wayanad local

നാലുവര്‍ഷം പിന്നിട്ടിട്ടും പദ്ധതി ലക്ഷ്യത്തിലെത്തിയില്ല

മാനന്തവാടി: അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി മാവോവാദികള്‍ വേരുറപ്പിക്കുന്നതു തടയാന്‍ ആവിഷ്‌കരിച്ച തൊണ്ടര്‍നാട് പാക്കേജില്‍ അനുവദിച്ച തുകയില്‍ പകുതിയിലധികവും ഇനിയും ചെലവഴിച്ചില്ല. തൊണ്ടര്‍നാട് പഞ്ചായത്തിലെ 12 ആദിവാസി കോളനികളില്‍ വികസനമെത്തിക്കുന്നതിനായി മുന്‍ സര്‍ക്കാര്‍ 2013ല്‍ കൊണ്ടുവന്ന പദ്ധതിയിലെ പ്രവൃത്തികളാണ് എങ്ങുമെത്താത്തത്.
2015 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കണമെന്നു നിര്‍ദേശിച്ച് ബ്ലോക്ക് പഞ്ചായതിനെ ഏല്‍പ്പിച്ച അഞ്ചുകോടി രൂപയില്‍ നാലുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ 2,52,70,899 രൂപ മാത്രമാണ് ചെലവഴിച്ചത്. നേരത്തെ പട്ടികവര്‍ഗ വകുപ്പ് മുഖേന ചെലവഴിക്കാന്‍ തീരുമാനിച്ച പദ്ധതി പിന്നീട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനെ ഏല്‍പ്പിക്കുകയായിരുന്നു. വേനല്‍ക്കാലത്തെങ്കിലും വാഹനസൗകര്യത്തോടെ കോളനിയിലെത്താനുള്ള റോഡ്, താമസിക്കാന്‍ ചോര്‍ന്നൊലിക്കാത്ത വീട്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മാവോവാദികള്‍ ആദിവാസികള്‍ക്കിടയില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സംയോജിത സുസ്ഥിര വികസന വികസന പദ്ധതിയെന്ന പേരില്‍ മുന്‍ പട്ടികവര്‍ഗ ക്ഷേമമന്ത്രി മുന്‍കൈയെടുത്ത് പണമനുവദിച്ചത്. വികസനത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന തൊണ്ടര്‍നാട് പഞ്ചായത്തിലെ കോമ്പാറ, ചുരുളി, പന്നിപ്പാട്, ചാപ്പ, കാട്ടിമൂല കോളനികളിലെ അടിസ്ഥാന വികസനമാണ് ഇനിയും എങ്ങുമെത്താത്തത്.
കോളനികളില്‍ വികസനമെത്തണമെങ്കില്‍ റോഡ് സൗകര്യം പ്രാഥമികമായി വേണമെന്നതിനാല്‍ ആകെ അനുവദിക്കപ്പെട്ട അഞ്ചുകോടി രൂപയില്‍ ഒരുകോടി പതിനെട്ട് ലക്ഷം രൂപ റോഡ് നിര്‍മാണത്തിനായാണ് മാറ്റിവച്ചത്. കോമ്പാറ കോളനി- 25 ലക്ഷം, ചുരുളി- രണ്ട്, മരടി- 10, പെരിഞ്ചേരിമല-20, പന്നിപ്പാട്-25, ചാപ്പ- ഒരു ലക്ഷം, കാട്ടിമൂല- 15, മട്ടിലയം-അരിമല-20 ലക്ഷം എന്നിങ്ങനെയായിരുന്നു 9 റോഡുകള്‍ക്കായി മാറ്റിവച്ച തുക. ഇതില്‍ പ്രധാനപ്പെട്ട കോമ്പാറ, പന്നിപ്പാട്, കാട്ടിമൂല, ചാപ്പ എന്നീ റോഡുകളുടെ പ്രവൃത്തി വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ മൂന്നുവര്‍ഷം പണി നടത്താനായില്ല.
കഴിഞ്ഞ വര്‍ഷം വനംവകുപ്പ് അനുമതി നല്‍കിയെങ്കിലും കരാറുകാരന്‍ പ്രവൃത്തി തുടങ്ങിയിട്ടില്ല. റോഡുകളുടെ അവസ്ഥ ഇതാണെങ്കില്‍ വീടുകളുടെ അവസ്ഥ അതിലും ദയനീയമാണ്. പാക്കേജില്‍ ഉള്‍പ്പെട്ട 12 കോളനികളില്‍ ഇരുനൂറോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇതില്‍ പകുതിയലധികവും താമസയോഗ്യമായ വീടുകളില്ലാത്തവരാണ്. എന്നാല്‍, പദ്ധതിയില്‍ വീട് നിര്‍മാണത്തിനായി നീക്കിവച്ചത് ഒരുവീടിന് 3,97,000 രൂപ പ്രകാരം 31 വീടുകള്‍ക്ക് 1,23,07,000 രൂപയാണ്. രണ്ടുവര്‍ഷം കൊണ്ട് മേല്‍ക്കൂര പൂര്‍ത്തിയാക്കിയത്-4, ചുമര്‍കെട്ടി പൂര്‍ത്തിയാക്കിയത്-4, തറകെട്ടി പൂര്‍ത്തിയാക്കിയത്-2, അഡ്വാന്‍സ് തുക വാങ്ങിയത്-2 എന്നിങ്ങനെ 12 വീടുകള്‍ക്കു വേണ്ടി 20,60,000 രൂപ മാത്രമാണ് പാക്കേജില്‍ നിന്നു ചെലവഴിച്ചത്. 45 വീടുകള്‍ക്ക് കക്കൂസ് നിര്‍മിക്കാന്‍ 29,70,000 രൂപ നീക്കിവച്ചപ്പോള്‍ 11 പേര്‍ക്കായി 7,26,000 രൂപ മാത്രമാണ് ഇതിനോടകം ചെലവിട്ടത്.
അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി ചുരുളി ആഞ്ഞിലിയിലും കല്ലിങ്കല്‍ ഇട്ടിലാട്ടില്‍ കോളനിയിലും ഓരോ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കാന്‍ 21,50,000 രൂപ വകയിരുത്തിയതില്‍ 2,50,000 രൂപ ചെലവഴിച്ച് ഇട്ടിലാട്ടില്‍ കമ്മ്യൂണിറ്റി നിര്‍മിക്കുകയും വൈദ്യുതിക്ക് വേണ്ടി ഫണ്ടില്ലെന്നതിന്റെ പേരില്‍ മാസങ്ങള്‍ പിന്നിട്ടിട്ടും അടച്ചിട്ടിരിക്കുകയുമാണ്. ചുരുളിയില്‍ സ്ഥലം ലഭ്യമാവത്തതിന്റെ പേരില്‍ പദ്ധതി നിര്‍ത്തിവച്ചു. 2015 മാര്‍ച്ച് 31നു മുമ്പായി പൂര്‍ത്തിയാക്കുമെന്ന പറഞ്ഞ പ്രവൃത്തികളാണ് 2018 മാര്‍ച്ചായിട്ടും ആദിവാസികള്‍ക്ക് പ്രയോജനപ്പെടാതെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം നീണ്ടുപോവുന്നത്.
Next Story

RELATED STORIES

Share it