Flash News

നീറ്റ് പരീക്ഷ : കേരളത്തില്‍ സെന്റര്‍ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമെന്ന്



തിരുവനന്തപുരം: അടുത്തവര്‍ഷം ജനുവരി 7ന് നടക്കുന്ന നീറ്റ് പരീക്ഷ എഴുതാന്‍ അപേക്ഷ നല്‍കിയ ഒബിസി വിദ്യാര്‍ഥികള്‍ക്കു കേരളത്തില്‍ പരീക്ഷാ സെന്റര്‍ അനുവദിക്കാത്തതു ഗുരുതരമായ മനുഷ്യാവകാശ ലംഘനവും ഭരണഘടന അനുവദിച്ച അവകാശങ്ങളെ ചോദ്യംചെയ്യലുമാണെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് അധികൃതര്‍ അടിയന്തരമായി ഇടപെട്ടു പരീക്ഷാര്‍ഥികളുടെ പരാതികള്‍ തൃപ്തികരമായി പരിഹരിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കകം നാഷനല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് റിപോര്‍ട്ട് ഫയല്‍ ചെയ്യണം. ചീഫ് സെക്രട്ടറിയും സംസ്ഥാന പ്രവേശനപ്പരീക്ഷാ കമ്മീഷണറും വിഷയത്തില്‍ ഇടപെട്ടു പരാതികള്‍ പരിഹരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം പൂവാര്‍ സ്വദേശി അഖില്‍ എ സുനില്‍ നല്‍കിയ പരാതിയിലാണു നടപടി.  അഖിലിന്റെ ഭാര്യ നീറ്റ് പരീക്ഷ എഴുതാന്‍ അപേക്ഷ നല്‍കിയിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്കു കൊച്ചിയില്‍ സെ ന്റര്‍ ലഭിക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലഭിച്ചതു തിരുനെല്‍വേലിയാണ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ സെ ന്റര്‍ അനുവദിച്ചപ്പോള്‍ കൊച്ചിയെ ഒഴിവാക്കി. ജനറല്‍ കാറ്റഗറിയിലുള്ള വിദ്യാര്‍ഥികള്‍ക്കു കേരളത്തിനുള്ളില്‍ സെന്റര്‍ ലഭിച്ചപ്പോള്‍ ഒബിസി വിഭാഗത്തിലുള്ളവരില്‍ ഭൂരിഭാഗത്തിനും ലഭിച്ചതു കേരളത്തിനു പുറത്തുള്ള സെന്ററുകളാണ്. ഒബിസി വിഭാഗക്കാര്‍, ജനറല്‍ കാറ്റഗറിയിലുള്ളവര്‍ അടയ്ക്കുന്ന ഫീസ് തന്നെയാണ് അടയ്‌ക്കേണ്ടത്. കേരളത്തില്‍ നിന്ന് 20,000 പേര്‍ നീറ്റ് പിജി പരീക്ഷ എഴുതുന്നുണ്ട്. കേസ് ഡിസംബര്‍ അഞ്ചിനു തിരുവനന്തപുരത്ത് പരിഗണിക്കും.
Next Story

RELATED STORIES

Share it