palakkad local

നെല്ലിയാമ്പതി ചുരംപാതയില്‍ വീണ്ടും ഉരുള്‍പൊട്ടി

നെന്മാറ: നെല്ലിയാമ്പതി ചുരം പാതയില്‍ വീണ്ടും ഉരുള്‍പൊട്ടി. പോത്തുണ്ടി നെല്ലിയാമ്പതി റോഡില്‍ മരപ്പാലത്തിന് മുകള്‍ഭാഗത്ത് ചെറുനെല്ലിയിലാണ് ഉരുള്‍പൊട്ടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണി—ക്കാണ് സംഭവം. ചെറുനെല്ലി ഭാഗത്ത് ആഗസ്ത് 16ന് ഉരുള്‍പൊട്ടിയതിന്റെ സമീപത്തായാണ് വീണ്ടും ഉരുള്‍പൊട്ടിയത്.
വന്‍ തോതില്‍ പാറക്കല്ലും മരങ്ങളും മൂന്നൂറ് മീറ്ററോളം ഒലിച്ചിറങ്ങി. ശക്തമായ വെള്ളപ്പാച്ചിലില്‍ കല്ലും മണ്ണും നെല്ലിയാമ്പതി ചുരം പാതയില്‍ അടിഞ്ഞുകൂടിയതിനെ തുടര്‍ന്ന് ഉച്ചവരെ ഗതാഗതം പൂര്‍ണമായും മുടങ്ങി.
നെല്ലിയാമ്പതിയില്‍ നിന്ന് രാവിലെ നെന്മാറയിലേക്ക് വന്ന വാഹനങ്ങള്‍ ഈ ഭാഗത്ത് കുടുങ്ങി. ഇരു ചക്രവാഹനങ്ങള്‍ സാഹസികമായി രണ്ടു പേര്‍ ചേര്‍ന്ന് വീണു കിടക്കുന്ന മരങ്ങള്‍ക്ക് മുകളിലൂടെ കടത്തിയാണ് പലരും നെന്മാറയിലെത്തിയത്. ഉരുള്‍പൊട്ടിയതിന്റെ സമീപത്തായുള്ള ചെറുനെല്ലി ആദിവാസി കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകര്‍ന്നു. ചോലവെള്ളം തടഞ്ഞ് നിര്‍ത്തി പെപ്പ് വഴിയാണ് കോളനിയിലേക്ക് വെള്ളമെത്തിക്കുന്നത്. പൈപ്പ് തകര്‍ന്നതോടെ ജലവിതരണം പൂര്‍ണ്ണമായും മുടങ്ങി.
പൊതു മരാമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് ചുരം പാതയില്‍ അടിഞ്ഞു കൂടിയ പാറക്കല്ലുകളും, മണ്ണും ഭാഗികമായി നീക്കി താല്‍ക്കാലികമായി ചെറുവാഹനങ്ങള്‍ കടന്നുപോകുന്ന രീതിയില്‍ ഗതാഗതം ഉച്ചയോടെ പുനസ്ഥാപിച്ചു.
പൂര്‍ണമായും മണ്ണും, കല്ലും മാറ്റുവാന്‍ മൂന്ന് ദിവസമെടുക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച്ചയായതിനാല്‍ നെല്ലിയാമ്പതിയില്‍ നിന്ന് നൂറിലധികം പേര്‍ വിവിധ സ്ഥലങ്ങളിലേക്ക് പോകാനുള്ളവര്‍ ഇതുമൂലം കുടങ്ങി.
ഞായറാഴ്ച വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിയവരും ഉച്ചയ്ക്ക് ശേഷമാണ് മടങ്ങാന്‍ കഴിഞ്ഞത്. നെല്ലിയാമ്പതിയില്‍ ഞായറാഴ്ച്ച പകലും രാത്രിയിലും ശക്തമായ മഴയായിരുന്നു. ശക്തമായ കാറ്റില്‍ നെല്ലിയാമ്പതിയിലെ ഉള്‍പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങി.
ബി.എസ്.എന്‍.എല്‍ ടവര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഫോണുകളും നിശ്ചലാണ്.കനത്ത മഴയില്‍ നെല്ലിയാമ്പതിയില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ പോത്തുണ്ടി ഡാമിന്റെ ഷട്ടറുകള്‍ നാലര സെന്റീ മീറ്റര്‍ ഉയര്‍ത്തി. നിലയില്‍ 0.75 സെന്റീ മീറ്റര്‍ ഷട്ടര്‍ തുറന്നിരുന്നു. പാത പൂര്‍ണമായി ഗതാഗതയോഗ്യമാകുന്നതുവരെ നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it