നിശ്ശബ്ദ കാര്‍ട്ടൂണുകളുടെ ലോകം തീര്‍ത്ത് ജോയി കുളനട

എസ് ഷാജഹാന്‍

പത്തനംതിട്ട: മഹാരോഗത്തിന്റെ പിടിയില്‍ മനസ്സും ശരീരവും തളര്‍ന്നപ്പോള്‍ ജോയി കുളനടയെന്ന കാര്‍ട്ടൂണിസ്റ്റ് കച്ചിത്തുരുമ്പാക്കിയത് വരയുടെ ലോകത്തെ. വേദനകളെ വരകളും വര്‍ണങ്ങളും കൊണ്ട് മരവിപ്പിച്ച കാര്‍ട്ടൂണിസ്റ്റ് എട്ടുവര്‍ഷംമുമ്പ് തന്നെ പിടിച്ചുലച്ച അര്‍ബുദ രോഗത്തിന് അവസാനം കീഴടങ്ങി. വേദനകള്‍ക്കിടയിലും മനസ്സിന്റെ കാന്‍വാസില്‍ വരച്ചുചേര്‍ത്ത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരുന്നു. പി കെ മന്ത്രിയുടെ തട്ടകത്തില്‍നിന്നാണ് ജോയി കുളനട വരയുടെ ലോകത്തേക്കുയര്‍ന്നത്. മന്ത്രിയുടെ 'പാച്ചുവും കോവാലനും' ജനങ്ങളുടെ മനസ്സില്‍ മായാതെ ഓടിക്കളിച്ചപ്പോള്‍ നിശ്ശബ്ദ കാര്‍ട്ടൂണുകളോടായിരുന്നു ജോയി കുളനടയ്ക്കു പഥ്യം. 'സയലന്‍സ് പ്ലീസ്' എന്ന കാര്‍ട്ടൂണിനായി മാതൃഭൂമിയുടെ നര്‍മഭൂമിയിലും അദ്ദേഹം വരച്ചു. 1950ല്‍ പത്തനംതിട്ടയിലാണ് ജനനം. പരേതരായ ഉമ്മന്‍ മത്തായിയുടെയും മറിയാമ്മയുടെയും മകന്‍. കുളനട ഗവണ്‍മെന്റ് സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പന്തളം എന്‍എസ്എസ് ഹൈസ്‌കൂളിലും കോളജിലും എത്തിയതോടെ കാര്‍ട്ടൂണിസ്റ്റിന്റെ കണ്ണിലൂടെ ജോയി കുളനട ലോകത്തെ നോക്കിക്കണ്ടു തുടങ്ങി. കേരള സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ജോയി കുളനട കുറച്ചുകാലം വീക്ഷണം പത്രാധിപസമിതി അംഗമായിരുന്നു. പിന്നീട് കനറാ ബാങ്കിലും ജോലി ചെയ്തു. കോളജ് വിദ്യാഭ്യാസകാലത്ത് 'പന്തളീയന്‍' കോളജ് മാഗസിന്റെ സ്റ്റുഡന്റ് എഡിറ്ററായിട്ടാണ് വരയുടെ ലോകത്തേക്കു ചുവടുവച്ചത്. പ്രചോദനമായത് നാട്ടുകാരനായ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പി കെ മന്ത്രിയും. 1969ല്‍ മലയാളനാട് വാരികയില്‍ ആദ്യകാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. വരയുടെ നാല്‍പ്പതാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന ജോയിയെ ഓര്‍മിക്കാന്‍ നര്‍മഭൂമിയിലെ സൈലന്‍സ് പ്ലീസ് എന്ന ഒറ്റ കാര്‍ട്ടൂണ്‍ പംക്തി മതിയാവും. മംഗളം വാരികയിലെ 'മോര്‍ഫിങ് ' എന്ന നിശ്ശബ്ദ കാര്‍ട്ടൂണ്‍ പംക്തിയും ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു. 1977ല്‍ വിദേശത്ത് ജോലി ലഭിച്ച അദ്ദേഹം 'ഗള്‍ഫ് കോര്‍ണര്‍' എന്ന പംക്തിയിലൂടെ പ്രവാസലോകത്തിന്റെ ദുഃഖങ്ങളും സ്വപ്‌നങ്ങളും പൊങ്ങച്ചങ്ങളും വരച്ചിട്ടു. ലോക കാര്‍ട്ടൂണ്‍ മേഖലയെ അടുത്തറിയാനും പ്രവാസജീവിതം പ്രചോദനമായി. ഇംഗ്ലീഷ് ദിനപത്രങ്ങള്‍, ഖലീജ് ടൈംസ്, ഗള്‍ഫ് ന്യൂസ്, അറബിക് സ്‌പോര്‍ട്‌സ് മാഗസിന്‍, അല്‍ ഹദാഫ് തുടങ്ങിയവയിലൂടെ ജോയിയുടെ കാര്‍ട്ടൂണുകള്‍ ലോകത്തെ ചിരിപ്പിച്ചു. മംഗളം, മാതൃഭൂമി, മലയാള മനോരമ, മനോരാജ്യം തുടങ്ങി മലയാളത്തില്‍ ജോയിയുടെ കരസ്പര്‍ശം ഏല്‍ക്കാത്ത പ്രസിദ്ധീകരണങ്ങള്‍ നന്നേ കുറവ്. സൈലന്‍സ് പ്ലീസ്, ഗള്‍ഫ്‌കോര്‍ണര്‍, നേതാക്കളുടെ ലോകം, ബെസ്റ്റ് ഓഫ് സൈലന്‍സ് പ്ലീസ് എന്നിവ പ്രസിദ്ധ കാര്‍ട്ടൂണ്‍ പരമ്പരകളാണ്. നാലോളം കാര്‍ട്ടൂണ്‍ പുസ്തകങ്ങളുടെ രചയിതാവാണ്. സ്‌പോര്‍ട്‌സ് കാര്‍ട്ടൂണിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോയി കാച്ചിക്കുറുക്കിയ നര്‍മ സംഭാഷണങ്ങള്‍ അടങ്ങിയ അനേകം കാര്‍ട്ടൂണുകള്‍ക്കു തൂലിക ചലിപ്പിച്ചു. എങ്കിലും ലോകമാകെ ജോയിയെ അറിയുന്നത് നിശ്ശബ്ദതയുടെ വരകാരനായിട്ടാണ്. 2015 ആഗസ്ത് 16ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. കേരള ലളിതകലാ അക്കാദമി അവാര്‍ഡ്, കേരള കാര്‍ട്ടൂണ്‍ അക്കാദമി കെ എസ് പിള്ള അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.  കാര്‍ട്ടൂണ്‍ ജീവിതത്തിന് അര്‍ധവിരാമം പ്രഖ്യാപിച്ചു നടത്തിയ ഫേസ്ബുക്ക് വിളംബരം  അദ്ദേഹത്തിന്റെ ആരാധകരെ ഞെട്ടിച്ചിരുന്നു.  ഒരു വര്‍ഷംമുമ്പ് ഭാര്യ രമണി മരിച്ചപ്പോഴും വരകളില്‍ വേദന പടര്‍ന്നില്ല. എന്നാല്‍, വേദനകളും വരകളും ഇല്ലാത്ത ലോകത്തേക്ക് ഇന്നലെ രാവിലെ ജോയി കുളനട കടന്നുപോയി.
Next Story

RELATED STORIES

Share it