Flash News

നിസ്സാരമാക്കരുത്; വരുംതലമുറ നശിച്ചുതുടങ്ങി

ഷിനില  മാത്തോട്ടത്തില്‍

നിസ്സാരമാക്കരുത്, ഇതൊരു അപകടസൂചനയാണ്. ദിനംപ്രതി മാധ്യമങ്ങൡ വരുന്ന മയക്കുമരുന്ന്, കഞ്ചാവു കേസ് വാര്‍ത്തകള്‍ വരുംതലമുറ നശിക്കുന്നതിന്റെ ഭയാനക സൂചനകളാണു നല്‍കുന്നത്. കൗമാരപ്രായത്തില്‍ തന്നെ നമ്മുടെ കുട്ടികള്‍ മയക്കുമരുന്നിന് അടിമപ്പെട്ടെങ്കില്‍ ഏറിയാല്‍ ആറോ ഏഴോ വര്‍ഷമേ അവര്‍ക്ക് ആരോഗ്യത്തോടെയുള്ള ജീവിതമുള്ളൂ. ഒരുപക്ഷേ, അതിനുംമുമ്പുതന്നെ അവര്‍ മരണത്തിനു കീഴ്‌പ്പെടുകയോ പൂര്‍ണമായും അവശരായിത്തീരുകയോ ചെയ്യുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കിഡ്‌നിക്ക് തകരാര്‍, ശ്വാസകോശരോഗങ്ങള്‍, അരയ്ക്കു കീഴ്‌പ്പോട്ടു തളര്‍ന്നുപോവുക ഇവയൊക്കെയാണു മയക്കുമരുന്ന് സ്ഥിരം ഉപയോഗിക്കുന്നവരെ ഭാവിയില്‍ കാത്തിരിക്കുന്നത്. മയക്കുമരുന്നിന് പൂര്‍ണമായും അടിമപ്പെട്ട് ആരോഗ്യം പൂര്‍ണമായും നശിച്ചുകഴിഞ്ഞാലും അവര്‍ക്ക് അതില്‍ നിന്ന് മോചിതരാവാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ഏറെക്കാലമായി ഇക്കാര്യങ്ങള്‍ മാതാപിതാക്കളെയും കുട്ടികളെയും ബോധ്യപ്പെടുത്താന്‍ നാനാഭാഗങ്ങളില്‍ നിന്നും ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ അതിന് ഫലമുണ്ടായില്ലെന്നുവേണം മനസ്സിലാക്കാന്‍. മാസങ്ങള്‍ക്കുമുമ്പ് കോഴിക്കോട് പ്രമുഖ ആശുപത്രി പരിസരത്ത് ലോഡ്ജില്‍ 17കാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. മയക്കുമരുന്നിന് അടിമപ്പെട്ടാണ് അവന്‍ മരണത്തിനു കീഴടങ്ങിയതെന്ന കാര്യം പിന്നീട് ഏറെ ഞെട്ടലോടെ ജനം ശ്രവിച്ചു. പക്ഷേ, ഏകദേശം ഒരു വര്‍ഷം മുമ്പുതന്നെ ഈ വിദ്യാര്‍ഥിയെ മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുക്കുകയും മകന്റെ അവസ്ഥയെക്കുറിച്ചും ആരോഗ്യനിലയെക്കുറിച്ചും രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. രക്ഷിതാക്കള്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെന്നു വേണം അവന്റെ മരണവുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോള്‍ മനസ്സിലാക്കാന്‍. ഒരുപക്ഷേ അതിനകം തന്നെ മയക്കുമരുന്നിന്റെ മായാവലയത്തില്‍ ഒരിക്കലും മോചനമില്ലാത്ത രീതിയില്‍ വിദ്യാര്‍ഥി അടിമപ്പെട്ടിരുന്നിരിക്കാം. കാസര്‍കോട് ജില്ലയില്‍ പിഞ്ചുബാലനെ വെട്ടിക്കൊന്നതിലും കോഴിക്കോട് സിഎം മഖാമില്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയതിലും വില്ലന്‍ മയക്കുമരുന്നുതന്നെ. വിദ്യാര്‍ഥികളെ കുരുക്കി ലഹരിമാഫിയ, സ്‌കൂളില്‍ കഞ്ചാവുപയോഗിച്ച വിദ്യാര്‍ഥികളെ പുറത്താക്കി, ആന്ധ്രയില്‍ മലയാളികള്‍ക്ക് കഞ്ചാവ് തോട്ടങ്ങള്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് എത്തിക്കുന്ന ആളുകള്‍ അറസ്റ്റില്‍, കോടിക്കണക്കിനു രൂപയുടെ ഹഷീഷ് പിടികൂടി, കഞ്ചാവുകൃഷി നശിപ്പിച്ചു, സ്‌കൂള്‍ പരിസരത്തുനിന്നും കഞ്ചാവും മയക്കുമരുന്നും പിടികൂടി. ഇത്തരം വാര്‍ത്തകള്‍ കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ദിനംപ്രതിയെന്നോണം വരുന്നുണ്ട്. ഒന്നു ശ്രദ്ധിച്ചാല്‍ മനസ്സിലാവും, ഏറ്റവും കൂടുതല്‍ തലക്കെട്ടുകള്‍ പ്രത്യക്ഷപ്പെടുന്നത് വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ടാണ്. നാലഞ്ചു വര്‍ഷത്തിനു ശേഷമുള്ള യുവതലമുറ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ ഒന്നിനുംകൊള്ളാത്തവരാവാന്‍ പോവുന്നു എന്നതാണ് ഇതില്‍ നിന്നു വ്യക്തമാവുന്ന വലിയൊരു വസ്തുത. ജോലി നേടാനോ കുടുംബം മുന്നോട്ടു നയിക്കാനോ ശേഷിയില്ലാതെ ആരോഗ്യം നശിച്ച ഒരു പുതുതലമുറയാണ് ഇനി വരാന്‍പോവുന്നത്.സ്വന്തം കുട്ടികള്‍ ആത്മഹത്യ ചെയ്യുകയോ ലഹരിക്ക് അടിമപ്പെടുകയോ മരിക്കുകയോ ചെയ്യുന്നതുവരെ ജനങ്ങളും യുവാക്കള്‍ പൂര്‍ണമായും നശിക്കുന്നതു വരെ നടപടിയെടുക്കാന്‍ സര്‍ക്കാരും കാത്തിരിപ്പു തുടര്‍ന്നാല്‍ വരാനിരിക്കുന്നത് വന്‍ ദുരന്തമാണ്. മയക്കുമരുന്നും കഞ്ചാവും കടത്താനും ഉപയോഗിക്കാനും നിലവിലെ നിയമങ്ങളില്‍ അത്രയേറെ കുറുക്കുവഴികളുണ്ട്. ഒരു പരിധിവരെ അന്താരാഷ്ട്ര മാഫിയകള്‍ക്കടക്കം നമ്മുടെ നിയമവ്യവസ്ഥ ഒത്താശചെയ്യുന്നു. ഇതു പൂര്‍ണമായും വെളിപ്പെടുത്തുന്നതാണ് നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈകോട്രോപിക് സബ്‌സ്റ്റന്‍സസ് ആക്റ്റും (എന്‍ഡിപിഎസ്) പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട കോട്പയും കാലോചിതമായ പരിഷ്‌കരണങ്ങളില്ലാതെ അങ്ങനെതന്നെ നിലനില്‍പ് തുടരുന്നത്. ( നാളെ: സ്വബോധം ഊറ്റിയെടുത്ത് ലഹരി)
Next Story

RELATED STORIES

Share it