kasaragod local

നീലേശ്വരം മന്ദംപുറത്ത് കാവ് കലശച്ചന്ത ഹരിതചട്ട പ്രകാരം

നീലേശ്വരം: പ്രശസ്തമായ നീലേശ്വരം മന്ദംപുറത്ത്കാവ് കലശ മഹോല്‍സവത്തോടനുബന്ധിച്ചുള്ള ചന്ത ഗ്രീന്‍ പ്രോട്ടോകോള്‍ സംവിധാനത്തില്‍ നടത്തുന്നതിന് നഗരസഭ വിളിച്ചുചേര്‍ത്ത ദേവസ്വം പ്രതിനിധികള്‍, പോലിസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവരുടെ യോഗത്തില്‍ തീരുമാനമായി.
ഇതനുസരിച്ച് പ്ലാസ്റ്റിക് കവറുകളും അനുബന്ധ സാധനങ്ങളും ചന്തയില്‍ കര്‍ശനമായി നിയന്ത്രിക്കുവാനും നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ചന്തയിലും പരിസര പ്രദേശങ്ങളിലും ശുചിത്വം കര്‍ശനമായി നിലനിര്‍ത്തുന്നതിനും നടപടിയായി. ചന്തയിലെ കച്ചവടക്കാര്‍ പാഴ് വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ പച്ച തെങ്ങോല കൊണ്ട് മടഞ്ഞെടുത്ത പ്രകൃതിസൗഹൃദ കൂടുകള്‍ നല്‍കും.
ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പ്രഫ. കെ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, മരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി എം സന്ധ്യ, കൗണ്‍സിലര്‍മാരായ പി വി രാധാകൃഷ്ണന്‍, എം വി വനജ, മന്ദംപുറത്ത് കാവ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ എം അരവിന്ദാക്ഷന്‍, ട്രസ്റ്റി എ ഉണ്ണികൃഷ്ണന്‍ നായര്‍, നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി ഉണ്ണികൃഷ്ണന്‍, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ യു അബ്ദുല്‍കരീം, ജെഎച്ച്‌ഐ ടി വി രാജന്‍, താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ശശിധരന്‍, കെ മോഹനന്‍ സംബന്ധിച്ചു.
ചന്തയിലും പരിസരപ്രദേശങ്ങളിലും ഹരിത ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാന്‍ നഗരസഭാ ചെയര്‍മാന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍, ആരോഗ്യ സ്റ്റാന്റിങ്കമ്മിറ്റി ചെയര്‍മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചന്തയും പരിസരപ്രദേശങ്ങളും സന്ദര്‍ശിച്ചു.





Next Story

RELATED STORIES

Share it