kannur local

നാവിക അക്കാദമി മാലിന്യപ്രശ്‌നം രണ്ടുവര്‍ഷത്തിനകം പരിഹരിക്കും

പയ്യന്നൂര്‍: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ഏഴിമല നാവിക അക്കാദമി സന്ദര്‍ശിക്കുന്ന വേളയില്‍ രാമന്തളി നിവാസികള്‍ മാലിന്യവിരുദ്ധ പ്രക്ഷോഭം ശക്തമാക്കിയിരിക്കെ വീണ്ടും ഒത്തുതീര്‍പ്പ് നീക്കവുമായി നാവിക അധികൃതര്‍. അക്കാദമിയുടെ പ്ലാന്റില്‍നിന്നുള്ള മലിനജല പ്രശ്‌നം രണ്ടു വര്‍ഷത്തിനകം പൂര്‍ണമായും പരിഹരിക്കുമെന്നും നിലവിലെ പ്ലാന്റ് നിര്‍ജീവമാക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മാലിന്യവിരുദ്ധ സമരം നടത്തുന്ന ജനാരോഗ്യ സംരക്ഷണ സമിതിക്ക് ഉറപ്പുനല്‍കി.
നേരത്തെ 90 ദിവസം നീണ്ട സമരത്തിനൊടുവില്‍ ഉണ്ടാക്കിയ കരാര്‍ അധികൃതര്‍ ലംഘിച്ചിരുന്നു. ഇതിനെതിരേ  സമരസമിതി ഇന്നലെ വഞ്ചനാദിനം ആചരിച്ചു. അക്കാദമി ഡെപ്യൂട്ടി കമാന്‍ഡന്റ് റിയര്‍ അഡ്മിറല്‍ പുനീത് ചദ്ധയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മലിനബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തി. നാട്ടുകാരുടെ ദുരിതങ്ങള്‍ വിലയിരുത്തിയ ശേഷം നാവിക അക്കാദമിയില്‍ സമരസമിതി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് രണ്ടുവര്‍ഷം കൊണ്ട് മാലിന്യപ്രശ്‌നം പൂര്‍ണമായും പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയത്.
കഴിഞ്ഞ വര്‍ഷം കരാര്‍ ഉണ്ടാക്കിയിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഭരണാനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളാണ് തുടര്‍നടപടികള്‍ വൈകാന്‍ കാരണമെന്ന് ഡെപ്യൂട്ടി കമാന്‍ഡന്റ് വ്യക്തമാക്കി. 0.6 എംഎല്‍ഡി സംഭരണശേഷിയുള്ള പുതിയ  പ്ലാന്റിന്റെ ടെന്‍ഡര്‍ പൂര്‍ത്തിയായി. ഇതിന്റെ നിര്‍മാണം ഒരുവര്‍ഷത്തിനകം  പൂര്‍ത്തിയാവും. ഇതോടെ നിലവിലെ പ്ലാന്റിലെ പകുതി മാലിന്യങ്ങള്‍ കുറയും.
ഇതോടൊപ്പം 0.3 എംഎല്‍ഡി സംഭരണ ശേഷിയുള്ള രണ്ടു പ്ലാന്റിന് കൂടി വൈകാതെ ഭരണാനുമതി ലഭിക്കും. ഇവ ഒന്നര വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാവും. രണ്ടുവര്‍ഷം കൊണ്ട് മാലിന്യപ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്നും അധികൃതര്‍ രേഖാമൂലം ഉറപ്പുനല്‍കി.  ഇതേ കാലയളവില്‍ തന്നെ കഴിഞ്ഞ കരാറില്‍ പറഞ്ഞ പ്ലാന്റ് വികേന്ദ്രീകരണ പ്രവൃത്തികള്‍ നടത്തും.
പ്ലാന്റിന്റെ പൈപ്പുലൈനിന്റെ ചോര്‍ച്ച പരിഹരിച്ചതായും ഡെപ്യൂട്ടി കമാന്‍ഡന്റ് വ്യക്തമാക്കി. എംഇഎസ് ചീഫ് എന്‍ജിനീയര്‍ കേണല്‍ അമന്‍ വസിഷ്ഠ്, കമാന്‍ഡിങ് ഓഫിസര്‍ കമലേഷ്‌കുമാര്‍, പിആര്‍ഒ ആര്‍ ജി അജിത്ത്, ജനാരോഗ്യ സംരക്ഷണ സമിതി ചെയര്‍മാന്‍ ആര്‍ കുഞ്ഞികൃഷ്ണന്‍, കണ്‍വീനര്‍ കെ പി രാജേന്ദ്രന്‍, പി കെ നാരായണന്‍, വിനോദ്കുമാര്‍ രാമന്തളി, സുനില്‍ രാമന്തളി, കെ എം അനില്‍കുമാര്‍, സുധേഷ് പൊതുവാള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it