kannur local

നാളെ കീഴാറ്റൂരില്‍ നിന്ന് കണ്ണൂരിലേക്ക് ബഹുജന മാര്‍ച്ച്

കണ്ണൂര്‍: അശാസ്ത്രീയമായ ദേശീയപാത വികസനത്തിനെതിരേ കണ്ണൂര്‍ ജില്ലയിലെ വിവിധ മേഖലകളില്‍ പ്രക്ഷോഭത്തിലുള്ളവര്‍ പുതിയ സമരമുഖം തുറക്കുന്നു. വയല്‍ക്കിളികള്‍, തുരുത്തി കര്‍മസമിതി, കോട്ടക്കുന്ന് സമരസമിതി, അത്താഴക്കുന്ന് കര്‍മസമിതി തുടങ്ങിയ സംഘടനകളെ ഒരു കുടക്കീഴില്‍ അണിനിരത്തുകയാണ് ലക്ഷ്യം. ഐക്യദാര്‍ഢ്യവുമായി ജില്ലയിലെ വിവിധ പരിസ്ഥിതി, ദലിത്, പൗരാവകാശ സംഘടനകള്‍ ഉണ്ടാവും.
ഇതിന്റെ ഭാഗമായി കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ നാളെ കീഴാറ്റൂരില്‍നിന്ന് കണ്ണൂരിലേക്ക് ബഹുജന മാര്‍ച്ചും വൈകീട്ട് ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ കഞ്ഞിവയ്പ് സമരവും സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ ഹാഷിം ചേന്ദമ്പിള്ളി ഉദ്ഘാടനം ചെയ്യും. കഞ്ഞിവയ്പ് സമരം എന്‍ഡോസള്‍ഫാന്‍വിരുദ്ധ സമര നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ പ്രതിനിധികള്‍ സംബന്ധിക്കും.
ത്രിഡി നോട്ടിഫിക്കേഷന്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുക, അശാസ്ത്രീയ അലൈന്‍മെന്റ് പുനര്‍നിര്‍ണയിക്കുക, ദേശീയപാത സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ത്രിഡി നോട്ടിഫിക്കേഷന്‍ മെയ് 30നകം പൂര്‍ത്തിയാക്കുമെന്ന ജില്ലാ ഭരണകൂടത്തിന്റെ പ്രഖ്യാപനം അപലപനീയമാണെന്ന് ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളുടെ ദുരിതം മനസ്സിലാക്കാതെ  സേച്ഛാധിപത്യപരമായ നിലപാട് സ്വീകരിക്കുന്നവര്‍ വരും കാലങ്ങളില്‍ വന്‍ ദുരിതമാണ് അനുഭവിക്കുകയെന്ന് വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. കീഴാറ്റൂരില്‍ നാലുപേരാണ് സമരം ചെയ്യുന്നതെന്ന് പലരും പ്രചരിപ്പിച്ചു. എന്നാല്‍ കീഴാറ്റൂരുകാരെയും വസ്തുത കൃത്യമായി മനസ്സിലാക്കിയവരെയും ഇത്തരം പ്രചാരണം കൊണ്ട് തെറ്റിദ്ധരിപ്പിക്കാനാവില്ല.
എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ എക്കാലവും ഉപയോഗിക്കുന്ന തന്ത്രം തന്നെയാണ് ചിലര്‍ ഇപ്പോഴും പയറ്റുന്നത്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളുടെ വ്യാപനമുള്ള ഇക്കാലത്ത് എല്ലാവരെയും വഞ്ചിക്കാന്‍ കഴിയില്ലെന്ന് കീഴാറ്റൂര്‍ സമരത്തിലൂടെ വ്യക്തമായതാണ്. കീഴാറ്റൂര്‍ സമരം തുടര്‍ന്നുകൊണ്ടേയിരിക്കും. അതിന്റെ മറ്റൊരു ഘട്ടമാണ് നാളെ നടക്കുന്നത്. ഹരിതകവചം സൃഷ്ടിക്കുന്നവര്‍ കീഴാറ്റൂരിലൂടെ ഹരിതകവചത്തിന് തുളവീഴാതെ നോക്കണമെന്നും സുരേഷ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ നിഷില്‍കുമാര്‍, എന്‍ എം കോയ, നജീബ് കടവത്ത് എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it