Flash News

നീറ്റ് പരീക്ഷ റദ്ദാക്കല്‍ : അടിയന്തരവാദം കേള്‍ക്കില്ല



ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള അഖിലേന്ത്യാ പൊതുപ്രവേശനപ്പരീക്ഷ (നീറ്റ്) റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ അടിയന്തരമായി വാദംകേള്‍ക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. ബിഹാറിലും പശ്ചിമ ബംഗാളിലും രാജസ്ഥാനിലും ചോദ്യക്കടലാസ് ചോര്‍ന്നിട്ടുണ്ടെന്നും അതിനാല്‍ പരീക്ഷ റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്നും ചോദ്യക്കടലാസ് ചോര്‍ച്ച സിബിഐ അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിതര സന്നദ്ധ സംഘടനയാണ് സുപ്രിംകോടതിയെ സമീപിച്ചത്. അടുത്തമാസം ഏഴുവരെ ഫലം പ്രസിദ്ധീകരിക്കരുതെന്ന കഴിഞ്ഞ ദിവസത്തെ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എല്‍. നാഗേശ്വര്‍ റാവുവും നവീന്‍ സിന്‍ഹയും ഉള്‍പ്പെട്ട സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് നടപടി. നിങ്ങളുടെ ആവശ്യം ന്യായമാണെങ്കിലും ഫലം പ്രഖ്യാപിക്കുന്നതിന് നിലവില്‍ ഹൈക്കോടതിയുടെ സ്‌റ്റേയുണ്ട്. മറ്റൊരു ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് സ്‌റ്റേയെങ്കിലും ഫലം ഏതായാലും ഉടന്‍ പ്രഖ്യാപിക്കില്ല. അതിനാല്‍, അടുത്തയാഴ്ച നിങ്ങള്‍ ഈയാവശ്യം ഉന്നയിക്കൂ. ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത ചോദ്യപേപ്പറുകളായതിനാല്‍ ചില വിദ്യാര്‍ഥികള്‍ക്കു പരീക്ഷ എളുപ്പവും ചിലര്‍ക്കു ബുദ്ധിമുട്ടുമായെന്നും ചൂണ്ടിക്കാട്ടി തിരുച്ചിറപ്പള്ളി സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ അമ്മ നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് അടുത്തമാസം ഏഴിനു മുമ്പായി ഫലം പ്രസിദ്ധീകരിക്കരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടത്. വിഷയത്തില്‍ അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സില്‍, പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള സിബിഎസ്ഇ, ആരോഗ്യമന്ത്രാലയ സെക്രട്ടറി എന്നിവരോട് അടുത്തമാസം ഏഴിന് മുമ്പ് വിശദീകരണം നല്‍കണമെന്നും കോടതിയാവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it