thrissur local

നാലുവരിപ്പാതകളില്‍ ലൈന്‍ ട്രാഫിക് തെറ്റിച്ചുള്ള അപകടങ്ങള്‍ പതിവാകുന്നു

തൃശൂര്‍: നാലുവരിപ്പാതകളില്‍ ലൈന്‍ ട്രാഫിക് തെറ്റിച്ചുള്ള അപകടങ്ങള്‍ പതിവാകുന്നു. നാലുവരിപ്പാതയിലെ ഗതാഗത നിയമത്തിനെക്കുറിച്ചുള്ള അറിവില്ലായ്മയും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പാലിയേക്കര മുതല്‍ അങ്കമാലി വരെയുള്ള നാലുവരിപ്പാതയുടെ കാര്യം തന്നെയെടുക്കാം. ഇരുഭാഗത്തേക്കും ഒന്നിലധികം ട്രാക്കുകളുണ്ട്. ഇതില്‍ ചിലര്‍ക്ക് ഇടതുവശമാണ് സ്പീഡ് ട്രാക്ക്. ചിലര്‍ക്ക് വലതുവശവും. ഒരു കൂട്ടര്‍ വലതുവശത്തെ ട്രാക്കിലൂടെ മാത്രം സഞ്ചരിക്കുന്നവരാണ്. യഥാര്‍ഥത്തില്‍ സ്പീഡ് ട്രാക്ക് വലതുവശത്തെ തന്നെയാണ്. പക്ഷേ ഓവര്‍ടേക്ക് ചെയ്യാനായി മാത്രം ഉപയോഗിക്കേണ്ടതാണിതെന്ന് മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. സ്പീഡ് ട്രാക്കിലൂടെ ഓവര്‍ടേക്ക് ചെയ്ത് കഴിഞ്ഞാലുടന്‍ ഇടതുവശത്തേക്ക് തന്നെ മാറണമെന്നാണ് നിയമം. വാഹനമോടിക്കുന്നവരില്‍ ഇത് സംബന്ധിച്ച് വ്യത്യസ്ത അറിവുള്ളത് അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തപ്പോള്‍ മറ്റൊരു നിയമം കൂടി കര്‍ശനമാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ റോഡരികിലിട്ട് വിവിധതരം കച്ചവടം ചെയ്യുന്നത് സംബന്ധിച്ചാണിത്. ഇതില്‍ ബിരിയാണി വില്‍ക്കുന്ന വാഹനങ്ങള്‍ മുതല്‍ താല്‍ക്കാലിക തട്ടുകടകളായി പ്രവര്‍ത്തിക്കുന്നവ വരെയുണ്ട്. മീനും പച്ചക്കറിയും പഴവും വില്‍ക്കുന്നവരുണ്ട്. ഇത്തരം വില്‍പനകള്‍ മോട്ടോര്‍ വാഹന നിയമ പ്രകാരം നിയമവിരുദ്ധമാണ്. നിയമത്തിലെ മറ്റൊരു ചട്ടം സംബന്ധിച്ചുള്ള പ്രചരണത്തില്‍ പക്ഷേ, മോട്ടോര്‍ വാഹനവകുപ്പിനും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മദ്യപിക്കരുതെന്നാണിത്. ഇത് ശ്രദ്ധിക്കേണ്ടത് ഡ്രൈവര്‍മാരുടെ ഉത്തരവാദിത്തമാണത്രേ. അമിതമായി മദ്യപിച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നിലവില്‍ വിമാനങ്ങളില്‍ യാത്രാവിലക്കുണ്ട്. കൊച്ചി മെട്രോയില്‍ മദ്യപിച്ചവരെ പ്രവേശിപ്പിക്കാറില്ല. സാധാരണ ട്രെയിനുകളിലെ നിയമവും ഇത് തന്നെയാണ്. പക്ഷേ വാഹനങ്ങളിലും ഈ നിയമം പ്രായോഗികമാകുന്നതെങ്ങനെയാണെന്നാണ് ഡ്രൈവറുടെ വാദം. ഇങ്ങനെയൊരു നിയമമുണ്ടെങ്കില്‍ ബാറിലിരുന്ന് മദ്യപിക്കുന്നവര്‍ കരുതിയിരിക്കേണ്ടി വരും. കാരണം നടന്ന് തന്നെ വീട്ടില്‍ പോകണം. മറിച്ച് വാഹനത്തിലായാല്‍ ഒരു പക്ഷെ നിയമവിരുദ്ധമായേക്കും.
Next Story

RELATED STORIES

Share it