thrissur local

നിപാ പനി രണ്ടാംഘട്ടം: ജില്ലയിലും ജാഗ്രതാ നിര്‍ദേശം

തൃശൂര്‍: നിപാ പനിയുടെ സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത. വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാവും. നിപാ പനി രണ്ടാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രത്യേക കരുതലിനൊപ്പം മറ്റ് മേഖലകളിലെ പനി ബാധകളും ഗൗരവത്തോടെ കാണണമെന്ന് നിര്‍ദേശമുണ്ട്.
നിപാ ബാധ സംശയിക്കുന്നവരുടെ സ്രവം ശേഖരിച്ച് പരിശോധനക്കയക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടി വരും. ഈ മേഖലകളില്‍ നിന്ന് നിരവധി പേര്‍ എത്തുമെന്നതിനാല്‍ ചേലക്കര കാളിയാറോഡ് പള്ളിയില്‍ ഇന്നലെ നടത്താനിരുന്ന സ്വലാത്ത് പ്രാര്‍ത്ഥന മാറ്റി വച്ചിരുന്നു. കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം , മുന്‍കരുതലിന്റെ ഭാഗമായാണിത്.
അതേസമയം നിപാ പനി സംബന്ധിച്ച് ജില്ലയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് പോലും പ്രതികരണത്തിന് വിലക്കുണ്ട്. നിപാ പനിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച പ്രത്യേക സെല്ലില്‍ നിന്ന് മാത്രമേ പനി സംബന്ധിച്ച നിര്‍ദേശങ്ങളും മുന്നറിയിപ്പും നല്‍കുകയുള്ളൂ. വ്യത്യസ്ത പ്രതികരണങ്ങളെ തുടര്‍ന്ന് ജനത്തിനുണ്ടാകുന്ന ആശങ്ക ഒഴിവാക്കാനാണിത്. നിപ പനി സംബന്ധിച്ച് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച നിരവധി പേരെ കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.








Next Story

RELATED STORIES

Share it