Flash News

നിരാലംബയായ സ്ത്രീക്കു വേണ്ടിയും ദിവ്യബോധനം

നിരാലംബയായ സ്ത്രീക്കു വേണ്ടിയും ദിവ്യബോധനം
X
ഒരു സ്തീ തന്റെ തികച്ചും വ്യക്തിപരമായ കാര്യത്തില്‍ പ്രവാചകനെ കണ്ട് തര്‍ക്കിക്കുക,അല്ലാഹുവിനോട് ആവലാതി ബോധിപ്പിക്കുക എന്നിട്ട് ആ സ്ത്രീക്കു വേണ്ടി പ്രപഞ്ച നാഥന്‍ പ്രശ്‌നത്തിലിടപ്പെട്ട് ഖുര്‍ആന്‍ അവതീര്‍ണമാക്കുക!. കാരുണ്യവാനും കരുണാനിധിയുമായ നാഥന്റെ കാരുണ്യത്തിന്റെയും സൃഷ്ടികളോടുളള ദയാവായ്പിന്റെയും നിദര്‍ശനമെന്നല്ലാതെ എന്തു പറയാന്‍. മദീനയിലെ പ്രമുഖ ഗോത്രങ്ങളിലൊന്നായ ഔസ് ഗോത്രാംഗമായ ഖൗല ബിന്‍ത് ഥഅ്‌ലബയാണ് കഥാ നായിക.
അക്കാലത്ത് അറബികള്‍ക്കിടയില്‍ ഒരു അനാചാരം നിലനിന്നിരുന്നു. കുടുംബ കലഹമുണ്ടാകുമ്പോള്‍ ഭര്‍ത്താവ് ഭാര്യയോട് നീ എനിക്ക് എന്റെ ഉമ്മയുടെ മുതുകു (ളഹര്‍)പോലെയാണ് എന്നു പറയുക. അതോടു കൂടി ഭാര്യ ഭര്‍ത്താവിനു എന്നെന്നേക്കുമായി നിഷിദ്ധയായിത്തീരും. ളിഹാര്‍ എന്നറിയപ്പെട്ടിരുന്ന ഈ സമ്പ്രദായത്തിലൂടെ നിഷിദ്ധയായ ഭാര്യയെ തിരിച്ചെടുക്കാന്‍ ജാഹിലിയ്യാ വ്യവസ്ഥയില്‍ യാതൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. (വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീയെ തിരിച്ചെടുക്കാന്‍ അക്കാലത്ത് വ്യവസ്ഥയുണ്ടായിരുന്നു.)

ഔസ്ബ്‌നു സ്വാമിതായിരുന്നു ഖൗല ബിന്‍ത് ഥഅ്‌ലബയുടെ ഭര്‍ത്താവ് .വൃദ്ധനായിരുന്ന അദ്ദേഹത്തിനു അല്പം മുന്‍കോപമുണ്ടായിരുന്നു. ഒരിക്കല്‍ ദമ്പതികള്‍ തമ്മില്‍ സംഗതി വശാല്‍ ഉടക്കി. കലഹത്തിനിടയില്‍ ഭര്‍ത്താവ് ഭാര്യയെ ളിഹാര്‍ ചെയ്തു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഖൗല ബിന്‍ത് ഥഅ്‌ലബ പ്രവാചക സന്നിധിയിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. തന്റെയും കുട്ടികളുടെയും വൃദ്ധനായ ഭര്‍ത്താവിന്റെയും ജീവിതം തകര്‍ന്നു പോകാതിരിക്കാന്‍ എന്തെങ്കിലും നിവൃത്തിയുണ്ടോയെന്നന്വേഷിച്ചു. തന്റെ ഭര്‍ത്താവ് തലാഖിന്റെ വാചകങ്ങള്‍ ഉച്ചരിച്ചിട്ടില്ലെന്ന് അവര്‍ പ്രവാചകനോട് ആവര്‍ത്തിച്ച് ബോധിപ്പിച്ചു.

ഈ വിഷയത്തില്‍ തനിക്ക് ഇതുവരെ  വിധിയൊന്നും വന്നിട്ടില്ലെന്നും എന്റെ അഭിപ്രായത്തില്‍ നിങ്ങളദ്ദേഹത്തിനു നിഷിദ്ധയായിരിക്കുന്നുവെന്നും പ്രവാചകന്‍ പ്രതികരിച്ചെങ്കിലും ഖൗല വിട്ടില്ല.തന്റെയും കുടുബത്തിന്റെയും ഭാവി തകര്‍ന്നു പോകാതിരിക്കാന്‍ വേണ്ടി എന്തെങ്കിലും വഴിയുണ്ടാക്കിത്തരണമെന്ന് അവര്‍ പ്രവാചകനോട് കെഞ്ചിക്കൊണ്ടിരുന്നു. ലോകര്‍ക്കു മുഴുവന്‍ അനുഗ്രഹമായി നിയോഗിക്കപ്പെട്ടവനും വിശ്വാസികളോട് അങ്ങേയറ്റം കരുണയുളളവനുമാണെങ്കിലും പ്രവാചകന് ഈ വിഷയത്തില്‍ സ്വന്തമായി ഒരു പരിഹാരം നിര്‍ദ്ദേശിക്കുക സാധ്യമായിരുന്നില്ല. ഖൗല വീണ്ടും വീണ്ടും പ്രവാചകനോട് കേണപേക്ഷിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ തിരുമേനിക്ക് ദിവ്യബോധനം അവതരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമായി. മയക്കത്തില്‍ നിന്നുണര്‍ന്ന പ്രവാചകന്‍ ഈ ഖുര്‍ആന്‍ വാക്യങ്ങള്‍ ഓതി കേള്‍പ്പിച്ചു:
'സ്വന്തം ഭര്‍ത്താവിനെക്കുറിച്ച് താങ്കളോട് തര്‍ക്കിക്കുകയും അല്ലാഹുവിനോട് ആവലാതിപ്പെടുകയും ചെയ്യുന്ന സ്ത്രീയുടെ വാക്ക് അല്ലാഹു കേട്ടിരിക്കുന്നു. അല്ലാഹു നിങ്ങളുടെ സംവാദം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണല്ലോ.
നിങ്ങളില്‍ സ്വന്തം ഭാര്യമാരെ ളിഹാര്‍ ചെയ്യുന്നവരുണ്ടല്ലോ, ആ ഭാര്യമാര്‍ അവരുടെ മാതാക്കളല്ല.അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ചവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അവര്‍ നിഷിദ്ധമായ വാക്കും അസത്യവുമാണ് പറയുന്നത്. തീര്‍ച്ചയായും അല്ലാഹു ഏറെ വിട്ടു വീഴ്ച ചെയ്യുന്നവനും പൊറുക്കുന്നവനുമാണ്.
സ്വന്തം ഭാര്യമാരെ ളിഹാര്‍ ചെയ്യുകയും എന്നിട്ട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്ന പുരുഷന്‍മാര്‍ പിന്നെ ഭാര്യയുമായി ശയിക്കുന്നതിനു മുമ്പ് ഒരു അടിമയെ മോചിപ്പിക്കേണ്ടതാകുന്നു. അത് നിങ്ങള്‍ക്കു നല്‍കപ്പെടുന്ന ഉപദേശമാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തിനെക്കുറിച്ചും അല്ലാഹു സൂക്ഷമജ്ഞാനമുളളവനാകുന്നു. ഇനി വല്ലവനും (അടിമയെ) ലഭിക്കാത്ത പക്ഷം അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി പുരുഷന്‍ തുടര്‍ച്ചയായി രണ്ടു മാസക്കാലം വ്രതമനുഷ്ഠിക്കേണ്ടതാകുന്നു. അതിനു കഴിയില്ലെങ്കില്‍ അവന്‍ അറുപതു പാവങ്ങള്‍ക്ക് അന്നം കൊടുക്കേണ്ടതാകുന്നു.
നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കേണ്ടതിനത്രെ ഈ നിയമം നല്‍കിയിട്ടുളളത്. ഇവ അല്ലാഹു നിര്‍ണയിച്ച പരിധികളാകുന്നു.നിഷേധിക്കുന്നവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്.
(വിശുദ്ധ ഖുര്‍ആന്‍ അധ്യായം 58 സൂറ: അല്‍ മുജാദല)
Next Story

RELATED STORIES

Share it