നീതിക്കായി നിരാഹാരം കിടക്കുമെന്ന് കന്യാസ്ത്രീയുടെ സഹോദരി

കൊച്ചി: നീതിക്കുവേണ്ടി താനും കുടുംബവും നിരാഹാരം കിടക്കാന്‍ തയ്യാറാണെന്ന് ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ മൂത്ത സഹോദരി. ഹൈക്കോടതി ജങ്ഷനില്‍ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി എത്തിയതായിരുന്നു അവര്‍. തന്റെ സഹോദരിക്ക് നീതി ലഭിക്കണം. അതിന് മരിക്കാനും തങ്ങള്‍ക്കു മടിയില്ല.
തങ്ങളുടെ പിതാവ് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഈ സമരപ്പന്തലില്‍ നിരാഹാരം കിടക്കേണ്ടിയിരുന്നത് അദ്ദേഹമായിരുന്നു. ഫ്രാങ്കോയെ ബിഷപ്പെന്ന് വിളിക്കാന്‍ തനിക്കാവില്ല. അത്രയ്ക്കു ക്രൂരമായാണ് അയാള്‍ തന്റെ അനുജത്തിയോട് പെരുമാറിയത്. പിശാചിന്റെ രൂപമുള്ള മനുഷ്യനാണ് ഫ്രാങ്കോ മുളയ്ക്കല്‍. 27 വര്‍ഷം അപ്പച്ചന്‍ പട്ടാളത്തില്‍ ജോലി ചെയ്തു. അമ്മ മരിച്ചതിനുശേഷം അഞ്ചു മക്കളെ നോക്കിയത് താനാണ്. തന്റെ അനുജത്തി പീഡിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ വലിയ വിഷമവും വേദനയും തോന്നിയെന്നും അവര്‍ പറഞ്ഞു.
ഫ്രാങ്കോയെ ജനങ്ങള്‍ ഇപ്പോള്‍ ശിക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അറസ്റ്റ് വൈകുന്തോറും അയാള്‍ക്കെതിരേയുള്ള പ്രതിഷേധം കൂടുതല്‍ ശക്തമാവുകയേയുള്ളൂ. കോടതി നടപടികളില്‍ തൃപ്തിയുണ്ട്. ഫ്രാങ്കോയ്ക്ക് ഉചിതമായ ശിക്ഷ വിധിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it