kannur local

നീറ്റ് പരീക്ഷാര്‍ഥികളും രക്ഷിതാക്കളും രംഗത്ത്‌ ; വസ്ത്രമഴിച്ച് പരിശോധനയ്‌ക്കെതിരേ വ്യാപക പ്രതിഷേധം



കണ്ണൂര്‍: നീറ്റ് പ്രവേശന പരീക്ഷ നടന്ന കണ്ണൂരിലെ ചില സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം ഉള്‍പ്പെടെയുള്ളവ അഴിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ഥി-യുവജന സംഘടനകളും പ്രതിഷേധവുമായെത്തി. സംഭവത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സിബിഎസ്ഇയോട് റിപോര്‍ട്ട് തേടിയിട്ടുണ്ട്. സിബിഎസ്ഇയുടെ ഡല്‍ഹിയിലെ ആസ്ഥാനവും തിരുവനന്തപുരതെ മേഖലാ ഓഫിസം 10 ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് നല്‍കാനാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം.മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ വളപട്ടണം സ്വദേശി കെ മുഹമ്മദ് കുഞ്ഞി മനുഷ്യാവകാശകമ്മീഷനു പരാതിയും നല്‍കിയിട്ടുണ്ട്. ജില്ലാ പോലിസ് മേധാവിയോടും റിപോര്‍ട്ട് തേടിയതായാണു വിവരം. കൂടുതല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതിയുമായെത്തിയിട്ടുണ്ടെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷനെ വിഷയം നേരിട്ട് അറിയിക്കുമെന്നും പി കെ ശ്രീമതി എംപി അറിയിച്ചു. കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള പരിശോധനയില്‍ മാനസികമായി തളര്‍ന്ന വിദ്യാര്‍ഥിനികളാണ് ഇന്നലെ പരാതിയുമായെത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പോസ്‌റ്റോഫിസ് മാര്‍ച്ച് നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റാഷിദ് ഉദ്ഘാടനം ചെയ്തു. പരീക്ഷയെഴുതാനെത്തിയവിദ്യാര്‍ഥികളുടെ അടിവസ്ത്രം വരെ അഴിപ്പിച്ചതും ചുരിദാറിന്റെ കൈ മുറിച്ചതും മുസ്്‌ലിം പെണ്‍കുട്ടികളുടെ മഫ്ത അഴിപ്പിച്ചതുമെല്ലാം ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തിനും മത സ്വാതന്ത്ര്യത്തിനും വിരുദ്ധമാണെന്നു അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി പി കെ ഉനൈസ്, ഉമര്‍ മാഹി നേതൃതം നല്‍കി. സിബിഎസ്ഇ അധികൃതര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ എഴുതുന്നവര്‍ക്കുള്ള ഡ്രസ്‌കോഡ് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ പറയാത്തവിധം പരിശോധനയാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ദേഹപരിശോധന നടത്തിയ രീതി അപരിഷ്‌കൃതവും അംഗീകരിക്കാന്‍ കഴിയാത്താണെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നു കെഎസ്‌യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് വ്യക്തമാക്കി. ഇത്തരം പ്രാകൃത രീതികള്‍ക്കെതിരേ ശക്തമായ പ്രതികരണം വിദ്യാര്‍ഥി പക്ഷത്തുനിന്ന് ഉയര്‍ന്ന് വരുമെന്നും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാര്‍ഥികളുടെ വസ്ത്രമഴിപ്പിച്ചുള്ള പരിശോധന അനുവദിക്കില്ലെന്ന് എംഎസ്എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം മുന്നറിയിപ്പ് നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി കെ നജാഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വിങ് കണ്‍വീനര്‍ ഷാക്കിര്‍ ആഡൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷജീര്‍ ഇഖ്ബാല്‍, ഖജാഞ്ചി പി നസീര്‍ സംസാരിച്ചു. സംഭവത്തില്‍ മനൂഷ്യാവകാശ സംരക്ഷണ മിഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി ഇ മനീഷ് സംസ്ഥാനബാലവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭ കോശിയെ ഫോണില്‍ ബന്ധപ്പെട്ട് പരാതി നല്‍കി. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് മേഹന്‍ ഐസക്, കെ കെ ചാത്തുക്കുട്ടി, എം പി പ്രകാശന്‍, നജ്മ അബ്ദുല്ല, പി പി സരള, ജെയ്‌സണ്‍ ഡൊമിനിക്ക, സുധീര്‍ തലശ്ശേരി, എടച്ചോളി ഗോവിന്ദ്രന്‍ സംസാരിച്ചു. നീറ്റ് പീരക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം നാണക്കേടാണെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ സുബൈര്‍ പ്രസ്താവിച്ചു. സംസ്ഥാനത്ത് മറ്റൊരിടത്തുമില്ലാത്ത സംഭവമാണ് കണ്ണൂരിലുണ്ടായത്. ഇത് സാക്ഷര കേരളത്തിനു നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it