World

നേപ്പാളിന് ചൈന തുറമുഖങ്ങള്‍ തുറന്നുകൊടുത്തു

കാഠ്മണ്ഡു: നേപ്പാളിന് ചരക്ക് കൈമാറ്റത്തിനായി ചൈനയുടെ തുറമുഖങ്ങള്‍ തുറന്നുകൊടുത്തുകൊണ്ടുള്ള ഗതാഗതക്കരാറില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തി. നിലവില്‍ ഇന്ത്യന്‍ തുറമുഖങ്ങളെയാണ് നേപ്പാള്‍ ചരക്കുനീക്കത്തിനായും ഗതാഗതത്തിനായും ആശ്രയിക്കുന്നത്. ഈ മേഖലയില്‍ ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കുണ്ടായിരുന്ന കുത്തക നഷ്ടമാക്കുന്നതാണ് നേപ്പാളിന്റെ തീരുമാനം. വ്യാഴാഴ്ച രാത്രി നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഗതാഗതക്കരാറില്‍ നേപ്പാളും ചൈനയും ധാരണയിലെത്തിയത്. 2016 മാര്‍ച്ചില്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഒലിയുടെ ചൈന സന്ദര്‍ശനത്തിനിടെ കരാറിന്റെ കരട് ഇരുരാജ്യങ്ങളും അംഗീകരിച്ചിരുന്നു. 2015ലും 2016ലും ഇന്ത്യന്‍ അതിര്‍ത്തി കടക്കുന്നതിനു തടസ്സം നേരിട്ടതോടെയാണ് നേപ്പാള്‍ സര്‍ക്കാര്‍ ചൈനയുടെ സഹായം അഭ്യര്‍ഥിച്ചത്. ചൈനയുടെ ടിയാന്‍ജിന്‍, ഷെന്‍സെന്‍, ലിയാങ്യാങ്, ഷാന്‍സിയാങ് അടക്കമുള്ള തുറമുഖങ്ങള്‍ നേപ്പാളിന് ഉപയോഗിക്കാന്‍ കരാര്‍ അനുമതി നല്‍കുന്നു. തുറമുഖങ്ങളുമായി ബന്ധപ്പെടുത്തിയ ഉള്‍നാടന്‍ സംഭരണ ചരക്കുനീക്ക കേന്ദ്രങ്ങളും (കര തുറമുഖം/ഡ്രൈ പോര്‍ട്ട്) നേപ്പാളിന് ഉപയോഗിക്കാം. ലാന്‍സിന്‍, ലാസ, ഷിഗട്‌സി എന്നിവിടങ്ങളിലെ ചരക്കു നീക്ക കേന്ദ്രങ്ങളാണ് നേപ്പാളിന് ഉപയോഗിക്കാന്‍ സാധിക്കുക.ഇതുവരെ കൊല്‍ക്കത്ത തുറമുഖമായിരുന്നു നേപ്പാള്‍ കൂടുതലായി ഉപയോഗിച്ചിരുന്നത്. വിശാഖപട്ടണം ഉപയോഗിക്കുന്നതിനും ഇന്ത്യ അംഗീകാരം നല്‍കിയിരുന്നു. 2015-16 കാലത്ത് ഇന്ത്യയുമായുള്ള ഗതാഗതത്തില്‍ തടസ്സം വന്നപ്പോള്‍ നേപ്പാളില്‍ ഇന്ധനക്ഷാമവും മരുന്ന് ക്ഷാമവും നേരിട്ടിരുന്നു.ഇന്ത്യയുടെ രണ്ടു തുറമുഖങ്ങള്‍ക്കു പുറമെ ചൈനയുടെ തുറമുഖങ്ങളിലേക്കും പ്രവേശനം ലഭിച്ചത് നേപ്പാളിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണെന്നു നേപ്പാള്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥന്‍ രബി ശങ്കര്‍ സിഞ്ജു അഭിപ്രായപ്പെട്ടു. ഇത് നടപ്പാവുന്നതോടെ ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് നേപ്പാളിലേക്കുള്ള ചരക്ക് ഗതാഗതം ചൈനീസ് തുറമുഖങ്ങളിലൂടെയാവുമെന്നും ഇത് സമയവും പണവും ലാഭിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേപ്പാള്‍-ചൈന അതിര്‍ത്തിയിലേക്കും തിരിച്ചും മതിയായ റോഡുകളില്ലാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ചൈനീസ് തുറമുഖങ്ങള്‍ വഴിയുള്ള ഗതാഗതത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നു വ്യാപാരികള്‍ പ്രതികരിച്ചു. എത്രയും പെട്ടെന്ന് ഈ പ്രതിസന്ധി നേപ്പാള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. ചൈനയിലെ ഏറ്റവും അടുത്ത തുറമുഖം തന്നെ നേപ്പാളില്‍ നിന്നും 2000 കിലോമീറ്റര്‍ അകലെയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. മികച്ച റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയില്ലെങ്കില്‍ ചൈനീസ് തുറമുഖങ്ങളുടെ കാര്യമായ പ്രയോജനം ലഭിക്കാനിടയില്ലെന്നും വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. നേപ്പാളിലേക്ക് റോഡുകള്‍ നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങള്‍ ചൈന ആരംഭിച്ചിട്ടുണ്ട്. നേപ്പാളിലേക്ക് റെയില്‍പ്പാത നിര്‍മിക്കാന്‍ ചൈന പദ്ധതി ഇടുന്നതായും വാര്‍ത്തകളുണ്ട്. ഭാവിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ ഉണ്ടാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it