നിര്‍ണായകം; പക്ഷേ ഗതി നിശ്ചയിക്കാതെ മുസ്‌ലിം വോട്ടുകള്‍

അഹ്മദാബാദ്: 2012ലെ തിരഞ്ഞെടുപ്പില്‍ മുസ്്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള 10 മണ്ഡലങ്ങളില്‍ ഏഴിലും വിജയിച്ചത് ബിജെപി. 10 ശതമാനത്തിലധികം മുസ്‌ലിം വോട്ടുകളുള്ള 65 മണ്ഡലങ്ങളില്‍ 43 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ 21 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. ഇതില്‍ മൂന്നുപേര്‍ പിന്നീട് ശങ്കര്‍സിങ് വഗേലയ്‌ക്കൊപ്പം പുറത്തുപോയി. ഒരു സീറ്റ് എന്‍സിപിയും നേടി. ഈ സീറ്റുകളില്‍ ഇത്തവണ കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. ജമാല്‍പൂര്‍ ഖാദിയ, ദാനിലിംദ, സൂറത്ത് ഈസ്റ്റ്, വെജല്‍പൂര്‍, ദരിയാപൂര്‍, ഭുജ്, ലിംബായത്ത്, ജാംബൂസര്‍, വാഗ്‌റ, വാദ്ഗം എന്നീ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ മുസ്്‌ലിംവോട്ടര്‍മാരുള്ളത്. ജമാല്‍പൂര്‍ ഖാദിയയില്‍ ആകെയുള്ള 193,803 വോട്ടര്‍മാരില്‍ 105,673 പേര്‍ മുസ്്‌ലിംകളാണ്. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ബിജെപി. ദാനിലിംദയില്‍ 224013 വോട്ടര്‍മാരില്‍ മുസ്്‌ലിം വോട്ടര്‍മാര്‍ 99737. വിജയിച്ചത് കോണ്‍ഗ്രസ്. സൂറത്ത് ഈസ്റ്റില്‍ 199058 വോട്ടര്‍മാരില്‍ മുസ്്‌ലിംകള്‍ 94927. വിജയിച്ചത് ബിജെപി. വേജാല്‍പൂരില്‍ 312429 വോട്ടര്‍മാരില്‍ 95277 ആണ് മുസ്്‌ലിം വോട്ടര്‍മാരുടെ എണ്ണം. എന്നാല്‍, ഇവിടെയും ബിജെപി വിജയിച്ചു. കോണ്‍ഗ്രസ് വിജയിച്ച മറ്റൊരു മണ്ഡലം ദരിയാപൂരാണ്. ഇവിടെ ആകെ 191360 വോട്ടര്‍മാരില്‍ 87381 പേര്‍ മുസ്്‌ലിംകളാണ്. ഭുജില്‍ 250364 വോട്ടര്‍മാരാണുള്ളത്. മുസ്്‌ലിം വോട്ടുകള്‍ 87371, ജയിച്ചത് ബിജെപി. ലിംബായത്തില്‍ 254355 വോട്ടുകളില്‍ 83149 വോട്ടുകള്‍ മുസ്‌ലിംകളാണ്. ജാംബൂസറില്‍ 220474 വോട്ടുകളില്‍ 76171 മുസ്്‌ലിം വോട്ടുകള്‍. വാഗ്‌റയില്‍ 193964 വോട്ടുകളില്‍ 73933 വോട്ടുകള്‍ മുസ്്‌ലിംകള്‍. ഇവിടെയെല്ലാം ബിജെപിയാണ് വിജയിച്ചത്. 257687 വോട്ടര്‍മാരില്‍ 70932 മുസ്്‌ലിംകളുള്ള വാദ്ഗാമാണ് കോണ്‍ഗ്രസ്സിന് ജയിക്കാനായ മറ്റൊരു മണ്ഡലം. ജമാല്‍പൂര്‍ ഖാദിയയില്‍ 38.63 ശതമാനം വോട്ടുവാങ്ങിയാണ് ബിജെപി വിജയിച്ചതെങ്കിലും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നതോടെ ഈ ഘടനയില്‍ മാറ്റമുണ്ടായി. 51.82 ശതമാനം വോട്ടുവാങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു ഇവിടെ മുന്നില്‍. 38 ശതമാനം മുസ്്‌ലിംകളുള്ള ബറൂച്ചില്‍ 2012ല്‍ 59.5 ശതമാനമായിരുന്നു ബിജെപി വോട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ ഘടനയില്‍ മാറ്റമുണ്ടായില്ല. മിഡില്‍ ക്ലാസ് വ്യവസായികളായ ബോറകളും ശിയാക്കളും ഉള്‍പ്പെടുന്ന മുസ്്‌ലിം വിഭാഗം ബിജെപിക്കാണ് വോട്ട് ചെയ്യാറ്. ഇത്തരത്തില്‍ 20 ശതമാനം മുസ്്‌ലിം വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുന്നു. എന്നാല്‍, മധ്യവര്‍ഗത്തിന് താഴെയുള്ളവരും സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരുമായ വിഭാഗം കോണ്‍ഗ്രസ് വോട്ടുബാങ്കാണ്. 33 ശതമാനം വരുന്ന പാവപ്പെട്ട മുസ്്‌ലിംകള്‍ ആര്‍ക്കും വോട്ടു ചെയ്യാറില്ല. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ വിഭാഗത്തെ ഇരുകൂട്ടരും അവഗണിച്ചിരുന്നെങ്കിലും ബിജെപി തങ്ങളുടെ പരമ്പരാഗത മുസ്്‌ലിം വോട്ടുകള്‍ ഉറപ്പാക്കിയിരുന്നു. എന്നിരുന്നാലും മുസ്്‌ലിം വോട്ടുബാങ്ക് കാലങ്ങളായി ബിജെപിയുടെയോ കോണ്‍ഗ്രസ്സിന്റെയോ തിരഞ്ഞെടുപ്പ് നയത്തെ സ്വാധീനിച്ചിട്ടില്ല.
Next Story

RELATED STORIES

Share it