Flash News

'നൂതനാശയങ്ങളും ഗവേഷണങ്ങളും വികസനത്തിന് അനിവാര്യം' : കേന്ദ്ര മാനവ വിഭവശേഷി വികസനവകുപ്പ് മന്ത്രി



പെരിയ: വികസിത ഇന്ത്യ യാഥാര്‍ഥ്യമാക്കുന്നതിന് സര്‍വകലാശാലകളില്‍ നിന്ന് നൂതനമായ ആശയങ്ങളും ഗവേഷണങ്ങളും ഉണ്ടാവണമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസനവകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ പറഞ്ഞു. കേരള കേന്ദ്രസര്‍വകലാശാലയുടെ രണ്ടാമത് ബിരുദദാന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സ്ഥായിയായ വികസനത്തിന് പ്രധാന പ്രതിസന്ധി നൂതന ആശയങ്ങളുടെ അഭാവമാണ്. പുതിയ ഗവേഷണങ്ങള്‍ക്കും പുത്തന്‍ ആശയങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. രാജ്യത്തെ 20 സര്‍വകലാശാലകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ കടന്നുവരണം. സര്‍വകലാശാലകളില്‍ നല്ല മനുഷ്യനാവുന്നതിനുള്ള വിദ്യാഭ്യാസമാണ് അടിസ്ഥാനപരമായി നേടേണ്ടത്. ദരിദ്രരായ അനേകായിരങ്ങളുടെ നികുതിപ്പണംകൊണ്ടാണ് ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഓരോ വര്‍ഷവും സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നത്. അതിനാല്‍ ഉന്നത വിദ്യാഭ്യാസം നേടുന്നവര്‍ കര്‍മരംഗത്ത് സാമൂഹിക പ്രതിബദ്ധത ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസര്‍വകലാശാലയോടനുബന്ധിച്ചുള്ള മെഡിക്കല്‍ കോളജ് പെരിയയില്‍ ആരംഭിക്കണമെന്ന പി കരുണാകരന്‍ എംപിയുടെ ആവശ്യം ചര്‍ച്ചചെയ്യുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേകര്‍ യോഗത്തില്‍ പറഞ്ഞു. പെരിയ തേജസ്വിനി ഹില്‍സ് കേന്ദ്ര സര്‍വകലാശാലാ കാംപസിലെ ചന്ദ്രഗിരി ഓപണ്‍ എയര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സര്‍വകലാശാല ചാന്‍സലര്‍ ഡോ. വീരേന്ദ്രലാ ല്‍ ചോപ്ര അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it