ernakulam local

നിര്‍ധന ഹൃദയരോഗികള്‍ക്ക് മേജര്‍ ശസ്ത്രക്രിയ ആവശ്യമെങ്കില്‍ സഹായിക്കും: പദ്മശ്രീ ഡോ. ജോസ് ചാക്കോ പെരിയപ്പുറം

വൈപ്പിന്‍: നിര്‍ധനരായ ഹൃദയരോഗികള്‍ക്ക് വലിയ ശസ്ത്രക്രിയകള്‍ വേണ്ടിവന്നാല്‍ ഉറപ്പായും തന്റെ സഹായമുണ്ടാവുമെന്ന് ഹൃദ്രോഗ ചികില്‍സാ വിദഗ്ധനും പദ്മശ്രീ ജേതാവുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം. എസ് ശര്‍മ എംഎല്‍എ നടപ്പാക്കിവരുന്ന സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതിയായ ശ്രദ്ധയുടെ ഭാഗമായി സംഘടിപ്പിച്ച നാലാമത് സൗജന്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ ചികില്‍സാ സൗകര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള പദ്ധതികള്‍ ആവശ്യമാണ്. ഇതിനു തീരദേശമേഖലക്ക് മുന്തിയ പരിഗണന വേണമെന്നും എംഎല്‍എയുടെ ഈ പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാണെന്നും ഡോ. ജോസ് ചാക്കോ പറഞ്ഞു. ഏകദിന ജനകീയ ആശുപത്രി എന്ന പേരില്‍ ചെറായി രാമവര്‍മ യൂനിയന്‍ ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ക്യാംപിന്റെ ഉദ്ഘാടന ചടങ്ങില്‍ എസ് ശര്‍മ എംഎല്‍എ അധ്യക്ഷത വഹിച്ചു. പദ്ധതി ജനറല്‍ കണ്‍വീനറായ ജില്ലാ കലക്ടര്‍ എംജി രാജമാണിക്യം മുഖ്യപ്രഭാഷണം നടത്തി. അമൃത ആശുപത്രി അഡീഷനല്‍ ജനറല്‍ മാനേജര്‍ ഡോ. ജഗ്ഗു, ബിപിസിഎല്‍ കൊച്ചി റിഫൈനറീസ് സീനിയര്‍ മാനേജര്‍ ജോര്‍ജ് തോമസ്, കൊച്ചിന്‍ സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാന്‍ മയ്യാറ്റില്‍ സത്യന്‍, ഡോ. ജുനൈദ് റഹ്മാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി, ജില്ലാപഞ്ചായത്തംഗം അയ്യമ്പിള്ളി ഭാസ്‌കരന്‍, വൈപ്പിനിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാര്‍, സംസാരിച്ചു. അലോപ്പതി, ആയൂര്‍വേദം, ഹോമിയോ വിഭാഗങ്ങളിലായി 10,000ത്തോളം ആളുകളാണ് ക്യാംപിലെത്തിയത്. നേത്രവിഭാഗം പരിശോധനക്ക് മാത്രം രണ്ടായിരത്തില്‍പരം ആളുകളുണ്ടായിരുന്നു. ആയൂര്‍വേദ വിഭാഗത്തിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. ചെറായി ഗവ. എല്‍പിജിഎസ്സിലായിരുന്നു നേത്രവിഭാഗം പ്രവര്‍ത്തിച്ചത്. കാ ന്‍സര്‍ വിഭാഗം അയ്യമ്പിള്ളി ആശുപത്രിയിലും മറ്റു വിഭാഗങ്ങള്‍ രാമവര്‍മ യൂനിയന്‍ ഹൈസ്‌കൂളിലുമായിരുന്നു. ക്യാംപില്‍ സംബന്ധിച്ചവരില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മുഴുവന്‍ പേര്‍ക്കും സൗജന്യമായി അള്‍ട്രാസൗണ്ട് സ്‌കാന്‍, സിടി സ്‌കാന്‍, വിവിധ ലാബ് ടെസ്റ്റുകള്‍, മൈനര്‍ സര്‍ജറികള്‍, മൈനര്‍ ദന്തശസ്ത്രക്രിയകള്‍, തിമിര ശസ്ത്രക്രിയ, എക്‌സ്‌റേ, കണ്ണട എന്നിവ ലഭ്യമാക്കും.
ആരോഗ്യവകുപ്പ്, കൊച്ചിന്‍ മെഡിക്കല്‍ കോളജ്, അമൃത ആശുപത്രി, ദേശീയ ആരോഗ്യ മിഷന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രി എന്നിവിടങ്ങളില്‍നിന്നും 250ാളം ഡോക്ടര്‍മാരും 250ാളം പാരാമെഡിക്കല്‍ സ്റ്റാഫും ക്യാംപിനു നേതൃത്വം നല്‍കി. കുടുംബശ്രീ, ആശ, അങ്കണവാടി പ്രവര്‍ത്തകരും, വിവിധ റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളും, രാമവര്‍മ യൂനിയന്‍ ഹൈസ്‌കൂള്‍, എച്ച്‌ഐഎച്ച്എസ്, എസ്ഡിപിവൈ കെപിഎംഎച്ച്എസ് എന്നീ സ്‌കൂളുകളിലെ എന്‍എസ്എസ്, സ്‌കൗട്ട്, എന്‍സിസി, എസ്പിസി, പരിസ്ഥിതി ക്ലബ് എന്നിവയിലെ വിദ്യാര്‍ഥികള്‍ അടക്കം 500 ഓളം പേരാണ് വളണ്ടിയര്‍മാരായി സന്നദ്ധസേവനത്തിനുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it