Flash News

നിതീഷിന്റെ പിന്തുണ എന്‍ഡിഎക്ക് ; പ്രതിപക്ഷ നിരയില്‍ വിള്ളല്‍



ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും ജെഡിയുവും പിന്തുണയ്ക്കും. പട്‌നയില്‍ ഇന്നലെ ചേര്‍ന്ന ജെഡിയു കോര്‍ കമ്മിറ്റി യോഗത്തിനു പിന്നാലെയാണു രാഷ്ട്രപതി സ്ഥാനത്തേക്ക് രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കിയത്. ഇതോടെ ബിജെപിയെ എതിര്‍ത്ത് രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള പ്രതിപക്ഷ ഐക്യനിരയില്‍ വിള്ളല്‍ വീണു. എന്നാല്‍, ഇക്കാര്യം ജെഡിയുവോ നിതീഷ്‌കുമാറോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പട്‌നയിലെ ഒന്ന് ആനിമാര്‍ഗിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിനു ശേഷം ജെഡിയു എംഎല്‍എ രത്‌നേഷ് സദ ഇക്കാര്യം ആദ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പാര്‍ട്ടി എംഎല്‍എമാരില്‍ നിന്നു വ്യക്തിപരമായി അഭിപ്രായം ആരാഞ്ഞതിനു ശേഷമാണ് നിതീഷ് കുമാര്‍ രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി എംഎല്‍എക്കു പുറമേ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ജെഡിയു മുതിര്‍ന്ന നേതാവും രാജ്യസഭ എംപിയുമായ ശരത് യാദവ് നിതീഷ് കുമാറിന്റെ നിലപാടിനെ പിന്തുണച്ചിട്ടില്ല.  പ്രതിപക്ഷ ഐക്യ നിരയില്‍  എന്‍എഡിഎക്ക് എതിരായി രാഷ്ട്രപതി സ്ഥാനാര്‍ഥി ഉണ്ടാവണമെന്നാണ് ശരത് യാദവിന്റെ നിലപാട്. രണ്ട് എംപിമാരും 71 എംഎല്‍എമാരുമുള്ള ജെഡിയുവിന്റെ പിന്തുണ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദിന് നിര്‍ണായകമാവും.  അതേസമയം,  പ്രതിപക്ഷ നിരയുടെ ഒപ്പം നില്‍ക്കണമെന്ന് നിതീഷ് കുമാറിനോട് കോണ്‍ഗ്രസ് പൊളിറ്റിക്കല്‍ സെക്രട്ടറി അഹ്മദ് പട്ടേലും അഭ്യര്‍ഥിച്ചിരുന്നു. പട്‌നയില്‍ കോണ്‍ഗ്രസ് നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനെത്തിയ ഗുലാം നബി ആസാദ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ കണ്ടും ചര്‍ച്ച നടത്തിയിരുന്നു. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കണമെന്നു കഴിഞ്ഞ ഏപ്രിലില്‍ കോണ്‍ഗ്രസ് അധ്യക്ഷയോട് ഫോണില്‍ സംസാരിച്ച നിതീഷ്‌കുമാര്‍ ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷം രണ്ടു ദിവസം മുമ്പും സോണിയയുമായി ഫോണില്‍ സംസാരിച്ച നിതീഷ്‌കുമാര്‍ തനിക്കു ബിജെപിയുടെ സ്ഥാനാര്‍ഥിയെ പിന്തുണയ്‌ക്കേണ്ടി വരുമെന്ന കാര്യമാണ് അറിയിച്ചത്. ദലിത് വിഭാഗത്തില്‍ നിന്നൊരാള്‍ രാഷ്ട്രപതി സ്ഥാനത്തേക്കു നില്‍ക്കുമ്പോള്‍ തങ്ങള്‍ക്ക് കണ്ണടച്ച് എതിര്‍ക്കാനാവില്ലെന്നാണ് ബിഎസ്പി നേതാവ് മായാവതിയുടെ നിലപാട്. അതിനിടെ, ശരത്  പവാറും എന്‍സിപിയും എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന സൂചനയാണുള്ളത്. സമാജ് വാദി പാര്‍ട്ടി ഇന്നത്തെ യോഗത്തിന് ശേഷം തീരുമാനം അറിയിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മുലായം സിങ് യാദവ് രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്നാണു വിവരം.
Next Story

RELATED STORIES

Share it