നിപാ വൈറസ് ബാധ: ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി കെ കെ ശൈലജ

മലപ്പുറം: നിപാ വൈറസ് ബാധ സംബന്ധിച്ച് പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമാണ്.
പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. നിപാ വൈറസ് ബാധമൂലം മരിച്ച മൂന്ന് മലപ്പുറം സ്വദേശികളിലേക്ക് രോഗം പകര്‍ന്നത് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയ്‌ക്കെത്തിയവരില്‍ നിന്നാണ്. നിപാ വൈറസ് ഉറവിടം മലപ്പുറത്ത് ഉള്ളതായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ജാഗ്രത പുലര്‍ത്തണം.
വൈറസ് ബാധയുള്ളവരുമായി സമ്പര്‍ക്കത്തിലായിരുന്നവരെ പ്രത്യേകം കണ്ടെത്തി നിരീക്ഷിച്ച് വരുകയാണ്. നിപാ വൈറസ് ലക്ഷണം കണ്ടെത്തിയ 18 പേരുടെ സാംപിളുകള്‍ പരിശോധിച്ചെങ്കിലും 12 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 10 പേര്‍ മരിക്കുകയും രണ്ടുപേര്‍ അത്യാസന്ന നിലയിലുമാണ്. ആറുപേര്‍ക്ക് വൈറസ് ബാധയില്ലെന്നും മന്ത്രി പറഞ്ഞു.
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രോഗബാധ സംശയിക്കുന്നവരുടെ സാംപിളുകള്‍ മണിപ്പാലിലേക്ക് അയക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത്തരം പനിബാധിതരെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തിഗത സുരക്ഷാ യൂനിറ്റുകള്‍ ഉപയോഗിക്കുകയും മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. വൈറസ് ബാധ സംശയിക്കുന്ന രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനു മുമ്പ് ജില്ലാ മെഡിക്കല്‍ ഓഫിസറെ അറിയിക്കണം.
അതീവ മുന്‍കരുതലോടെ മാത്രമേ ഇത്തരം രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റാവൂ. എല്ലാ ആശുപത്രികളും ചികില്‍സാ മാനദണ്ഡം നിര്‍ബന്ധമായും പാലിക്കണം. ഓരോ ആശുപത്രികളിലും പനി ബാധിച്ച് ചികില്‍സയ്‌ക്കെത്തുന്നവരുടെ വിവരങ്ങള്‍ അതത് ദിവസം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണം.
മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
എംഎല്‍എമാരായ പി അബ്ദുല്‍ ഹമീദ്, എം ഉമര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, ജില്ലാ കലക്ടര്‍ അമിത് മീണ, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. അരുണ്‍, ഡോ. ദിലീപ്,  ഡോ. കെ സക്കീന, കേന്ദ്ര ആരോഗ്യ സംഘത്തിലുള്ള എന്‍സിഡിസി ഡയറക്ടര്‍ ഡോ. സുജീത് സിങ്, എന്‍സിഡിസി എപിഡമോളജി വകുപ്പ് മേധാവി ഡോ. എസ് കെ ജയിന്‍, ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it