Flash News

നിപാ ഭീതി അകലുന്നു; വരുന്ന അഞ്ച് ദിവസം നിര്‍ണായകം

കോഴിക്കോട്: ജൂണ്‍ 5നകം പുതിയ നിപാ കേസ് വന്നില്ലെങ്കില്‍ രോഗവ്യാപനം അവസാനിച്ചതായി കണക്കാക്കാമെന്ന് ആരോഗ്യ വകുപ്പ്. സംസ്ഥാന ആരോഗ്യ വകുപ്പ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വൈറസിന്റെ ഇന്‍കുബേഷന്‍ പിരീഡ് കണക്കാക്കിയാല്‍ രോഗത്തിന്റെ അടുത്ത ഇര ഉണ്ടെങ്കില്‍ അത് വരുന്ന അഞ്ചു ദിവസത്തിനകം പ്രത്യക്ഷമാവണം.
ജൂണ്‍ 5നകം പുതിയ കേസൊന്നും വന്നില്ലെങ്കില്‍ ഈ രോഗം അവസാനിച്ചതായി കണക്കാക്കാം. നമ്മെ സംബന്ധിച്ചിടത്തോളം അടുത്ത ഏതാനും ദിവസങ്ങള്‍ വളരെ പ്രധാനമായിരിക്കും. ശുഭപ്രതീക്ഷയോടെ കാത്തിരിക്കാമെന്നും ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 12 പേരില്‍ മൂന്നു പേര്‍ക്കും തിരുവനന്തപുരത്ത് ചികില്‍സയില്‍ ഉണ്ടായിരുന്ന മലപ്പുറം സ്വദേശിക്കും നിപാ ബാധയില്ലെന്ന് സ്ഥിരീകരിച്ചതും രോഗം സ്ഥിരീകരിച്ച നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ നിലയില്‍ പുരോഗതിയുണ്ടായതും ആശ്വാസത്തിനു കാരണമായിട്ടുണ്ട്. ഇതുവരെ രക്തസാംപിളുകള്‍ പരിശോധിച്ചതില്‍ 16 പേര്‍ക്കേ നിപാ ബാധ സ്ഥിരീകരിച്ചിട്ടുള്ളൂ.
അതിനിടെ, രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് കനത്ത മഴ തടസ്സമാവുന്നു. നിപാ വൈറസിന്റെ  ഉറവിടമാവാന്‍ സാധ്യതയുള്ളതായി കരുതുന്ന വവ്വാലുകളെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ഇവയുടെ വിസര്‍ജ്യങ്ങളും സ്രവങ്ങളും പുലര്‍ച്ചെയാണ് ശേഖരിച്ചുവരുന്നത്. മൂന്നു ദിവസമായി പുലര്‍ച്ചെ പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴ മൂലം പൂനെയില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് ഇവ ശേഖരിക്കാനാവുന്നില്ല.
അതേസമയം, നിപാ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കോഴിക്കോട് പാലാഴി സ്വദേശി എബിനാണ് (26) മരിച്ചത്. ഇതോടെ നിപാ ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. നിപാ സ്ഥിരീകരിച്ച രണ്ടു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലുണ്ട്.
എബിന്റെ മൃതദേഹം ഇന്നലെ വൈകീട്ട് 6 മണിയോടെ മാവൂര്‍ റോഡ് ശ്മശാനത്തില്‍ പ്രത്യേക സുരക്ഷാ സംവിധാനത്തോടെയാണ് സംസ്‌കരിച്ചത്. മാതാവ് പ്രേമലത. സഹോദരി അമൃത. പാലാഴിയില്‍ ഓട്ടോ ഡ്രൈവറായിരുന്നു എബിന്‍.
Next Story

RELATED STORIES

Share it