Idukki local

നെടുങ്കണ്ടത്ത് കാണാതായ പെറ്റിക്കേസ് ഫയലുകള്‍ കോടതി വളപ്പില്‍

നെടുങ്കണ്ടം: നെടുങ്കണ്ടം കോടതിയില്‍ കാണാതായ പെറ്റിക്കേസ് ഫയലകളില്‍ ചിലത് കോടതി വളപ്പില്‍ നിന്നു കണ്ടെടുത്തു. കീറി നശിപ്പിച്ച നിലയിലാണ് കേസ് ഫയലുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മോത്തം 113 പെറ്റികേസ് ഫയലുകള്‍ കാണാനില്ല എന്നതായിരുന്നു കേസ്.
അറസ്റ്റിലായ വക്കീല്‍ ഗുമസ്തന്‍ മുണ്ടിയെരുമ നടുപ്പറമ്പില്‍ ബിനോയി(42)യെ രണ്ട് ദിവസത്തേക്ക് ഇന്നലെ പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഫയലുകളെക്കുറിച്ച് പോലിസിനു വിവരം ലഭിച്ചത്. പ്രതിയെ ഇന്നലെ കോടതി പരിസരത്ത് എത്തിച്ച് തെളിവെടുത്തു. പ്രതി നശിപ്പിക്കാന്‍ ശ്രമിച്ച പെറ്റിക്കേസ് ഫയലുകളുടെ അവശിഷ്ടം പോലിസ് കോടതിയുടെ ജലസംഭരണിയ്ക്ക് സമീപത്തെ കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്.
കടത്തിയ മറ്റു ഫയലുകള്‍ ഫയലുകള്‍ മുണ്ടിയെരുമയിലെ പ്രതിയുടെ വീട്ടിലെ അടുപ്പിലിട്ട് കത്തിച്ചു കളഞ്ഞതായാണ് പ്രതി പോലിസിന്് നല്‍കിയിരിക്കുന്ന മൊഴി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് നെടുങ്കണ്ടം പോലിസ് അറിയിച്ചു. പ്രതി മോഷ്ടിച്ച ഫയലുകളില്‍ ഏതെങ്കിലും നശിപ്പിക്കാതെ മറ്റെവിടെയെങ്കിലും സുക്ഷിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ പോലിസ്. ഫയലുകള്‍ കടത്തുന്നതിന് മറ്റാരെങ്കിലും ബിനോയിയെ സഹായിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. മദ്യപിച്ച് വാഹനമോടിക്കല്‍, രേഖകളില്ലാതെ വാഹനമോടിക്കല്‍ തുടങ്ങിയ കേസുകളിലെ പ്രതികള്‍ കോടതിയില്‍ ഫൈനടക്കുന്നതിനായി എത്തിയപ്പോള്‍ വിവിധ തവണകളിലായി ഇവരുടെ കയ്യില്‍ നിന്ന് പ്രതി തന്ത്രപരമായി പണം കൈക്കലാക്കുകയും ശേഷം ഈ കേസുകളുമായി ബന്ധപ്പെട്ട ഫയലുകള്‍ കോടതിയില്‍ നിന്നു കടത്തുകയായിരുന്നു.
മൂന്ന് വര്‍ഷത്തിനിടെ പലതവണയായാണ് പെറ്റിക്കേസ് ഫയലുകള്‍ ഗുമസ്ഥന്‍ കടത്തിയത്. കേസില്‍പ്പെട്ടവരുടെ കൈയില്‍ നിന്ന് രണ്ടു ലക്ഷത്തിലധികം രൂപ ഇയാള്‍ തട്ടിയെടുത്തതായാണ് ആരോപണം. ഇതിനിടെ ജാമ്യത്തിനായി പ്രതി നെടുങ്കണ്ടം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും, പരിഗണിച്ചില്ല.
നെടുങ്കണ്ടം കോടതി സ്വമേധയാ എടുത്ത കേസായതിനാല്‍, ജാമ്യാപേക്ഷ നെടുങ്കണ്ടം കോടതി പരിഗണിക്കില്ല. നെടുങ്കണ്ടം കോടതിയിലെ മജിസ്‌ട്രേറ്റ് മുന്‍കൈയെടുത്തായിരുന്നു സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് മജിസ്‌ട്രേറ്റ് ഹൈക്കോടതിയ്ക്ക് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നെടുങ്കണ്ടം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതിക്ക് ജാമ്യാപേക്ഷ സംബന്ധിച്ച് റിപോര്‍ട്ട് തൊടുപുഴ സിജെഎം കോടതിയുടെ പരിഗണനക്കാണ് അയക്കുന്നത് അവിടെനിന്ന് ലഭിക്കുന്ന മറുപടി അനുസരിച്ച് ജില്ലയിലെ മറ്റേതെങ്കിലും മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യത്തിനായി പ്രതിക്ക് അപേക്ഷ നല്‍കാവുന്നതാണെന്ന് കോടതി പ്രതിഭാഗം അഭിഭാഷകനെ അറിയിച്ചു.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നിയമനടപടി പൂര്‍ത്തീകരിക്കാനായി പോലിസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന കാണാതായ പെറ്റികേസ് ഫയലുകളുടെ പകര്‍പ്പ് സ്‌റ്റേഷനുകളില്‍ നിന്നെടുത്ത് പോലിസ് കോടതിയില്‍ ഹാജരാക്കിത്തുടങ്ങി. നെടുങ്കണ്ടം എസ്‌ഐ ഇ കെ സോള്‍ജിമോന്റെ നേതൃത്വത്തില്‍ കേസന്വേഷണം പുരോഗമിക്കുന്നത്.
Next Story

RELATED STORIES

Share it