നാലുകോടിയുടെ തട്ടിപ്പ്: രണ്ടുവര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

കൊച്ചി: കാസര്‍കോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ പേരില്‍ നാലു കോടിയുടെ തട്ടിപ്പ് നടത്തി വിദേശത്തേക്കു മുങ്ങിയ പ്രതി രണ്ടുവര്‍ഷത്തിനു ശേഷം പിടിയില്‍. തട്ടിപ്പ് കേസിലെ ആറാം പ്രതിയായ കീഴ്മാട് എരുമത്തല പുല്ലാട്ടുംചാലില്‍ വീട്ടില്‍ ഹസന്‍ ഇബ്രാഹിം (42) ആണ് വെള്ളിയാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലിസിന്റെ പിടിയിലായത്.
കാസര്‍കോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സിവി ഗ്ലോബിന്റെ ട്രേഡ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ പലതരത്തിലുള്ള വ്യവസായങ്ങള്‍ നടത്തുന്നുണ്ടെന്ന വ്യാജേനയാണ് ആലുവ ഈസ്റ്റ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട എടയപ്പുറം, കീഴ്മാട്, തോട്ടുമുഖം എന്നീ പ്രദേശങ്ങളിലെ ജനങ്ങളില്‍ നിന്നു നാലുകോടി രൂപ തട്ടിയെടുത്തു എന്നതാണ് കേസ്. വിദേശത്ത് ഒളിവിലായിരുന്ന ഇയാള്‍ക്കെതിരേ ആലുവ ഈസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ 2013ല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തങ്ങളുടെ സ്ഥാപനത്തിലേക്കു പണം നിക്ഷേപിച്ചാല്‍ ആ തുകയ്ക്ക് ആറുശതമാനം മുതല്‍ 10 ശതമാനംവരെ ലാഭവിഹിതം നല്‍കുമെന്നായിരുന്നു പ്രതികള്‍ പറഞ്ഞിരുന്നത്.
ഇയാളെ പിന്നീടു കോടതിയില്‍ ഹാജരാക്കി. ഈ കേസില്‍ ഇനിയും മൂന്നു പ്രതികളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് ആലുവ പ്രിന്‍സിപ്പല്‍ എസ്‌ഐ പി എ ഫൈസല്‍ പറഞ്ഞു. കേസില്‍ അന്വേഷണം തുടരുകയാണെന്നും എസ്‌ഐ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it