നിയമസഭാ തിരഞ്ഞെടുപ്പ്: 7 സ്ഥാനാര്‍ഥികള്‍ നിരക്ഷരര്‍; 202 കോടീശ്വരന്മാര്‍

ന്യൂഡല്‍ഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് പേര്‍ നിരക്ഷരര്‍. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോം(എഡിആര്‍) നടത്തിയ ഏറ്റവും പുതിയ സര്‍വേയിലാണ് ഈ വിവരമുള്ളത്. 669 സ്ഥാനാര്‍ഥികള്‍ അഞ്ചാംതരത്തിനും 12ാം തരത്തിനുമിടയില്‍ വിദ്യാഭ്യാസമുള്ളവരാണ്. 380 പേര്‍ ബിരുദവും അതിനു മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. 29 പേര്‍ പ്രാഥമിക സാക്ഷരത നേടിയവരുമാണ്.
മല്‍സരിക്കുന്നവരില്‍ 202 കോടീശ്വരന്മാരുണ്ട്. കോടിപതി സ്ഥാനാര്‍ഥികളില്‍ 43 പേര്‍ കോണ്‍ഗ്രസ്സുകാരും 24 പേര്‍ സിപിഎമ്മുകാരുമാണ്. ബിജെപിയുടെയും ഭാരത്ധര്‍മ ജനസേനയുടെ 18 സ്ഥാനാര്‍ഥികള്‍ വീതവും അണ്ണാ ഡിഎംകെയുടെ രണ്ടും മുസ്‌ലിംലീഗിന്റെ 17ഉം കേരളാകോണ്‍ഗ്രസ്സി(എം)ന്റെ ഒമ്പതും 30 സ്വതന്ത്രന്മാരും കോടീശ്വരന്മാരാണ്. ഇവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ ഒരു കോടിയിലേറെ സ്വത്തുണ്ടെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥിയുടെ ശരാശരി സ്വത്ത് 1.28 കോടിയാണ്. ആകെയുള്ള 1125 സ്ഥാനാര്‍ഥികളില്‍ 311 പേര്‍ ക്രിമിനല്‍ കേസിലെ പ്രതികളാണ്. സിപിഎമ്മിന്റെ 72ഉം ബിജെപിയുടെ 42ഉം കോണ്‍ഗ്രസ്സിന്റെ 37ഉം സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണ്. 43 സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കെതിരേയും ക്രിമിനല്‍ കേസുകളുണ്ട്.
സ്ഥാനാര്‍ഥികളില്‍ 496 പേര്‍ പാന്‍കാര്‍ഡ് വിവരങ്ങളും 843 പേര്‍ ആദായനികുതി വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. 651 സ്ഥാനാര്‍ഥികള്‍ 25നും 50നും ഇടയില്‍ പ്രായമുള്ളവരാണെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. 451 പേര്‍ക്ക് 51നും 80നും ഇടയില്‍ പ്രായമുണ്ട്. ആറ് സ്ഥാനാര്‍ഥികള്‍ 80 വയസ്സിലേറെ പ്രായമുള്ളവരാണ്. രണ്ട് സ്ഥാനാര്‍ഥികള്‍ വയസ്സ് വെളിപ്പെടുത്തിയിട്ടില്ല. 104 വനിതകളാണ് മല്‍സരരംഗത്തുള്ളത്. കേരള ഇലക്ഷന്‍ വാച്ചും എഡിആറും ചേര്‍ന്നാണ് സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലം അടിസ്ഥാനമാക്കി സര്‍വേ നടത്തിയത്. തിങ്കളാഴ്ചയാണ് വേട്ടെടുപ്പ്.
Next Story

RELATED STORIES

Share it