Flash News

നീറ്റ്: മലയാളത്തിന്റെ അഭിമാനമായി ഡെറിക് ജോസഫ്‌



സാദിഖ്  ഉളിയില്‍

ഇരിട്ടി (കണ്ണൂര്‍): മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷ (നീറ്റ്) ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ കേരളത്തിന് അഭിമാനമായി ഇരിട്ടി കോളിക്കടവ് പട്ടാരം സ്വദേശി മാമൂട്ടില്‍ ഡെറിക് ജോസഫ്. രാജ്യത്തെ 11 ലക്ഷത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ ആറാം റാങ്കും സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനവും ഈ കൊച്ചുമിടുക്കന്‍ കരസ്ഥമാക്കി. ജിപ്മര്‍, കെവിപിവൈ, എഐഐഎംഎസ് പരീക്ഷകളി ല്‍ ഉന്നത വിജയം കരസ്ഥമാക്കിയതിനു പിന്നാലെയാണ് ഈ നേട്ടം. കേരള ശാസ്ത്ര സാങ്കേതിക വകുപ്പ് ശാസ്ത്രവിഷയങ്ങളില്‍ അഭിരുചിയുള്ള യുവപ്രതിഭകള്‍ക്ക് തുടര്‍പഠനത്തിനായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് ദേശീയതലത്തില്‍ നടത്തുന്ന മല്‍സരപ്പരീക്ഷയായ കിഷോര്‍ വൈജ്ഞാനിക്ക് പ്രോല്‍സാഹന്‍ യോജന(കെവിപിവൈ)യില്‍ ഒന്നാംറാങ്ക് നേടിയപ്പോള്‍ കേരളത്തില്‍നിന്ന് ഈ പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ മലയാളിയെന്ന റെക്കോഡും ഡെറിക്കിന് സ്വന്തം. കുന്നോത്ത് ബെന്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്ന് സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഡെറിക് കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍നിന്ന്് ഹയര്‍ സെക്കന്‍ഡറിയും പൂര്‍ത്തിയാക്കി. പ്രത്യേക പരിശീലന കോഴ്‌സുകള്‍ക്കൊന്നും പോവാതെയാണ് ദേശീയ പരീക്ഷകളെല്ലാം ധൈര്യത്തോടെ നേരിട്ടത്. സഹകരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എം ഡി ജോസഫിന്റെയും പായം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി ലിലിയ മാത്യുവിന്റെയും മകനാണ്. സഹോദരങ്ങള്‍: ഡേവിഡ് ജോസഫ് (എംബിബിഎസ് വിദ്യാര്‍ഥി), ജെറാള്‍ഡ് ജോസഫ് (എന്‍ജിനീയറിങ് വിദ്യാര്‍ഥി).
Next Story

RELATED STORIES

Share it