Flash News

നിപ: രണ്ടു മരണംകൂടി; നിയന്ത്രണവിധേയമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി/കോഴിക്കോട്: കേരളത്തിലെ നിപാ വൈറസ് ബാധ നിയന്ത്രണവിധേയമാണെന്നും ഭയപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ പി നദ്ദ. കേരളത്തിലെ സാഹചര്യങ്ങള്‍ അതിസൂക്ഷ്മമായി വിലയിരുത്തിവരുകയാണെന്നും ആരോഗ്യപരിപാലന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ആരോഗ്യമന്ത്രാലയം സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിപാ വൈറസ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ വിശ്വസിച്ച് പരിഭ്രാന്തരാവരുത്.  ആരോഗ്യപ്രവര്‍ത്തകര്‍ക്കു ശക്തമായ പ്രതിരോധശേഷിയുള്ള ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും നല്‍കിവരുകയാണ്. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍നിന്നുള്ള (എന്‍സിഡിസി) സംഘം ഇപ്പോള്‍ കേരളത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, കോഴിക്കോട്ട് നിപാ ലക്ഷണങ്ങളോടെ ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൂരാച്ചുണ്ട് മടമ്പിലുമീത്തല്‍ രാജന്‍ (45), നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നാദാപുരം പാറക്കടവ് ചെക്യാട് തട്ടാന്റവിട അശോകന്‍ (49) എന്നിവരാണ് മരിച്ചത്. വവ്വാല്‍ ഭക്ഷിച്ചതിന്റെ ബാക്കി മാമ്പഴം ഭക്ഷിച്ചതാവാം രോഗബാധയ്ക്കു വഴിയൊരുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
പരിശോധനയ്ക്കയച്ച 18 സാംപിളുകളില്‍ 12 എണ്ണത്തിലും രോഗം സ്ഥിരീകരിച്ചു. ഇതില്‍ 10 പേര്‍ ഇതിനകം മരിച്ചു.  നഴ്‌സ് ലിനിക്കും നിപാ വൈറസ് ബാധ ആയിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. മലപ്പുറം തെന്നല കൊടേക്കല്‍ മണ്ണത്തനാത്തുപടിക്കല്‍ ഉബീഷിന്റെ ഭാര്യ ഷിജിത (23), മൂന്നിയൂര്‍ പാലക്കത്തൊടി മേച്ചേരി മണികണ്ഠന്റെ ഭാര്യ സിന്ധു (36), മൂര്‍ക്കനാട് കൊളത്തൂര്‍ വേലായുധന്‍ (48) എന്നിവരും മരിച്ചത് നിപ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഷിജിതയുടെ ഭര്‍ത്താവ് കോഴിക്കോട്ട് ചികില്‍സയിലാണുള്ളത്.  പൂനെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ച സാംപിളുകളുടെ പരിശോധനാഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അേതസമയം, നിപയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it