ernakulam local

നാളെ ബിഒടി പാലത്തിലേക്ക് മല്‍സ്യത്തൊഴിലാളികള്‍ മാര്‍ച്ച് നടത്തും

മട്ടാഞ്ചേരി: കഴിഞ്ഞ ആറ് ദിവസമായി അധികൃതര്‍ക്ക് കടുത്ത തലവേദന സൃഷ്ടിച്ച് ചെല്ലാനം ദുരിതാശ്വാസ ക്യാമ്പില്‍ നടന്ന് വന്ന മല്‍സ്യതൊഴിലാളികളുടെ സമരം ഒത്ത് തീര്‍പ്പാക്കിയപ്പോള്‍ ഉടന്‍ വരുന്നു മറ്റൊരു സമരം. സൗദി ഇടവക വികാരി ഫാ. സാംസണ്‍ ആഞ്ഞിലിപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് ഒരു സംഘം വികാരിമാര്‍ സമര മുഖത്തെത്തിയിട്ടുള്ളത്. ചെല്ലാനം ദുരിതാശ്വാസ ക്യാംപില്‍ നടന്ന് വന്ന സമരം ഒത്ത് തീര്‍ന്നതില്‍ തങ്ങള്‍ക്ക് വിയോജിപ്പുണ്ടെന്ന് ഇവര്‍ തോപ്പുംപടിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദ്രോണാചാര്യ മാതൃകയില്‍ പുലിമുട്ടുകള്‍ കെട്ടി ഫോര്‍ട്ട്‌കൊച്ചി മുതല്‍ ചെല്ലാനം വരെയുള്ള തീരമേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം തുടരാനാണ് ഇവരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ചെല്ലാനം മുതല്‍ ഫോര്‍ട്ട്‌കൊച്ചി വരെയുള്ള ഇടവകകളില്‍ നിന്നുള്ള വൈദികരും വിശ്വാസികളും ഇതര മതസ്ഥരും അടങ്ങുന്ന ആയിരങ്ങള്‍ നാളെ രാവിലെ 10ന് തോപ്പുംപടി ബിഒടി പാലത്തിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഇവര്‍ അറിയിച്ചു. മാര്‍ച്ചില്‍ ആലപ്പുഴ, കൊച്ചി രൂപതയിലെ മത മേലധ്യക്ഷന്‍മാരും സമുദായ നേതാക്കളും പങ്കെടുക്കും. പുലിമുട്ട് നിര്‍മാണത്തിന് പുറമേ തീരദേശ സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുന്ന മല്‍സ്യതൊഴിലാളികള്‍ക്ക് വീട് വെക്കാനും താമസിക്കാനുമുള്ള തടസ്സങ്ങള്‍ നീക്കുക, ദുരന്തത്തിനിരയായ ചെല്ലാനം പ്രദേശവാസികള്‍ക്കും മറ്റുള്ളവര്‍ക്കും ന്യായമായ നഷ്ട പരിഹാരം നല്‍കുക, വീടുകള്‍ വാസയോഗ്യമാക്കുക, മരിച്ച എല്ലാ മല്‍സ്യതൊഴിലാളികള്‍ക്കും കാല്‍ കോടി വീതം നഷ്ട പരിഹാരം നല്‍കുകയും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, സെന്റ് ജോണ്‍ പാട്ടം പ്രദേശം ഉള്‍പ്പെടെയുള്ള മല്‍സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുക, തീരദേശ സംരക്ഷണ സേനയില്‍ കൂടുതല്‍ മല്‍സ്യതൊഴിലാളികളെ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നു.
Next Story

RELATED STORIES

Share it