kozhikode local

നിരവധി ബൈക്കുകള്‍ മോഷ്ടിച്ച സംഘത്തെ പിടികൂടി

കോഴിക്കോട്: മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്ന് ബുള്ളറ്റ് ഉള്‍പ്പെടെ ബൈക്കുകള്‍ മോഷ്ടിച്ച പ്രായപൂര്‍ത്തിയാവാത്ത കുട്ടി ഉള്‍പ്പെട്ട സംഘത്തെ കോഴിക്കോട് സൗത്ത് അസി. കമ്മീഷണര്‍ അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും ചെമ്മങ്ങാട് പോലിസും ചേര്‍ന്ന് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ചെമ്മങ്ങാട് എസ്‌ഐ വി സീതയുടെ നേതൃത്വത്തില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് സംഘം വലയിലായത്. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് ഓവര്‍ബ്രിഡ്ജിനു അടുത്തുള്ള കലക്ടേഴ്‌സ് റോഡില്‍ മൂന്നുപേര്‍ സഞ്ചരിച്ച ബുള്ളറ്റ് പരിശോധിച്ചതില്‍ സംഘം ബൈക്കുകള്‍ മോഷ്ടിക്കാനായി പുറപ്പെട്ടതാണെന്ന് മനസ്സിലാ യി. ചോദ്യം ചെയ്തതില്‍ പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കോഴിക്കോട് പുതിയസ്റ്റാന്റില്‍ നി ന്ന് മോഷ്ടിച്ചതാണെന്ന് മനസ്സിലാവുകയും തുടര്‍ന്ന് പ്രതികളായ ഉണ്ണികുളം വള്ളിയോത്ത് സ്വദേശി വള്ളിക്കാട്ടില്‍ മുനവിര്‍, കാക്കൂര്‍ പാവങ്ങല്‍ മര്‍വ ഹൗസില്‍ ഷബീല്‍, പ്രായപൂര്‍ത്തിയാവാത്ത കുട്ടി എന്നിവരെ ചെമ്മങ്ങാട് എസ്‌ഐ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതികളെ ചോദ്യം ചെയ്തതില്‍ പലസ്ഥലങ്ങളില്‍ നിന്നായി പത്തോളം ബൈക്കുകള്‍ മോഷ്ടിച്ചതായി മനസ്സിലായി. മൂന്ന് മാസത്തിനിടെയാണ് പ്രതികള്‍ ഇത്രയും ബൈക്കുകള്‍ മോഷ്ടിച്ചത്. മോഷ്ടിച്ച ബൈക്കുകള്‍ കഞ്ചാവിനും മദ്യത്തിനും അടിമകളായ പ്രതികള്‍ തുച്ഛമായ തുകയ്ക്ക് വില്‍ക്കുകയും ചെയ്തു. ഒരു ലക്ഷം വിലവരുന്ന പള്‍സര്‍ ബൈക്ക് 10,000 രൂപയ്ക്കും രണ്ടരലക്ഷത്തോളം വിലവരുന്ന ബുള്ളറ്റ് 20000 രൂപക്കും കൈമാറിയതായി അറിവുണ്ട്.  പ്രതികള്‍ പലരും ഇതിനുമുമ്പ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതിനുംവില്‍പന നടത്തിയതിനും പിടിയിലായിട്ടുണ്ട്. കോഴിക്കോട് ജെഎഫ്‌സിഎം ഒന്നാംകോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു. അന്വേഷണസംഘത്തില്‍ ക്രൈംസ്‌ക്വാഡ് എസ്‌ഐ സൈതലവി, എസ് സിപിഒ അബ്ദുറഹിമാന്‍, രമേശ്ബാബു, രാമചന്ദ്രന്‍, മഹേഷ്, ഷാഫി എന്നിവരും ചെമ്മങ്ങാട് അഡീ. എസ്‌ഐ ഉണ്ണികൃഷ്ണന്‍, എസ് സിപിഒ മുരളീധരന്‍, സിപിഒ റിയാസ് എന്നിവരും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it