malappuram local

നാളികേര ഫെഡറേഷന്‍ ഓഫിസ് അടച്ചുപൂട്ടല്‍; പ്രതിഷേധം ശക്തം



കരുവാരകുണ്ട്: കിഴക്കേതലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന നാളികേര ഫെഡറേഷന്‍ ഓഫിസ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതില്‍ കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുന്നു. തെങ്ങൊന്നിന് അന്‍പതു രൂപ വീതം രജിസ്‌ട്രേഷന്‍ ഫീസായി ഈടാക്കിയ ലക്ഷക്കണക്കിന് രൂപ കര്‍ഷകര്‍ക്ക് എത്രയും വേഗം തിരിച്ചുനല്‍കണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യന്‍ താഴത്തേല്‍ ആവശ്യപ്പെട്ടു. പണം തിരിച്ചുനല്‍കാത്ത പക്ഷം കര്‍ഷകര്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതേ ആവശ്യമുന്നയിച്ച് കാരുവാരകുണ്ട് സമഗ്ര സാംസ്‌ക്കാരിക വേദിയും ജനതാദള്‍ (യു)വും ബിജെപി പഞ്ചായത്ത് കമ്മിറ്റിയും രംഗത്തെത്തി. സംസ്ഥാനത്തെ തെങ്ങു കൃഷി വികസനത്തിനും കര്‍ഷകരുടെ ക്ഷേമത്തിനുംവേണ്ടി കേന്ദ്ര സര്‍ക്കാര്‍ എറണാകുളം കേന്ദ്രമായി സ്ഥാപിച്ച നാളികേരഫെഡറേഷനു കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കരുവാരകുണ്ടിലെ ബ്രാഞ്ചാണ് കര്‍ഷകരറിയാതെ നിര്‍ത്തലാക്കിയത്. തെങ്ങുകൃഷി വികസനത്തിനു വേണ്ടി വര്‍ഷത്തില്‍ രണ്ടു തവണ ഓരോ തെങ്ങിനും ആവശ്യമായി വേണ്ടിവരുന്ന രാസവളം, കാല്‍സ്യം തുടങ്ങിയവ കേന്ദ്ര സര്‍ക്കാരിന്റെ ചിലവില്‍ ഫെഡറേഷനു കീഴിലെ സൊസൈറ്റികളില്‍ എത്തിച്ച് കര്‍ഷകര്‍ക്ക് ഇവ സൗജന്യമായി നല്‍കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഫെഡറേഷനു കീഴിലെ സൊസൈറ്റികള്‍ വഴി രണ്ടു തവണ വളം വിതരണം നടത്തിയെങ്കിലും ഭൂരിപക്ഷം കര്‍ഷകര്‍ക്കും ഒരു തവണ മാത്രമാണ് വളം ലഭിച്ചത്. തെങ്ങൊന്നിന് അന്‍പതു രൂപ വീതം രജിസ്‌ട്രേഷന്‍ ഫീസെന്ന പേരില്‍ വന്‍ തുക ഫെഡറേഷന്‍ നടത്തിപ്പുകാര്‍ കര്‍ഷകരില്‍ നിന്നു കൈപറ്റുകയും ചെയ്തു. എന്നാല്‍, ഈ തുക എവിടെ നിക്ഷേപിച്ചുവെന്ന ചോദ്യത്തിന് ഭാരവാഹികള്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലന്നും കര്‍ഷകര്‍ പറയുന്നു. കൂടാതെ വളം ഇറക്കുകൂലിയിനത്തിലും വന്‍തുക ഭാരവാഹികള്‍ ഈടാക്കിയതായും കര്‍ഷകര്‍ക്കിടയില്‍ പരാതിയുണ്ട്. ഓരോ സൊസൈറ്റിയുടെയും കീഴില്‍ രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് കര്‍ഷകരാണ് ഇതേ തുടര്‍ന്ന് വഞ്ചിതരായത്. കര്‍ഷകരില്‍ നിന്നു വാങ്ങിയ തുക ഫെഡറേഷന്‍ ഭാരവാഹികള്‍ തിരിച്ചുനല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it