Flash News

നികത്താതെ 3000 ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികകള്‍



കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: പുതിയ അധ്യയനവര്‍ഷം ആരംഭിക്കാറായിട്ടും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഒഴിവുള്ള അധ്യാപക തസ്തികകള്‍ നികത്താന്‍ നടപടിയായില്ല. അതിനാല്‍ തന്നെ ഈ വര്‍ഷവും പ്ലസ്ടു സ്‌കൂളുകളിലെ അധ്യാപനം താളംതെറ്റുമെന്ന് തീര്‍ച്ച. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 2014-15 കാലഘട്ടത്തില്‍ ഹയര്‍ സെക്കന്‍ഡറികളായി ഉയര്‍ത്തിയ സ്‌കൂളുകളിലെ അധ്യാപക തസ്തികകളാണു ഭൂരിപക്ഷവും ഒഴിഞ്ഞുകിടക്കുന്നത്. അന്നുമുതല്‍ ദിവസക്കൂലിക്കും മറ്റു സ്‌കൂളുകളില്‍ നിന്നു കടംവാങ്ങിയുമാണ് ഈ സ്‌കൂളുകളിലെ അധ്യാപനം മുന്നോട്ടുപോയിരുന്നത്. ഈ തസ്തികകള്‍ നികത്തുന്ന കാര്യത്തില്‍ യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നാണ് അധ്യാപകരുടെ പരാതി. കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് 2,650 തസ്തികകളാണ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒഴിഞ്ഞുകിടക്കുന്നത്. ഈവര്‍ഷം പുതിയ ബാച്ചുകള്‍ കൂടി അനുവദിക്കുന്നതോടെ ഒഴിവുകളുടെ എണ്ണം 3000 കടക്കുമെന്നാണ് ഏകദേശ കണക്ക്. ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്തികകള്‍ നികത്തേണ്ടത് പിടിഎ കമ്മിറ്റികളാണെന്നാണ് അലിഖിത നിയമം. അതിനാല്‍ തന്നെ പിടിഎ കമ്മിറ്റികള്‍ പണം കണ്ടെത്തിയാണു താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്ന അധ്യാപകര്‍ക്കു ശമ്പളം നല്‍കുന്നത്. അഡീഷനല്‍ ഡിവിഷന്‍ ഒഴിവുകള്‍, അണ്‍ എക്കണോമിക് സ്‌കൂളുകളിലെ ഒഴിവുകള്‍ എന്നിവയൊന്നും നികത്താനോ റിപോര്‍ട്ട് ചെയ്യാനോ പോലും വിദ്യാഭ്യാസവകുപ്പ് താല്‍പര്യ—മെടുക്കുന്നില്ലെന്ന പരാതിക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പഠന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സംഘടനകള്‍ സമരവും സമ്മര്‍ദവും ചെലുത്തിയിട്ടും ഫലമുണ്ടായിട്ടില്ല. അധ്യാപക തസ്തിക നിര്‍ണയം ഈ വര്‍ഷത്തേക്കുള്ളത് ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നതും പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു.   മാനേജ്‌മെന്റ് സ്‌കൂളുകളില്‍ കുട്ടികള്‍ കുറഞ്ഞതിനാല്‍ തസ്തിക നഷ്ടമാവുന്ന അധ്യാപകരെ മറ്റു സ്‌കൂളുകളില്‍ പുനര്‍വിന്യസിക്കാന്‍ വ്യവസ്ഥയുണ്ടെങ്കിലും അതും നടപ്പാവുന്നില്ല.
Next Story

RELATED STORIES

Share it