Flash News

നിയമം ലംഘിച്ചാല്‍ ആരായാലും സര്‍ക്കാര്‍ നടപടിയെടുക്കും



ആലുവ: തോമസ് ചാണ്ടിക്കെതിരേ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാല്‍ ആരായാലും സര്‍ക്കാര്‍ അവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ഓരോരുത്തരും അവരുടെ നിലവാരം അനുസരിച്ചാണു സംസാരിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നത് സിപിഐയുടെയും ഇടതുമുന്നണിയുടെയും പ്രഖ്യാപിത നയമാണ്. ഇക്കാര്യത്തില്‍ വെള്ളം ചേര്‍ക്കില്ല. ഇതുതന്നെയാണ് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡിയും പറഞ്ഞിട്ടുള്ളത്. ഇതിനെതിരേ തോമസ് ചാണ്ടി നടത്തിയ ആരോപണം ജനം തള്ളിക്കളയും. എല്‍ഡിഎഫ് മന്ത്രിസഭയില്‍ നിന്ന് ഇ പി ജയരാജനും എ കെ ശശീന്ദ്രനും രാജിവച്ചത് മുന്നണി ആവശ്യപ്പെട്ടിട്ടല്ല. അതാതു നേതാക്കള്‍ സ്വയം എടുത്ത തീരുമാനം അവരുടെ പാര്‍ട്ടിയും മുന്നണിയും അംഗീകരിക്കുകയായിരുന്നു. തോമസ് ചാണ്ടി ഇപ്പോള്‍ രാജിവയ്ക്കണമോയെന്ന് തീരുമാനിക്കേണ്ടത് എന്‍സിപിയാണ്. അല്ലെങ്കില്‍ ആരോപണം തെളിയുന്നതുവരെ കാത്തിരിക്കണം. രമേശ് ചെന്നിത്തലയുടെ ജാഥ ബിജെപിയെ സഹായിക്കാനാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തിയാല്‍ അതിന്റെ ഗുണം ബിജെപിക്ക് ലഭിക്കും. മതനിരപേക്ഷതയ്ക്കായി മതേതര കക്ഷികള്‍ ഒന്നിച്ച് ബിജെപിക്കെതിരേ പോരാടണമെന്നാണു കേന്ദ്രത്തില്‍ എ കെ ആന്റണി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഇവിടെ സംസ്ഥാന സര്‍ക്കാരിനെതിരേ 'പടയൊരുക്കം' നടത്തുകയാണ്. വര്‍ഗീയതയെ ചെറുക്കാന്‍ കോണ്‍ഗ്രസ്സുമായി ചേരണമോയെന്ന കാര്യത്തില്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് അന്തിമതീരുമാനമെടുക്കും. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നവരാണു മലയാളികള്‍ എന്നതിനു തെളിവാണ് വേങ്ങരയിലെ വോട്ടിങ് നില. രാജ്യത്തിന്റെ പേര് ഹിന്ദുസ്ഥാന്‍ എന്നാക്കാനാണ് ബിജെപി ശ്രമം. ബിജെപിയുടെ യാത്ര കേരളത്തെ ഉയര്‍ത്താനല്ല, മറിച്ച് ഇകഴ്ത്താനായിരുന്നുവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. പി രാജു, യു വിക്രമന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it