നാളെ തിരശ്ശീലവീഴും; ഇന്ന് 66 ചിത്രങ്ങള്‍, അവസാന സ്‌ക്രീനിങ് കാണാന്‍ നെട്ടോട്ടം

ശ്രീജിഷ  പ്രസന്നന്‍

തിരുവനന്തപുരം: ചലച്ചിത്രമേളയുടെ ആറാം ദിനമായ ഇന്നലെ പ്രേക്ഷകര്‍ ഓടിയത് മികച്ച ചിത്രങ്ങളുടെ അവസാന സ്‌ക്രീനിങ് കാണാനായിരുന്നു. ആദ്യ പ്രദര്‍ശനങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തിയെന്ന് പേരുകേട്ട പല ചിത്രങ്ങളുടെയും സ്‌ക്രീനിങ് ഇന്നലെ തീര്‍ന്നിരുന്നു. ഇവയില്‍ ചിലതൊക്കെ ഒരേസമയം പ്രദര്‍ശിപ്പിച്ചതിനാല്‍ എല്ലായിടവും ഓടിയെത്താന്‍ പലര്‍ക്കുമായില്ല. അവസാനദിനങ്ങള്‍ അടുത്തെങ്കിലും അതിന്റെ ആലസ്യത്തിലൊന്നുമല്ല സ്‌ക്രീനിങ് നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. അനിമേഷന്‍ ചിത്രങ്ങള്‍ക്കു മാത്രമാണ് പൊതുവേ പ്രേക്ഷകര്‍ തണുത്ത പ്രതികരണം നല്‍കുന്നത്. മലയാളം ഉള്‍പ്പെടെയുള്ള മറ്റു ചിത്രങ്ങള്‍ കാണാന്‍ ഇന്നലെയും നീണ്ട നിരതന്നെയായിരുന്നു. ഡെലിഗേറ്റ് പാസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഗൗരവകരമായി സിനിമ കാണുന്നവര്‍ക്ക് സഹായകമായെന്ന വിലയിരുത്തലും പ്രേക്ഷകര്‍ നടത്തിയിട്ടുണ്ട്. ന്യൂട്ടണ്‍, പോമഗ്രനറ്റ് ഓര്‍ച്ചേഡ്, ദി യങ് കാള്‍ മാര്‍ക്‌സ്,  കാള്‍ മീ ബൈ യുവര്‍ നെയിം എന്നിവ കാണാന്‍ സീറ്റ് കിട്ടാതെ നിരവധിപ്പേര്‍ നിരാശരായി. രവി ജാദവ് സംവിധാനം ചെയ്ത വിവാദ ഇന്ത്യന്‍ ചിത്രം ന്യൂഡ് ഇന്നലെയും പ്രദര്‍ശിപ്പിക്കാനായില്ല. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാവാത്തതിനാലാണ് ചിത്രം മാറ്റിവച്ചത്. പകരം മലയാളി സംവിധായിക ഗീതു മോഹന്‍ദാസിന്റെ ലയേഴ്‌സ് ഡൈസ് പ്രദര്‍ശിപ്പിച്ചു. ലോകസിനിമാ വിഭാഗത്തില്‍ ഉള്‍പ്പെട്ട ചിത്രങ്ങള്‍ക്കായിരുന്നു ഇന്നലെ പ്രേക്ഷകര്‍ ഏറെയും പ്രാധാന്യം നല്‍കിയത്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ തീഷ്ണത വെളിപ്പെടുത്തുന്ന ജര്‍മന്‍ ചിത്രം ഫ്രീഡം, കൗമാരപ്രായക്കാരിയായ പെണ്‍കുട്ടിയുടെ ആകുലതകള്‍ പങ്കുവയ്ക്കുന്ന നോര്‍വേ ചിത്രം വാട്ട് വില്‍ പീപ്പിള്‍സ് സെ, അല്‍ബേനിയന്‍ ചിത്രം ഡെ ബ്രേക്ക്, പോര്‍ച്ചുഗല്‍ ചിത്രം നത്തിങ് ഫാക്ടറി എന്നിവ മികച്ചവയെന്ന് വിലയിരുത്തലുണ്ടായി. മേളയില്‍ ഇന്ന് 66 ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത്. പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളുടെ പുനപ്രദര്‍ശനം ഉള്‍പ്പെടെയാണിത്. റഷ്യന്‍ ചിത്രം ലവ്‌ലെസ്, ഉദ്ഘാടനചിത്രമായ ദ ഇന്‍സള്‍ട്ട് എന്നിവയുടെയും ഇസ്രായേല്‍ ചിത്രം ഷെല്‍ട്ടര്‍, ശ്രീലങ്കന്‍ ചിത്രം വൈഷ്ണവി, ഫിലിപ്പീന്‍സ് ചിത്രം ദ വുമണ്‍ ഹു ലെഫ്റ്റ് എന്നീ ലോകസിനിമാ വിഭാഗത്തിലെ ഭൂരിഭാഗം ചിത്രങ്ങളും അവസാന പ്രദര്‍ശനം ഇന്നാണ്. അങ്കമാലി ഡയറീസ്, മറവി തുടങ്ങി നാല് ചിത്രങ്ങള്‍ മലയാള സിനിമാ വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. ജാപ്പനീസ് അനിമേഷന്‍ വിഭാഗത്തില്‍ അവസാന പ്രദര്‍ശനത്തിനെത്തുന്ന ചിത്രം ദ വിന്‍ഡ് റൈസസ് ആണ് ഇന്നത്തെ മറ്റൊരു ആകര്‍ഷണം. 34 ചിത്രങ്ങളാണ് ലോകസിനിമാ വിഭാഗത്തില്‍ ഇന്നുള്ളത്. സ്മൃതി പരമ്പരയില്‍ അലക്‌സാണ്ടര്‍ സൊകുറോവിന്റെ ഫാദര്‍ ആന്റ് സണ്‍, റഷ്യന്‍ ആര്‍ക്ക്, മദര്‍ ആന്റ് സണ്‍ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ജൂറി ഫിലിംസില്‍ ടി വി ചന്ദ്രന്റെ ഡാനിയുടെ അവസാന പ്രദര്‍ശനവും ഹോമേജ് വിഭാഗത്തില്‍ കെ ആര്‍ മോഹനന്റെ പുരുഷാര്‍ഥവും ഇന്ന് കാണാം. നാളെ ശേഷിക്കുന്നത് 25 സിനിമകള്‍ മാത്രമാണ്. ഇതിനു പുറമെ സുവര്‍ണചകോരം ലഭിക്കുന്ന ചിത്രം അവാര്‍ഡ് ദാനത്തിനു ശേഷം പ്രദര്‍ശിപ്പിക്കും.
Next Story

RELATED STORIES

Share it