thiruvananthapuram local

നികുതി അപ്പീല്‍ കമ്മിറ്റി ചെയര്‍പേഴ്‌സണിനെതിരായ അഴിമതി ആരോപണം ;വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങി നഗരസഭ



തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ സ്വകാര്യ ബഹുനില മന്ദിരത്തിന് മാനദണ്ഡങ്ങള്‍ ലംഘിച്ച് നികുതിയിളവ് നല്‍കിയ നികുതി അപ്പീല്‍ കമ്മിറ്റി ചെയര്‍പേഴ്‌സണിന്റെ നടപടിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ സര്‍ക്കാരിനെ സമീപിക്കും. നികുതിയളവിലെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന രേഖകള്‍ മേയറുടെ നേതൃത്വത്തില്‍ പരിശോധിച്ചുവരികയാണ്. അടുത്തദിവസം തന്നെ നഗരസഭ ഇതുസംബന്ധിച്ച് സര്‍ക്കാരിനു ഔദ്യോഗികമായി പരാതി നല്‍കും. അഴിമതി യഥാസമയം റിപ്പോര്‍ട്ട് ചെയ്തില്ലെന്ന കുറ്റത്തിന് സെക്ഷന്‍ ക്ലാര്‍ക്കിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിജെപി കൗണ്‍സിലര്‍ ചെയര്‍പേഴ്‌സനായ നികുതി- അപ്പീല്‍ കമ്മിറ്റി 167 തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഇവയെല്ലാം അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നാണ് ആവശ്യം. ചില പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കും അനധികൃതമായി ഇളവ് നല്‍കിയിട്ടുണ്ടെന്നും  പരാതി ഉയര്‍ന്നിരിക്കുകയാണ്. അതേസമയം ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ കഴിയാതെ അപ്പീല്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിമി ജ്യോതിഷും ബിജെപിയും പ്രതിരോധത്തിലായിരിക്കുകയാണ്. നിലവില്‍ ആരോപണങ്ങള്‍ മറുപടി നല്‍കാതെ കോര്‍പറേഷന്‍ നടപടികള്‍ ബഹിഷ്‌ക്കരിക്കാനാണ് ബിജെപി പ്രതിനിധികള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ മേയര്‍ വിളിച്ചുചേര്‍ത്ത സര്‍വ കക്ഷിയോഗത്തില്‍നിന്നും ബിജെപി കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നു. തങ്ങള്‍ക്കെതിരേ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിനാല്‍ സര്‍വകക്ഷിയോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതായി രേഖാമൂലം മേയര്‍ക്ക് കത്തുനല്‍കുകയും ചെയ്തു. ബിജെബി കൗണ്‍സിലര്‍ സിമി ജ്യോതിഷ് അധ്യക്ഷയായ നികുതി-അപ്പീല്‍കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന് അനധികൃതമായി നികുതിയിളവ് നല്‍കിയത്. നഗരസഭാ കൗണ്‍സിലിനേയും സെക്രട്ടറിയേയും മറികടന്നാണ് സിമി ജ്യോതിഷ് ഉത്തരവിറക്കിയത്. നഗരസഭയ്ക്ക് 4.92 കോടി രൂപയുടെ നഷ്ടംവരുത്തിയ നടപടിയിലൂടെ ബിജെപി കൗണ്‍സിലര്‍മാര്‍ക്കും ജില്ലാ സംസ്ഥാന നേതാക്കള്‍ക്കും ലക്ഷങ്ങളുടെ പങ്ക് ലഭിച്ചതായുമാണ് എല്‍ഡിഎഫിന്റെ ആരോപണം.
Next Story

RELATED STORIES

Share it