malappuram local

നിപാ വൈറസ്: മലപ്പുറത്ത് മൂന്ന് മരണം

മലപ്പുറം: ജില്ലയിലെ മൂന്ന് പനി മരണങ്ങള്‍ നിപാ വൈറസ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആരോഗ്യ വിഭാഗം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞദിവസം പനിമൂലം ചികില്‍സയിലിരിക്കെ മരിച്ച തെന്നല സ്വദേശി ഷിജിത, മൂന്നിയൂര്‍ പാലക്കത്തൊടി സിന്ദു, മൂര്‍ക്കനാട് കൊളത്തൂര്‍ വേലായുധന്‍ എന്നിവരുടെ മരണമാണ് നിപാ വൈറസ് ബാധയാണെന്ന് ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചത്. ഇതോടെ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തുകയായിരുന്നു. ഇന്നലെ കലക്ടറേറ്റില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
അവധിയിലുള്ള മുഴുവന്‍ ആരോഗ്യ വകുപ്പ് ജീവനക്കാരും ഉടന്‍ തിരിച്ചെത്തണമെന്ന് ഡിഎംഒ ഉത്തരവിട്ടിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും നിപാ വൈറസ് പ്രതിരോധിക്കുന്നതിനുള്ള പ്രോട്ടോകോള്‍ നല്‍കി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സഹകരണം ഇതിനായി ഉറപ്പാക്കിയിട്ടുണ്ട്. ആശുപത്രികളില്‍ പനിയുമായെത്തുന്നവരുടെ വിവരങ്ങള്‍ അപ്പപ്പോള്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം. രോഗ ലക്ഷണമുള്ളവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുകയും കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിപാ പ്രതിരോധ നോഡല്‍ ഓഫിസറുമായി ബന്ധപ്പെടുകയും വേണം. മൂന്നിയൂര്‍ ആലിന്‍ചുവട് പാലക്കത്തൊടു സ്വദേശി മേച്ചേരി സുബ്രമണ്യന്റെ ഭാര്യ സിന്ധുവും തെന്നല കൊടക്കല്ല് സ്വദേശി മണ്ണത്താനത്ത് പടിക്കല്‍ ഉബീഷിന്റെ ഭാര്യ സുജിതയും മരിച്ചത് നിപ വൈറസ് ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ പ്രദേശത്തുകാര്‍ ഭീതിയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും പനി ബാധിച്ച് മരിച്ചത്. മെയ് 15 മുതലാണ് രണ്ടുപേര്‍ക്കും പനി അനുഭവപ്പെട്ടത്. രണ്ടു പേര്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. അപകടത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മരിച്ച ഷിജിതയുടെ ഭര്‍ത്താവ് ഉബീഷിനൊപ്പം ഒരാഴ്ച ഷിജിതയും ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. മരിച്ച മൂന്നിയൂര്‍ സ്വദേശി സിന്ധുവും പനി ബാധിക്കുന്നതിനു മുന്‍പ് അമ്മയോടൊപ്പം മെഡിക്കല്‍ കോളജില്‍ പോയിരുന്നു.
ഷിജിതയ്ക്ക് അസഹനീയമായ കാലുവേദനയും വിറയലുമാണ് തുടങ്ങിയത്. വെന്നിയൂരിലെ സ്വകാര്യ ആശുപത്രിയിലും കോട്ടക്കലിലും പിന്നീട് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികില്‍സ തേടിയെങ്കിലും മാറ്റമുണ്ടായില്ല. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് ഞായറാഴ്ച മരിച്ചത്. മൂന്നിയൂര്‍ സ്വദേശി സിന്ധു പനി മൂലം രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ചികില്‍സ തേടിയിരുന്നു. പിന്നീട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിച്ചു. തെന്നലയില്‍ മരിച്ച ഷിജിതയുടെ ഭര്‍ത്താവ് ഉബീഷിനെ പനി മൂലം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് നിപ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരണമില്ല.
Next Story

RELATED STORIES

Share it