Kottayam Local

നിര്‍മാണത്തിലെ അപാകത: മണര്‍കാട്-കിടങ്ങൂര്‍ റോഡ് അപകടക്കെണിയാവുന്നു

കോട്ടയം: 13.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ മണര്‍കാട് നിന്ന് കിടങ്ങൂര്‍ വരെയുള്ള 13.5 കോടി രൂപ മുടക്കി നിര്‍മിച്ച റോഡില്‍ നിറയെ അപകടക്കെണികളെന്നു പരാതി.
പരാതി സ്വീകരിച്ച സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശി സംസ്ഥാന സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനും നോട്ടീസ് നല്‍കി.
കലക്ടറോട് വിഷയം സംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി. നിര്‍മാണം പൂര്‍ത്തിയായി നാലു വര്‍ഷം പിന്നിടുമ്പോഴേക്കും ഇവിടെ അപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞത് 14 പേരും 128 പേര്‍ക്ക് പരിക്കു മൂലം അംഗവൈകല്യവുമുണ്ടായി.
നാലു വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ നിര്‍മാണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ഏഴു വളവുകള്‍ നിവര്‍ത്തുമെന്നും കൈയേറ്റങ്ങളൊഴിപ്പിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും അവയൊന്നും നടപ്പായില്ലെന്നു പരാതിയില്‍ കൊങ്ങാണ്ടൂര്‍ പൗരാവകാശ സമിതി കുറ്റപ്പെടുത്തുന്നു. കൂടാതെ ഈ റോഡില്‍ ടിപ്പര്‍ ലോറികളെ നിയന്ത്രിക്കുമെന്നും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്നും പറഞ്ഞതും പാലിക്കപ്പെട്ടില്ല.
ചിങ്ങവനം-പരുത്തുംപാറ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം ഏപ്രില്‍ 12നുള്ളില്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കമ്മീഷനെ അറിയിച്ചു. ചിങ്ങവനം റസിഡന്‍സ് അസോസിയേഷന്‍ ഖജാഞ്ചി ജെയിംസ് കെ തോമസ് നല്‍കിയ പരാതിയിന്മേല്‍ കമ്മീഷന്‍ നല്‍കിയ നോട്ടീസിനു നേരിട് ഹാജരായിട്ടാണ് മറുപടി നല്‍കിയത്.
കൂടാതെ നൂറുകണക്കിനാളുകള്‍ക്ക് യാത്രാ ദുരിതമുണ്ടാക്കുന്ന എംസി റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കാനും കമ്മീഷന്‍ വകുപ്പ് മേധാവിക്ക് നിര്‍ദേശം നല്‍കി.
ഇന്നലെ 25 കേസുകളായിരുന്നു കോട്ടയത്ത് ഷെഡ്യൂള്‍ ചെയ്തിരുന്നതെങ്കിലും പുതിയതായി 16 കേസുകള്‍ കൂടി പരിഗണിച്ചു. അടുത്ത സിറ്റിങ് 24ന് നടക്കും.
Next Story

RELATED STORIES

Share it