Kollam Local

നിലയ്ക്കലിലെ വാട്ടര്‍ടാങ്ക് അപകടാവസ്ഥയില്‍



ശാസ്താംകോട്ട: തൂണുകള്‍ ദ്രവിച്ച് അപകടാവസ്ഥയിലായ വാട്ടര്‍ടാങ്ക് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. കുന്നത്തൂര്‍ പഞ്ചായത്തിലെ നിലയ്ക്കല്‍ ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ടാങ്കാണ് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ളത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നിലയ്ക്കല്‍ കോളനി സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ഏകദേശം 50 വര്‍ഷം മുമ്പാണ് കോളനിയോട് ചേര്‍ന്ന് ടാങ്ക് സ്ഥാപിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ആദ്യകാലങ്ങളില്‍ ഈ ടാങ്കില്‍ ശാസ്താംകോട്ടയില്‍ നിന്നും ജലം സംഭരിച്ച് വിതരണം നടത്തിയിരുന്നു. എന്നാല്‍ ടാങ്കിന്റെ തകര്‍ച്ചമൂലം പിന്നീടത് നിലച്ചു. ഇതിനെ തുടര്‍ന്ന് തൊട്ടടുത്തുതന്നെ മറ്റൊരു ടാങ്ക് നിര്‍മിച്ച് കുന്നത്തൂര്‍ പദ്ധതിയില്‍ നിന്നും വെള്ളമെത്തിച്ചാണ് മേഖലയില്‍ കുടിവെള്ള വിതരണം നടത്തുന്നത്. അപകടാവസ്ഥയിലായ ടാങ്കിന്റെ നാല് തൂണുകളില്‍ രണ്ടെണ്ണം ദ്രവിച്ച നിലയിലാണ്. കോണ്‍ക്രീറ്റ് അടര്‍ന്നുമാറിയ തൂണുകളിലെ കമ്പികള്‍ ദ്രവിച്ച് പുറത്തേക്ക് തള്ളിനില്‍ക്കുകയാണ്. തകര്‍ച്ച നേരിടുന്ന ടാങ്ക് നിലംപതിച്ചാല്‍ കോളനിയിലെ നുറുകണക്കിന് കുടുംബങ്ങളെ ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. മഴ ശക്തിയാര്‍ജ്ജിച്ചതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. നിരവധി തവണ ടാങ്ക് പൊളിച്ചുനീക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും ആരും ചെവികൊണ്ടിട്ടില്ല.
Next Story

RELATED STORIES

Share it