thrissur local

നൂറോളം മോഷണക്കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്തു

തൃശൂര്‍: നൂറോളം മോഷണക്കേസുകളിലെ പ്രതിയേയും കൂട്ടാളിയേയും അറസ്റ്റു ചെയ്തു. ആലപ്പുഴ കലവൂര്‍ സ്വദേശി എട്ടുകണ്ടം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന നസീര്‍, കോയ, ഷാജി എന്നീ പേരുകളില്‍ അറിയപ്പെടുന്ന സത്താര്‍ബാഷ (48), ചാവക്കാട് അകലാട് സ്വദേശി കുരിക്കലത്ത് വീട്ടില്‍ ഷിഹാബ് (30) എന്നിവരെയാണ് തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലിസ് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അറസ്റ്റു ചെയ്തത്. ഇവരെ അറസ്റ്റു ചെയ്തതറിഞ്ഞ് ഷിഹാബിന്റെ ബന്ധുവും കൂട്ടാളിയുമായ ചാവക്കാട് അകലാട് സ്വദേശി ജിഷു എന്നറിയപ്പെടുന്ന നാലകത്ത് വീട്ടില്‍ നിഷാദിനെ പിടികൂടാന്‍ പൊലിസ് ശ്രമം തുടങ്ങി.
രാത്രി ബൈക്കിലും കാറിലും കറങ്ങി ആളില്ലാത്ത വീടുകളിലും കടകളിലും അമ്പലങ്ങളിലും വാതില്‍പൊളിച്ച് അകത്തു കടന്ന് അലമാരകള്‍ തകര്‍ത്ത് സ്വര്‍ണവും പണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്ന സംഘമാണിവര്‍. ഭവനഭേദന കേസുകളും വാഹനമോഷണ കേസുകളുമടക്കം നൂറോളം കേസുകളിലെ പ്രതിയാണ് സത്താ ര്‍ ബാഷ. 1995ലാണ് ഇയാളെ ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് പല സ്ഥലങ്ങളിലും മോഷണം നടത്തി 2009ല്‍ ജയിലിലടച്ചു. അഞ്ചുവര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കു ശേഷം 2014ല്‍ മോചിതനായി. തുടര്‍ന്ന് 2015ല്‍ മോഷണകേസുകള്‍ക്ക് വീണ്ടും അറസ്റ്റിലായി. സപ്തംബറില്‍ ജാമ്യത്തിലിറങ്ങി.
ഒക്ടോബറില്‍ പൂത്തോളിലെ പാസ്‌പോര്‍ട്ട് ഓഫിസിന് പിന്നിലുള്ള കുഞ്ഞുമുഹമ്മദ് എന്നയാളുടെ വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കടന്ന് മോഷണം നടത്താന്‍ ശ്രമിച്ച കേസിന്റെ അന്വേഷണത്തിലാണ് ഇപ്പോള്‍ പിടിയിലായത്.
2015ല്‍ ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം തൃശൂര്‍ വെസ്റ്റ്, പേരാമംഗലം, വടക്കേക്കാട്, പാവറട്ടി, മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് എന്നീ സ്റ്റേഷന്‍ അതിര്‍ത്തികളില്‍ വീടുകളിലും കടകളിലും അമ്പലങ്ങളിലും അകത്തുകടന്ന് മോഷണം നടത്തിയതായും ബൈക്കുകള്‍ മോഷ്ടിച്ചതായും ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.
വടക്കേക്കാട് പ്രവാസി വ്യവസായിയുടെ വീട്ടില്‍ കവര്‍ച്ച നടന്ന സംഭവത്തിന് രണ്ടാം ദിവസം അകലാട് വെട്ടിക്കാട്ടില്‍ വീട്ടില്‍ മുഹമ്മദലി എന്നയാളുടെ ഡ്യൂട്ടി പെയ്ഡ് ഷോപ്പിലും മാര്‍ജിന്‍ ഫ്രീ ഷോപ്പിലും കവര്‍ച്ച നടത്തി. തുടര്‍ന്ന് സമീപത്തെ വീട്ടിലെ മോട്ടോര്‍ബൈക്കും മോഷ്ടിച്ചിരുന്നു.
Next Story

RELATED STORIES

Share it