malappuram local

'നിലമ്പൂര്‍- നഞ്ചന്‍ഗോഡ് റെയില്‍പ്പാത പരിഗണനയില്‍'

മലപ്പുറം: നിലമ്പൂര്‍- നഞ്ചന്‍ഗോഡ് റയില്‍പ്പാത പരിഗണനയിലുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. നിയമസഭയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. 2016-17ലെ കേന്ദ്ര റെയില്‍വേ ബജറ്റില്‍ എക്‌സ്ട്രാ ബജറ്ററി റിസോഴ്‌സ് ഉപയോഗിച്ച് നിര്‍മിക്കേണ്ട  പാതകളുടെ പട്ടികയില്‍ നിലമ്പൂര്‍- നഞ്ചന്‍ഗോഡ് പാതയും ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രസ്തുത റെയില്‍ പാതയുടെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ നടത്തേണ്ട സംയുക്ത സംരംഭമായ കേരള റെയില്‍ ഡെവലെപ്പ്‌മെന്റ് കോര്‍പറേഷനാണ്. പദ്ധതിയുടെ പ്രാരംഭ പഠനം തുടങ്ങാനിരിക്കുകയാണ്. 5500 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പാതയുടെ നിര്‍മാണത്തിന് ആവശ്യമായ തുക പൊതു കടമെടുപ്പിലൂടെയോ കേന്ദ്രവും കേരളവും കര്‍ണാടകയും കൂടിയോ വഹിക്കേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പഠനത്തിനു ശേഷം കൃത്യമായ പദ്ധതി ചെലവ് എത്രയെന്നും എങ്ങനെ കണ്ടെത്തുമെന്നും വ്യകതമാവും. മറ്റൊരു സംസ്ഥാനത്തിലൂടെയും വനത്തിലൂടെയും കടന്നുപോവുന്ന റെയില്‍പാതയായതിനാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, നാഷനല്‍ വൈല്‍ഡ് ലൈഫ് സ്റ്റാന്റിങ് കമ്മിറ്റി, ദേശീയ കടുവാ സംരക്ഷണ അതോറിറ്റി എന്നിവയുടെ അനുമതി വേണം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള പ്രാഥമിക സര്‍വേ, വിശദമായ സര്‍വേ എന്നിവ നടത്തുന്നതിനുള്ള അനുമതിക്കായി കേന്ദ്ര, കര്‍ണാടക സര്‍ക്കാരുകള്‍ക്കു കത്ത് നല്‍കിയിട്ടുണ്ടെന്നും അനുമതി ലഭ്യമായിട്ടില്ലെന്നും മന്ത്രി  എംഎല്‍എയെ അറിയിച്ചു.
Next Story

RELATED STORIES

Share it