malappuram local

നിരന്തര ശ്രമങ്ങള്‍ക്കൊടുല്‍ ഗിന്നസ് നേട്ടവുമായി മാറഞ്ചേരിക്കാരുടെ അബൂബക്കര്‍



ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: ജേതാക്കള്‍ വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യുന്നില്ല. അവര്‍ കാര്യങ്ങളെ വ്യത്യസ്തമായി ചെയ്യുന്നവരാണ്. മാറഞ്ചേരിക്കാരനായ അബൂബക്കര്‍ എന്ന പ്രവാസി ഗിന്നസ് റെക്കോര്‍ഡിലേക്ക് നടന്നു കയറിയത് ഈ തത്വം നൂറു ശതമാനവും മുറുകെ പിടിച്ചാണ്. കഠിന ശ്രമങ്ങള്‍ക്ക് പകരം സ്വന്തം ജോലി ആസ്വദിച്ചും സ്മാര്‍ട്ടായും ചെയ്തപ്പോള്‍ അബൂബക്കര്‍ സ്വന്തമാക്കിയത്  ലോക റെക്കോര്‍ഡ്.അബൂബക്കര്‍ എന്ന പ്രവാസി വ്യവസായിയുടെ കെട്ടിട നിര്‍മാണം ഗിന്നസ് ബുക്കില്‍ ഇടം നേടിയത് ആകസ്മികമല്ല .മനസ്സില്‍ കുറച്ചിട്ട ചിന്തകളും സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാക്കാനുള്ള ഇച്ഛാശക്തിയും ഒപ്പം നില്‍ക്കുന്ന തൊഴിലാളികളും കൂടിച്ചേര്‍ന്നപ്പോള്‍ ആ വിജയം സ്വന്തം പേരില്‍ കുറിച്ചിടുകയായിരുന്നു അബൂബക്കര്‍ എന്ന മാറഞ്ചേരിക്കാരന്‍ .ഓരോ തിരിച്ചടികളില്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിച്ച് നിരന്തരശ്രമങ്ങളുടെ അനിവാര്യമായ വിജയം .അതാണ് ഈ ഗിന്നസ് റെക്കോര്‍ഡ്.ഇപ്പോഴിതാ ഗിന്നസ് നേട്ടത്തിലൂടെ ഒരു രാജ്യത്തിന്റെ തന്നെ അഭിമാനമായിയിരിക്കുകയാണ് അബൂബക്കര്‍.കെട്ടിട നിര്‍മാണത്തിലൂടെ ലോക റെക്കോഡുമായി ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിരിക്കുകയാണ് അബൂബക്കര്‍ മടപ്പാട്ട്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ സമയം കോണ്‍ക്രീറ്റ് മിശ്രിതം നിറച്ചാണ് ഗിന്നസ് ബുക്കില്‍ കയറിയത്. 62 മണിക്കൂര്‍ തുടര്‍ച്ചയായി കോണ്‍ക്രീറ്റ് മിശ്രിതം നിറച്ചതിലൂടെ 20,246 ഘന മീറ്റര്‍ സ്ഥലം കോണ്‍ക്രീറ്റ് ചെയ്തതിലൂടെയാണ്  നിലവിലെ 19,793 ഘന മീറ്റര്‍ റെക്കോഡ്  മറികടന്ന് ഷാര്‍ജ മുവൈലയില്‍ പ്രവാസി മലയാളിയായ അബൂബക്കര്‍  ലോകത്തിന്റെ നെറുകയിലെത്തിയത്. ഒത്തിരി പരാജയങ്ങള്‍ക്കും തിരിച്ചടികള്‍ക്കും ശേഷം കാത്തിരുന്ന വിജയം എന്നാണ് തന്റെ ഗിന്നസ് നേട്ടത്തെക്കുറിച്ച് അബൂബക്കറിന് പറയാനുള്ളത്. മാറഞ്ചേരി പരിച്ചകം സ്വദേശി മടപ്പാട്ട് അബൂബക്കറിറെ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഫാരി ഗ്രൂപ്പ്  ആദ്യമായി ഷാര്‍ജ മുവൈലയില്‍ പത്ത് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള നാല് നിലകളിലായി 300 ദശലക്ഷം ദിര്‍ഹം ചെലവിട്ട് നിര്‍മിക്കുന്ന കെട്ടിടത്തിനായാണ് കോണ്‍ക്രീറ്റ് മിശ്രിതം നിറച്ചത്. 600 ലധികം തൊഴിലാളികളാണ് ലോക റെക്കോര്‍ഡിട്ട കോണ്‍ക്രീറ്റ് നിറച്ചത്. ട്രക്കുകള്‍ 2600 ട്രിപ്പടിച്ചാണ് ആവശ്യമായ കോണ്‍ക്രീറ്റ് സ്ഥലത്തെത്തിച്ചത്. 5500 ടണ്‍ കമ്പിയാണ് ഈ കോണ്‍ക്രീറ്റിനായി വേണ്ടിവന്നത്. ഇത് യഥാര്‍ഥത്തില്‍ ഒരാളുടെ നേട്ടമല്ല മറിച്ച് കൂട്ടായ്മയുടെ വിജയമെന്ന് അബൂബക്കര്‍ പറയുന്നു .നിരന്തരമുള്ള സ്വപ്‌നത്തിന്റെ സാക്ഷാത്കാരം മനക്കരുത്തിന്റെ രൂപത്തില്‍ എത്തിയപ്പോള്‍ ഒപ്പം ഒരേ മനസ്സോടെ നില്‍ക്കാന്‍ തൊഴിലാളികളും സന്നദ്ധനായപ്പോള്‍ ലഭിച്ച വിജയം. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജ നഗരസഭ ഡയറക്ടര്‍ ജനറല്‍ സാബിത് സലിം ആല്‍ താരിഫിയും മടപ്പാട്ട് അബൂബക്കറും ചേര്‍ന്ന് ഗിന്നസ് അധികൃതരില്‍ നിന്നും റെക്കോര്‍ഡ് ഏറ്റുവാങ്ങി. ഏറ്റവും കൂടുതല്‍ സമയം കോണ്‍ക്രീറ്റ് മിശ്രിതം നിറച്ചതിനുള്ള റെക്കോര്‍ഡ് അബൂബക്കറിന് സ്വന്തം.റെക്കോര്‍ഡ് നേട്ടത്തിന്റെ മുഴുവന്‍ ക്രഡിറ്റും തന്റെ തൊഴിലാളികള്‍ക്ക് നല്‍കുന്നുവെന്നാണ്  റെക്കോര്‍ഡ് ഏറ്റുവാങ്ങിയശേഷം ഇദ്ദേഹത്തിന്റെ പ്രതികരണം.
Next Story

RELATED STORIES

Share it