഗ്രസ്, എല്‍ഡിഎഫ്, എസ്ഡിപി ഐ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റിസര്‍വ് ബാങ്കിനു മുന്നില്‍ ഇന്നലെ പ്രതിഷേധം നടന്നത്. എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പ്രത്യേകം പന്തലുകെട്ടി രാവിലെ 10 മുതല്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫും യുഡിഎഫും ശിവസേനയും റിസര്‍വ് ബാങ്കിനു മുന്നിലേക്ക് മാര്‍ച്ചു നടത്തി.എസ്ഡിപിഐയുടെ നേതൃത്വത്തിലായിരുന്നു ആദ്യം പ്രതിഷേധ പരിപാടി ആരംഭിച്ചത്. തുടര്‍ന്ന് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കലൂരില്‍ നിന്നും റിസര്‍വ് ബാങ്കിനു മുന്നിലേക്ക് പ്രകടനമായി എത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നോട്ട് നിരോധനവും ജിഎസ്ടിയും ജനജീവിതത്തെ തകര്‍ത്തുവെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിലൂടെ രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥയാണ് നരേന്ദ്ര മോദി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടി സി സഞ്ജിത് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, പി എന്‍ സീനുലാല്‍, ടി പി അബ്ദുല്‍ അസീസ്, വി കെ മുരളീധരന്‍ അഡ്വ. വര്‍ഗീസ് മൂലന്‍  സംസാരിച്ചു.ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കരിദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രകടനവും പ്രതിഷേധ യോഗവും കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ലു തകര്‍ത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി നാറാണത്തു ഭ്രാന്തനു തുല്യനാണെന്ന് എം എം ഹസന്‍ പറഞ്ഞു.  ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി ജെ വിനോദ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ജനപ്രതിനിധികളടക്കം നിരവധി പേര്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it