ernakulam local

നിരോധനം നടപ്പാക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ ; ഇതര സംസ്ഥാന ബോട്ടുകളിലെ തൊഴിലാളികള്‍ കൊച്ചി വിട്ടു



മട്ടാഞ്ചേരി: ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ഫിഷറീസ് വകുപ്പിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റേയും നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ളത്. കോസ്റ്റല്‍ പോലിസും നിരോധനത്തിന്റെ ഭാഗമായി ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. നിരോധന കാലയളവില്‍ പരമ്പരാഗത മല്‍സ്യയാനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ള 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ മല്‍സ്യബന്ധനം നടത്താം. ഇന്‍ ബോര്‍ഡ്, ഔട്ട് ബോര്‍ഡ് വള്ളങ്ങളേയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതര സംസ്ഥാന ബോട്ടുകളിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും നാട്ടിലേക്ക് പോയി തുടങ്ങി. ഇവരുടെ ബോട്ടുകളില്‍ പലതും ഇവിടെ നങ്കൂരമിട്ടതിന് ശേഷമാണ് തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചിട്ടുള്ളത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ പതിനാലിന് രാവിലെ പതിനൊന്ന് മുതല്‍ വൈകീട്ട് അഞ്ച്‌വരെ തീരമേഖലയിലും ഫിഷ് ലാന്റിങ് സെന്ററുകളിലും നിരോധനവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കും. ഇതിന് പുറമേ ലഘുലേഖകളും വിതരണം ചെയ്യും. തീരമേഖലയിലെ പെട്രോള്‍ ബങ്കുകള്‍ക്ക് ട്രോളിങ് ബോട്ടുകള്‍ ഒഴികെ പരമ്പരാഗത യാനങ്ങള്‍ക്ക് ഇന്ധനം നല്‍കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ നിരോധന കാലയളവില്‍ ട്രോളിങ് തടയുന്നതിന് നിരീക്ഷണം ശക്തമാക്കും. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിലവില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബോട്ടിന് പുറമേ രണ്ട് ബോട്ടുകള്‍ കൂടി പെട്രോളിങ് നടത്തും. ഇതിന് പുറമേ കോസ്റ്റല്‍ പോലിസിന്റെ ബോട്ടും പെട്രോളിങ് നടത്തും. നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. കോസ്റ്റല്‍ പോലിസ് പതിനഞ്ച് മുതല്‍ കണ്‍ട്രോല്‍ റൂം തുറക്കും. ഇതിന് പുറമേ നേവിയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും നിരീക്ഷണം കടലിലുണ്ടാവും. ജില്ലാ കലക്ടര്‍ക്കാണ് നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ചുമതല. അതേസമയം ട്രോളിങ് നിരോധനം തൊണ്ണൂറ് ദിവസമാക്കണമെന്ന് നാഷ്‌നല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും സ്വതന്ത്ര മല്‍സ്യതൊഴിലാളി യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ വി ഡി മജീന്ദ്രന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it