Flash News

നിപാ: രണ്ടാംഘട്ടത്തെ നേരിടാന്‍ അതീവ ജാഗ്രത

കോഴിക്കോട്: നിപായുടെ രണ്ടാംഘട്ടം ആരംഭിച്ചെന്ന സംശയം ബലപ്പെടുത്തി രണ്ടു ദിവസത്തിനകം മൂന്നുപേര്‍ കൂടി മരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത കൂടുതല്‍ ശക്തമാക്കി.  കോഴിക്കോട് ജില്ലാ കോടതി സൂപ്രണ്ട് മധുസൂദനന്‍ മരിച്ച  സാഹചര്യത്തില്‍ കോടതി സമുച്ചയത്തില്‍ തിരക്ക് ഏറെയുള്ള കോടതികളുടെ പ്രവര്‍ത്തനം ജൂണ്‍ ആറുവരെ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ നിര്‍ദേശം നല്‍കി.
മജിസ്‌ട്രേറ്റ് കോടതികള്‍ക്കും കുടുംബകോടതിക്കുമാണ് നിര്‍ദേശം ബാധകമെന്നും ഹൈക്കോടതിയിലെ സബോര്‍ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാര്‍ കെ ഹരിപാല്‍ അറിയിച്ചു. തിരക്കുള്ള കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും കോടതിയുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കും. ജൂണ്‍ ആറിന് സ്ഥിതി വിലയിരുത്തി റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇതിനനുസരിച്ച് തുടര്‍ന്ന് തീരുമാനമെടുക്കുമെന്നും രജിസ്ട്രാര്‍ അറിയിച്ചു.
ജില്ലാ കോടതി അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ യു വി ജോസ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ആറ് ഡോക്ടര്‍മാരോടും കൂടെയുണ്ടായിരുന്ന എട്ടു നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരോടും ഒരാഴ്ചത്തേക്ക് അവധിയില്‍ പ്രവേശിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
നിപാ ബാധിച്ചു മരിച്ച ഇസ്മായില്‍, റസിന്‍ എന്നിവര്‍ ബാലുശ്ശേരി ആശുപത്രിയിലാണ് ആദ്യഘട്ടത്തില്‍ ചികില്‍സ തേടിയിരുന്നത്. അതിനാലാണ് ആ സമയത്ത് അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കിയത്. ഇവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ആശുപത്രിയില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും മാത്രമാണ് വൈറസ് പകര്‍ന്നതെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ ഇതുവരെയുള്ള കണക്കുകൂട്ടല്‍. ഈ കണക്കുകൂട്ടലുകളാണ് റസിന്റെ മരണം തെറ്റിച്ചത്.
ഇതുവരെ 17 പേരാണ് നിപാ ബാധിച്ചു മരിച്ചത്. സ്ഥിരീകരിച്ച രണ്ടുപേരൊഴികെ ബാക്കിയുള്ളവരെല്ലാം മരണത്തിന് കീഴടങ്ങി. ഇതില്‍ നഴ്‌സിങ് വിദ്യാര്‍ഥി സുഖംപ്രാപിച്ചു എന്ന വാര്‍ത്ത ഏറെ ആശ്വാസകരമാണ്. രോഗമുള്ള ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. അതിനിടെ, 150ഓളം ആളുകള്‍ ഇന്നലെ നിപാ ഹെല്‍പ് സെന്ററില്‍ തങ്ങളുടെ വിവരങ്ങള്‍ നല്‍കി.
Next Story

RELATED STORIES

Share it