Flash News

നീറ്റ്: ഇരിട്ടി സ്വദേശിക്ക് 6ാം റാങ്ക്‌



ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള അഖിലേന്ത്യാ പ്രവേശനപ്പരീക്ഷയുടെ (നീറ്റ്) ഫലം പ്രസിദ്ധീകരിച്ചു. 700ല്‍ 697 മാര്‍ക്കുമായി പഞ്ചാബില്‍ നിന്നുള്ള നവ്ദീപ് സിങ് ഒന്നാം റാങ്ക് നേടി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശികളായ അര്‍ചിത് ഗുപ്ത രണ്ടും മനീഷ് മുല്‍ചന്ദ്‌നി മൂന്നും റാങ്കുകള്‍ നേടി. ആദ്യ 25 റാങ്കുകളില്‍ മൂന്നു മലയാളികള്‍ ഇടം നേടി. കണ്ണൂര്‍ ഇരിട്ടി സ്വദേശി ഡെറിക് ജോസഫ് ആറാം റാങ്ക് നേടിയപ്പോള്‍ നദാ ഫാത്തിമ 18ഉം മരിയ ബിജി വര്‍ഗീസ് 21ഉം റാങ്ക് നേടി. പരീക്ഷയെഴുതിയ 11,38,890 വിദ്യാര്‍ഥികളില്‍ 6,11,539 പേര്‍ മെഡിക്കല്‍ പഠനത്തിന് യോഗ്യരായി. ഇതില്‍ 2,66,221 പേര്‍ ആണ്‍കുട്ടികളും 3,45,313 പെണ്‍കുട്ടികളുമാണ്. ആദ്യ 25കാരില്‍ ഒമ്പത് പെണ്‍കുട്ടികളും 16 ആണ്‍കുട്ടികളുമാണ്. പരീക്ഷയെഴുതിയ ഭിന്നലിംഗത്തില്‍പ്പെട്ട എട്ടില്‍ അഞ്ചുപേര്‍ മെഡിക്കല്‍ പഠനത്തിന് യോഗ്യത നേടി. സംഗീര്‍ത്ത് സദാനന്ദ, ഡോഗ്ര അഭിഷേക്, കന്നിഷ് തയാല്‍, നികിത ഗോയല്‍, ആര്യന്‍ രാജ് സിങ്, തനിഷ് ഭന്‍സാല്‍ എന്നിവരാണ് നാലു മുതല്‍ പത്ത് വരെ റാങ്ക് ലഭിച്ചവര്‍. ആദ്യ പത്ത് റാങ്കില്‍ ഒമ്പതും ആണ്‍കുട്ടികള്‍ക്കാണ്. നീറ്റ് ഫലം വന്നതോടെ കേരളത്തിലെ മെഡിക്കല്‍ പ്രവേശന നടപടികള്‍ക്കും തുടക്കമായി. അടുത്തമാസം ഒമ്പതിന് ഓപ്ഷന്‍ രജിസ്‌ട്രേഷനും പത്തിന് ഒന്നാംഘട്ട അലോട്ട്‌മെന്റും 18ന് രണ്ടാം അലോട്ട്‌മെന്റും നടക്കും. ആഗസ്ത് 31നു മുമ്പായി പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രിംകോടതിയുടെ ഉത്തരവുണ്ട്. 65,000 എംബിബിഎസും 25,000 ബിഡിഎസും ഉള്‍പ്പെടെ രാജ്യത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 95,000 മെഡിക്കല്‍ സീറ്റുകളാണുള്ളത്. സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ സീറ്റുകള്‍ ഇതിനു പുറമെയാണ്. നീറ്റ് ഫലം സംബന്ധിച്ചു തുടക്കത്തില്‍ ഏറെ അനിശ്ചിതത്വം നിലനിന്നെങ്കിലും സുപ്രിംകോടതിയുടെ ഇടപെടലുകള്‍ ഉണ്ടായതോടെയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it