palakkad local

നിരാഹാരം അനുഷ്ഠിച്ചയാളെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാലക്കാട്: നടക്കാവ് മേല്‍പ്പാലം നിര്‍മാണം ആരംഭിക്കണമെന്ന ആവശ്യവുമായി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരത്തില്‍ നിരാഹാരം അനുഷ്ഠിച്ചയാളെ പോലിസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 21 മുതല്‍ നിരാഹാരം കിടന്ന സമിതി രക്ഷാധികാരി പി ഗോവിന്ദനുണ്ണിയെയാണ് ഇന്നലെ വൈകീട്ട് ഹേമാംബിക നഗര്‍ പോലിസ് അറസ്റ്റ് ചെയ്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.
ആര്‍ഡിഒയുടെ ഉത്തരവ് പ്രകാരമാണ് പോലിസ് നടപടി. നിരാഹാര സമരം മൂന്നുദിവസം പിന്നിട്ടതോടെ ഇന്നലെ ഡിഎംഒയുടെ നിര്‍ദേശപ്രകാരം ജില്ലാ ആശുപത്രിയില്‍ നിന്നും ഡോക്ടറെത്തി ഗോവിന്ദനുണ്ണിയെ പരിശോധിച്ചിരുന്നു. വൈകീട്ടോടെയാണ് പോലിസ് അറസ്റ്റ് ചെയ്ത് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
രക്ഷാധികാരിയെ അറസ്റ്റ് ചെയ്തതിനു പിറകേ സമരസമിതി അംഗമായ ബിനു രാധാകൃഷ്ണന്‍ നിരാഹാര സമരം ആരംഭിച്ചു. സമരമുഖത്തേക്ക് നാട്ടുകാര്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി വന്നുചേരുന്ന കാഴ്ചയാണ് കാണുന്നത്.
സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ റസിഡന്‍ഷ്യല്‍ കോളനികളില്‍ നിന്നുള്ളവര്‍ കൂട്ടമായാണ് സമരപന്തലില്‍ എത്തുന്നത്. ഇന്നു രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെ സ്ത്രീകള്‍ സമരപന്തലില്‍ ഉപവാസം അനുഷ്ഠിക്കും.
Next Story

RELATED STORIES

Share it