നിയമവാഴ്ചയില്ല: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്ഥാനത്തു സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കാസര്‍കോട് ജില്ലയില്‍ തുടര്‍ച്ചയായി മൂന്നു വീട്ടമ്മമാര്‍ കൊല്ലപ്പെട്ട സംഭവം നിയമസഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണു പ്രതിഷേധം. ക്രമസമാധാനനില ഭദ്രമാണെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ പൊതുസ്ഥിതിയെന്നു വരുത്തിത്തീര്‍ക്കാനാണു ചിലര്‍ ശ്രമിക്കുന്നതെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൂന്നു വീട്ടമ്മമാര്‍ അടുത്തടുത്ത സമയങ്ങളില്‍ കൊല്ലപ്പെട്ട സംഭവത്തെ ലാഘവത്തോടെയാണു മുഖ്യമന്ത്രി കണ്ടതെന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ എന്‍ എ നെല്ലിക്കുന്ന് പറഞ്ഞു. കേരളീയര്‍ക്കു സ്വസ്ഥതയില്ലാത്ത അവസ്ഥയായി. കള്ളന്‍മാരുടെയും കൊള്ളക്കാരുടെയും താവളമായി കേരളം മാറി. സംസ്ഥാനത്ത് പോലിസ് ഇല്ലെന്ന് സാമൂഹികദ്രോഹികള്‍ക്ക് തോന്നിയതിനാലാണ് അക്രമികള്‍ അഴിഞ്ഞാടുന്നതെന്നും നെല്ലിക്കുന്ന്് കുറ്റപ്പെടുത്തി.  ഡിജിപിയേക്കാള്‍ മുകളില്‍ ഇപ്പോള്‍ സിപിഎം ഏരിയാ സെക്രട്ടറിമാരാണ്. പോലിസ് സ്‌റ്റേഷനില്‍ എസ്‌ഐക്ക് ഒരു കസേരയും ഏരിയാ സെക്രട്ടറിക്ക് മറ്റൊരു കസേരയുമെന്ന സ്ഥിതിയാണ്. മുഖ്യമന്ത്രി ശൈലിയില്‍ മാറ്റംവരുത്തണമെന്ന നിര്‍ദേശവും നെല്ലിക്കുന്ന് മുന്നോട്ടുവച്ചു. സര്‍ക്കാരിനെ എതിര്‍ക്കുന്നതിന്റെ ഭാഗമായി വസ്തുതകള്‍ മറച്ചുവച്ചാണ് നെല്ലിക്കുന്ന് സംസാരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് ഉണ്ടായ മൂന്നു കേസുകളിലും പോലിസ് ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ശരിയായ വിധത്തില്‍ അന്വേഷണം നടത്തിവരികയാണ്. കുറ്റകൃത്യങ്ങള്‍ ഉയര്‍ന്നുവരുന്ന ഘട്ടത്തില്‍ അവ അന്വേഷിച്ച് കുറ്റവാളികളെ നിയമനത്തിനു മുന്നില്‍ കൊണ്ടുവരാനും കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാണു സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ക്രമസമാധാനരംഗം മെച്ചപ്പെട്ട നിലയിലേക്കു വരുന്നുണ്ട്. പോലിസിന്റെ നിലവിലുള്ള ഇടപെടലുകളിലും തന്റെ ശൈലിയിലും യാതൊരുമാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it