Middlepiece

നാറുന്നത് നരേന്ദ്രമോദിയുടെ പ്രതിച്ഛായ

നാറുന്നത് നരേന്ദ്രമോദിയുടെ പ്രതിച്ഛായ
X
slug-indraprasthamഎന്താണ് സമീപകാലത്ത് രാജ്യമെങ്ങും പടര്‍ന്നുപിടിച്ച ദേശാഭിമാനപ്രഘോഷണം കുറുവടിയും സൈക്കിള്‍ ചെയിനും മറ്റ് ആയുധങ്ങളുമായി തലസ്ഥാന നഗരിയിലെ കോടതിമുറികളിലും കടന്നുകയറിയതിന്റെ പിന്നിലെ ചേതോവികാരം? കോടതികള്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലത്തുപോലും നീതിനിര്‍വഹണത്തിനുള്ള മഹാസ്ഥാപനങ്ങളായാണ് കരുതപ്പെട്ടുവന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി പൗരാവകാശങ്ങള്‍ റദ്ദാക്കിയ കാലത്തുപോലും ആരും കോടതികളെ ആക്രമണങ്ങളുടെ വേദിയായി തിരഞ്ഞെടുത്തിരുന്നില്ല
അക്കാലത്ത് ഏറിവന്നാല്‍ രാഷ്ട്രീയത്തടവുകാര്‍ ബൂര്‍ഷ്വാ കോടതിക്കെതിരേ മുദ്രാവാക്യം വിളിക്കും. കോടതികളില്‍ തങ്ങള്‍ക്കു വിശ്വാസമില്ലെന്നു പ്രഖ്യാപിക്കും. എന്നിട്ട് മജിസ്‌ട്രേറ്റ് ഉത്തരവിടുന്ന ശിക്ഷ ബഹുമാനപുരസ്സരം ഏറ്റുവാങ്ങും. കോടതികളില്‍ വിശ്വാസമുള്ള കൂട്ടരാണെങ്കില്‍ അവര്‍ അപ്പീല്‍കോടതിയെ സമീപിക്കും. നക്‌സലൈറ്റ് സഖാക്കളൊക്കെയാണ് ഇങ്ങനെ കോടതികളെ വിപ്ലവപ്രവര്‍ത്തനവേദിയാക്കി മാറ്റിയിരുന്നത്.
നാഗ്പൂരിലെ കുറുവടി മഹാശയന്‍മാരുടെ ശിഷ്യഗണങ്ങളെ മാവോവാദി ഗണത്തില്‍ ഉള്‍പ്പെടുത്തുന്നതു ശരിയല്ലല്ലോ. ഭാരത മാതാജിയുടെ കോടതികള്‍ നീതിദേവതയുടെ അധിഷ്ഠാനമായാണ് സംഘികള്‍ സങ്കല്‍പിച്ചു വന്നിരുന്നത്. എന്നിട്ടും കോടതിമുറികളില്‍ കയറി അതിക്രമം നടത്താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ അവര്‍ തയ്യാറായി. സുപ്രിംകോടതിയില്‍പ്പോലും അതിലൊരു വിപ്ലവകാരി മുദ്രാവാക്യം വിളിച്ചുകളഞ്ഞു.
അപ്പോള്‍ ചോദ്യം, എന്താവും കോടതിയോടും നീതിന്യായവ്യവസ്ഥയോടുമുള്ള വെല്ലുവിളിയുടെ യഥാര്‍ഥ ചേതോവികാരം എന്നതു തന്നെ. കുറുവടിസംഘത്തിന് കോടതികളോടും ജനാധിപത്യത്തോടും ഭരണഘടനയോടും തരിമ്പും ബഹുമാനമില്ലെന്ന് തലയ്ക്കു വെളിവുള്ള എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. കോടതി തങ്ങളുടെ ആര്‍ഷബ്രാഹ്മണ മനുനീതിക്കു പകരം ലിബറല്‍ ജനാധിപത്യസംവിധാനത്തില്‍ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നു എന്നതാണ് അവരുടെ വിരോധത്തിനു കാരണം. പരമ്പരാഗത കുറ്റവിചാരണാരീതികളാണ് അവര്‍ക്കു പഥ്യം. തെളിവുനിയമത്തിനു പകരം കുറ്റം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈമുക്കിയാല്‍ കുശാലായി.
എന്നിരുന്നാലും കോടതികളിലെ കുതിരകയറ്റം പതിവു പരിപാടിയായിരുന്നില്ല. ഇന്ദ്രപുരിയിലെ കോടതികളില്‍ അതിക്രമം കാണിക്കുക മാത്രമല്ല, സുപ്രിംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനെ തടഞ്ഞുവയ്ക്കാനും ഭീഷണിപ്പെടുത്താനും ചിലര്‍ തയ്യാറായി.
അപ്പോള്‍ ഇതെല്ലാം ആരോ കൃത്യമായി ചരടുവലിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന പാവക്കൂത്താണെന്ന് എല്ലാവര്‍ക്കും പിടികിട്ടും. എന്തിനാണ് ലോകമാധ്യമങ്ങളുടെ കണ്‍മുന്നില്‍ ഇത്രയേറെ പ്രകോപനം സംഘികള്‍ സൃഷ്ടിക്കുന്നത് എന്ന ചോദ്യം സ്വാഭാവികം.
രണ്ടു വിശദീകരണമാണുള്ളത്. ഒന്ന്, ഹൈദരാബാദ് സര്‍വകലാശാലയില്‍ നടത്തിയ പേക്കൂത്ത് ഒരു ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയിലെത്തി. അതു രാജ്യമാകെ ഇവരുടെ നേരെ രോഷം ഉയരാനിടയാക്കി. ദലിതുകളെയും മുസ്‌ലിംകളെയും എങ്ങനെ ഉന്നത വിദ്യാഭ്യാസരംഗത്തുനിന്നു പുറത്താക്കാം എന്ന അജണ്ടയുടെ പ്രകടനമാണ് ഹൈദരാബാദില്‍ കണ്ടത്.
പക്ഷേ, അതു തിരിഞ്ഞുകുത്തി. അതിനാല്‍ സര്‍വകലാശാലകള്‍ മൊത്തം കുളമാക്കിക്കളയാം എന്ന പരിപാടി തയ്യാറാക്കിയതാണ് എന്ന് ഒരുപക്ഷമുണ്ട്. സര്‍വകലാശാലകള്‍ വേണ്ട. അവ പൂട്ടിക്കെട്ടണം. അപ്പോള്‍ ഇവറ്റകള്‍ എവിടെപോയി പഠിക്കും? നമ്മുടെ സ്വന്തം കുട്ടികള്‍ക്ക് വിദേശത്തുപോയി നല്ല തറവാടി സര്‍വകലാശാലകളില്‍ പഠിക്കാം.
രണ്ടാമതൊരു വിശദീകരണം, നരേന്ദ്രമോദിയുടെ ഭരണം വമ്പന്‍ പരാജയമായി മാറുകയാണ് എന്ന വസ്തുതയിലാണ് ഊന്നുന്നത്. കൊല്ലം രണ്ടായി ഭരണം തുടങ്ങിയിട്ട്. പക്ഷേ, രാജ്യത്തെ സ്ഥിതിയില്‍ ഒരിഞ്ചു മാറ്റമുണ്ടായിട്ടില്ല. വെറും ബഡായിപറച്ചിലല്ലാതെ നാട്ടിലെ യുവജനങ്ങള്‍ക്ക് തൊഴിലോ സാധാരണ ജനജീവിതത്തിന് എന്തെങ്കിലും ആശ്വാസമോ നല്‍കാന്‍ ഈ ഭരണത്തിനു കഴിഞ്ഞിട്ടില്ല. അച്ഛേ ദിന്‍ ആനെവാലെ ഹെ എന്നു പറഞ്ഞ പ്രധാനമന്ത്രി ഇപ്പോള്‍ അക്കാര്യമൊന്നും പറയുന്നില്ല.
അത്തരം അവസ്ഥയില്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇത്തരം വേലത്തരങ്ങള്‍ തന്നെ പറ്റിയ മറുമരുന്ന് എന്നു ചിലര്‍ ചിന്തിക്കുന്നതായും കേള്‍ക്കുന്നു. പക്ഷേ, അത് കാല്‍പ്പണം ചുണ്ടയ്ക്കാക്ക് മുക്കാല്‍പണം ചുമട്ടുകൂലി എന്ന മട്ടിലുള്ള പ്രതിവിധിയാണ്. ലോകസമൂഹത്തിനു മുന്നില്‍ നാറുന്നത് ഇന്ത്യയുടെ പ്രതിച്ഛായ മാത്രമല്ല; നരേന്ദ്രമോദിയുടേതു കൂടിയാണ്.
Next Story

RELATED STORIES

Share it